ആര്‍.ജെ.ഡി സ്ഥാനാര്‍ത്ഥിക്കൊപ്പം ഫോട്ടോയെടുത്ത് വൈറലായി; ബീഹാറില്‍ നാല് അധ്യാപകര്‍ക്കെതിരെ കേസ്
national news
ആര്‍.ജെ.ഡി സ്ഥാനാര്‍ത്ഥിക്കൊപ്പം ഫോട്ടോയെടുത്ത് വൈറലായി; ബീഹാറില്‍ നാല് അധ്യാപകര്‍ക്കെതിരെ കേസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 22nd May 2024, 10:39 pm

പാട്ന: ബീഹാറില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പെരുമാറ്റ ചട്ടം ലംഘിച്ചതിന് നാല് അധ്യാപകര്‍ക്കെതിരെ കേസ്. വാത്മീകി നഗറിലെ ആര്‍.ജെ.ഡി സ്ഥാനാര്‍ത്ഥി ദീപക് യാദവുമായി അധ്യാപകര്‍ ഫോട്ടോയെടുക്കയും അത് സമൂഹ മാധ്യമങ്ങളില്‍ അടക്കം ചര്‍ച്ചയാവുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നത്.

ബഗാഹ വിദ്യാഭ്യാസ ഓഫീസര്‍ വിജയ് കുമാര്‍ യാദവിന്റെ പരാതിയിലാണ് നടപടി. പത്തഖൗലി പൊലീസാണ് കേസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

പരാതിയില്‍ അന്വേഷണം തുടരുന്നതായി ബഗാഹ സബ് ഡിവിഷണല്‍ പൊലീസ് ഓഫീസര്‍ കുമാര്‍ ദേവേന്ദ്ര പറഞ്ഞു. അധ്യാപകര്‍ ദീപക് യാദവിനോടപ്പം തെരഞ്ഞെടുപ്പ് ഓഫീസില്‍ നില്‍ക്കുന്ന ഫോട്ടോയാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതെന്നും പൊലീസ് വ്യക്തമാക്കി.

സഞ്ജയ് കുമാര്‍, ഭോലാനാഥ് യാദവ്, വിനോദ് രാം പാസ്വാന്‍, സുനില്‍ കുമാര്‍ യാദവ് എന്നീ അധ്യാപകര്‍ക്കെതിരെയാണ് എഫ്.ഐ.ആര്‍ ചുമത്തപ്പെട്ടിരിക്കുന്നത്. ഇവര്‍ നാല് പേരും വിവിധ സ്‌കൂളുകളില്‍ നിന്നുള്ള അധ്യാപകരാണ്.

അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആരും വോട്ട് ചെയ്യരുതെന്ന് തന്റെ ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദേശം നല്‍കിയതിന് സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനായ ഹരേന്ദ്ര രാജക്കിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ബീഹാറിലെ കുര്‍ഹാനി വില്ലേജിലെ അമ്രാഖിലെ സര്‍ക്കാര്‍ സെക്കന്ററി സ്‌കൂളിലെ അധ്യാപകനാണ് ഹരേന്ദ്ര രാജക്ക്.

വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കളാണ് അധ്യാപകന്റെ നിര്‍ദേശം ശ്രദ്ധയില്‍പ്പെടുത്തിയതെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അജയ് കുമാര്‍ സിങ് അറിയിച്ചിരുന്നു.

Content Highlight: FIR against four teachers for violation of code of conduct in Bihar