ഗാസിപൂരില്‍ കൊല്ലപ്പെട്ട കര്‍ഷകന്റെ അമ്മയ്ക്കും സഹോദരനുമെതിരെ കേസെടുത്ത് പൊലീസ്; ദേശീയ പതാകയെ അപമാനിച്ചുവെന്ന് കുറ്റം
national news
ഗാസിപൂരില്‍ കൊല്ലപ്പെട്ട കര്‍ഷകന്റെ അമ്മയ്ക്കും സഹോദരനുമെതിരെ കേസെടുത്ത് പൊലീസ്; ദേശീയ പതാകയെ അപമാനിച്ചുവെന്ന് കുറ്റം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 5th February 2021, 2:35 pm

 

ന്യൂദല്‍ഹി: ഗാസിപൂരില്‍ റോഡപകടത്തില്‍ കൊല്ലപ്പെട്ട കര്‍ഷകന്റെ അമ്മയ്ക്കും സഹോദരനുമെതിരെ കേസ്. ദേശീയ പതാകയെ അപമാനിച്ചു എന്നാരോപിച്ചാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്. കര്‍ഷകന്റെ മൃതദേഹം ദേശീയ പതാകയില്‍ പൊതിഞ്ഞതിനെതിരെയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

സാധാരണ പൗരന്റെ ശവസംസ്‌കാര ചടങ്ങുകളില്‍ ദേശീയ പതാക ഉപയോഗിക്കുന്നത് ഫ്‌ളാഗ് കോഡ് ഓഫ് ഇന്ത്യയുടെ മാനദണ്ഡ പ്രകാരം കുറ്റകരമാണ് എന്ന് കാണിച്ചാണ് കര്‍ഷകന്റെ അമ്മയ്ക്കും സഹോദരനുമെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.

”ബുല്‍ഹിയയിലെ ബല്‍ജീന്ദ്ര എന്ന കര്‍ഷകന്‍ സമരത്തില്‍ പങ്കെടുക്കാന്‍ ഗാസിപൂരില്‍ പോയിരുന്നു. ജനുവരി 25ന് വാഹനാപകടത്തിലാണ് അദ്ദേഹം കൊല്ലപ്പെടുന്നത്.

മൃതദേഹം തിരിച്ചറിയാത്തതിനാല്‍ മോര്‍ച്ചറിയില്‍ സൂക്ഷിക്കുകയായിരുന്നു. ഫെബ്രുവരി 2ന് മാത്രമാണ് കുടുംബാംഗങ്ങള്‍ വിവരമറിഞ്ഞ് മൃതദേഹം ഏറ്റുവാങ്ങിയത്.,” പൊലീസ് സൂപ്രണ്ട് ജയ പ്രകാശ് യാദവ് പറഞ്ഞു.

അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ രക്തസാക്ഷിയുടെ മൃതദേഹം പോലെ ദേശീയ പതാകയില്‍ പൊതിഞ്ഞാണ് ശവസംസ്‌കാര ചടങ്ങുകള്‍ നടത്തിയതെന്നും പൊലീസ് സൂപ്രണ്ട് പറഞ്ഞു. ബല്‍ജീന്ദ്രയുടെ അമ്മയ്‌ക്കെതിരെ കേസെടുത്തതിന് പിന്നാലെ അദ്ദേഹത്തിന്റെ ശവസംസ്‌കാര ചടങ്ങിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിള്‍ പ്രചരിച്ചിരുന്നു.

കേന്ദ്ര സര്‍ക്കാരിന്റെ മൂന്ന് വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകര്‍ രണ്ട് മാസത്തിലേറെയായി സമരത്തിലാണ്. കര്‍ഷകരുമായി കേന്ദ്ര സര്‍ക്കാര്‍ പതിനൊന്ന് ചര്‍ച്ചകളില്‍ നടത്തിയെങ്കിലും കേന്ദ്രത്തിന് ഇതുവരെ പ്രശ്‌നത്തില്‍ പരിഹാരം കാണാന്‍ സാധിച്ചിട്ടില്ല.

നിയമം പിന്‍വലിക്കില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. നിയമം പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് കര്‍ഷകരും പറയുന്നു. വിവാദ നിയമം ഒന്നര വര്‍ഷത്തേക്ക് നടപ്പാക്കില്ലെന്ന് കേന്ദ്രം പറഞ്ഞെങ്കിലും പൂര്‍ണമായും നടപ്പാക്കില്ലെന്ന് ഉറപ്പുതരാത്ത പക്ഷം സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് കര്‍ഷകര്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: FIR against deceased farmers  family for insulting national flag