ഹരിദ്വാര്‍: രാമായണത്തിലും മഹാഭാരതത്തിലും നിറയെ അക്രമവും യുദ്ധവും നിറഞ്ഞ സംഭവങ്ങളാണെന്ന പരാമര്‍ശത്തിന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കെതിരേ കേസെടുത്തു. ബാബാ രാംദേവ് അടക്കമുള്ള ചിലര്‍ യെച്ചൂരിക്കെതിരേ നേരത്തേ പരാതി നല്‍കിയിരുന്നു.
തങ്ങളുടെ പൂര്‍വികരെ യെച്ചൂരി അപമാനിച്ചെന്നാണ് രാംദേവ് ഇക്കാര്യത്തില്‍ പ്രതികരിച്ചത്.
ബി.ജെ.പിയുടെ ഭോപ്പാല്‍ ലോക്‌സഭാ സ്ഥാനാര്‍ത്ഥിയും മാലേഗാവ് സ്ഫോടനക്കേസിലെ പ്രതിയുമായ പ്രജ്ഞാ സിംഗ് താക്കൂറിനെ കടന്നാക്രമിച്ചായിരുന്നു യെച്ചൂരിയുടെ പരാമര്‍ശം. ‘ഹിന്ദുക്കള്‍ അഹിംസയില്‍ വിശ്വസിക്കുന്നവരല്ല’ എന്ന് പ്രജ്ഞ പ്രസ്താവന നടത്തിയിരുന്നു. ഇതിനെതിരെ പ്രതികരിക്കുകയായിരുന്നു യെച്ചൂരി.
‘നിരവധി രാജാക്കന്മാര്‍ ഇന്ത്യയില്‍ യുദ്ധങ്ങള്‍ നടത്തിയിട്ടുണ്ട്. മഹാഭാരതത്തിലും രാമായണത്തിലും ഇത്തരത്തിലുള്ള സംഭവങ്ങളുടെ വിവരണം ഉണ്ട്. ഇതിഹാസങ്ങളുടെ ഒരു ‘പ്രചാരക്’ ആയിട്ടുപോലും നിങ്ങള്‍ പറയുന്നത് ഹിന്ദുക്കള്‍ ഹിംസയില്‍ വിശ്വസിക്കുന്നില്ലെന്നാണ്. ഹിംസയില്‍ അഭിരമിക്കുന്ന ഒരു മതത്തിന്റെ ഭാഗമായിട്ടുപോലും ഹിന്ദുക്കള്‍ ഹിംസയില്‍ വിശ്വസിക്കുന്നില്ല എന്ന് നിങ്ങള്‍ പറയുന്നതില്‍ എന്ത് യുക്തിയാണ് ഉള്ളത്?’- യെച്ചൂരി ചോദിച്ചു.
മലേഗാവ് സ്‌ഫോടന കേസില്‍ കുറ്റാരോപിതയായ പ്രജ്ഞയെ ബി.ജെ.പി. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇറക്കിയത് പോലും ജനങളുടെ വികാരങ്ങള്‍ ആളിക്കത്തിക്കാനാണെന്നും യെച്ചൂരി കുറ്റപ്പെടുത്തി.
അശോകചക്രവര്‍ത്തി ബുദ്ധമതം സ്വീകരിച്ച ഉദാഹരണം ചൂണ്ടിക്കാണിച്ചുകൊണ്ട് രാജ്യത്തിന് അഹിംസയുടെ പാരമ്പര്യമാണ് ഉള്ളതെന്നും യെച്ചൂരി പറഞ്ഞു. മറ്റൊരാളുടെ വിശ്വാസത്തെ ഹനിക്കുന്നത് സ്വന്തം വിശ്വാസത്തെ നശിപ്പിക്കലാണെന്നു അശോക ചക്രവര്‍ത്തിയുടെ ശാസനാപത്രങ്ങളില്‍ പറഞ്ഞിരിക്കുന്നതും യെച്ചൂരി ഓര്‍മിപ്പിച്ചു. ഇത്തരം ചരിത്രസത്യങ്ങള്‍ നിലനില്‍ക്കുമ്പോള്‍ ഹിന്ദുക്കള്‍ ഹിംസയില്‍ വിശ്വസിക്കില്ലെന്ന് പറയുന്നത് വസ്തുതാവിരുദ്ധമാണെന്നും യെച്ചൂരി പറഞ്ഞു.