| Monday, 5th October 2020, 12:49 pm

ഹാത്രാസിലെത്തി ദളിത് പെണ്‍കുട്ടിയുടെ അച്ഛനമ്മമാരെ കണ്ടതിന് ചന്ദ്രശേഖര്‍ ആസാദിനും 400 പേര്‍ക്കുമെതിരെ യു.പി പൊലീസിന്റെ എഫ്.ഐ.ആര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ഹാത്രാസില്‍ ക്രൂരമായ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ വീട്ടിലെത്തി അച്ഛനമ്മമാരെ സന്ദര്‍ശിച്ചതിന് പിന്നാലെ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെതിരെ കേസെടുത്ത് യു.പി പൊലീസ്.

പ്രദേശത്ത് പ്രഖ്യാപിച്ച 144 ലംഘിച്ചെന്നാരോപിച്ചാണ് ഇദ്ദേഹത്തിനെതിരെ എഫ്.ഐ.ആര്‍ ചുമത്തിയത്. ചന്ദ്രശേഖര്‍ ആസാദിനൊപ്പമുണ്ടായിരുന്ന തിരിച്ചറിയാത്ത 400 പേര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

ഹാത്രാസില്‍ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാന്‍  ഹാത്രാസിലെത്തിയ ചന്ദ്രശേഖര്‍ ആസാദിനെ പൊലീസ് തടഞ്ഞിരുന്നു. ഗ്രാമത്തില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെവെച്ചാണ് പൊലീസ് ഭീം ആര്‍മി സംഘത്തെ തടഞ്ഞത്. തുടര്‍ന്ന് ഹാത്രാസിലേക്ക് കാല്‍നടയായി യാത്ര ചെയ്യുകയായിരുന്നു ആസാദും സംഘവും.

പെണ്‍കുട്ടിയുടെ കുടുംബം സുരക്ഷിതമല്ലെന്നും വൈ പ്ലസ് സുരക്ഷ ഏര്‍പ്പെടുത്തണമെന്നും സര്‍ക്കാര്‍ സുരക്ഷ നടപ്പാക്കാന്‍ തയ്യാറായില്ലെങ്കില്‍ അവരെ തന്റെ വീട്ടിലേക്ക് കൊണ്ടുപോകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

നേരത്തെ ഹാത്രാസിലേക്ക് പോകുംവഴി പ്രിയങ്കാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും നേരെ പൊലീസ് കയ്യേറ്റം നടത്തിയിരുന്നു. ഏറെ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് രാഹുലും പ്രിയങ്കയും പെണ്‍കുട്ടിയുടെ വീട്ടിലെത്തി പെണ്‍കുട്ടിയുടെ അച്ഛനമ്മമാരെ കണ്ടത്.

പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോകുംവഴി പ്രിയങ്കാ ഗാന്ധിയെ കയ്യേറ്റം ചെയ്ത പൊലീസിന്റെ നടപടിക്കെതിരെ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നുവന്നിരുന്നു. ഇതിന് പിന്നാലെ പ്രിയങ്കാ ഗാന്ധിയോട് മാപ്പ് ചോദിച്ച് പൊലീസ് രംഗത്തെത്തിയിരുന്നു.

പ്രിയങ്കാ ഗാന്ധിയെ യു.പി പൊലീസ് കയ്യേറ്റം ചെയ്ത സംഭവത്തില്‍ ബി.ജെ.പിക്കുള്ളിലും അഭിപ്രായ വ്യത്യാസം ഉയര്‍ന്നുവന്നിട്ടുണ്ട്. മഹാരാഷ്ട്ര ബി.ജെ.പി വൈസ് പ്രസിഡന്റ് ചിത്ര വാഗാണ് സംഭവത്തെ അപലപിച്ച് രംഗത്തെത്തിയിരിക്കുന്നത്.

യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ തന്റെ അതൃപ്തി ചിത്രവാഗ് അറിയിച്ചിട്ടുണ്ട്. പ്രിയങ്കയെ കയ്യേറ്റം ചെയ്ത പൊലീസിനെതിരെ കര്‍ശന നടപടിയെടുക്കണമെന്നും ചിത്രവാഗ് ആവശ്യപ്പെട്ടു.

ഹാത്രാസില്‍ സെപ്തംബര്‍ 14നായിരുന്നു 19 വയസ്സുള്ള ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായത്. വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള തീറ്റ ശേഖരിക്കാന്‍ പോയ സമയത്താണ് നാല് പേര്‍ ചേര്‍ന്ന് കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്.

കുട്ടിയെ കാണാതായതോടെ കുടുംബാംഗങ്ങള്‍ പ്രദേശം മുഴുവന്‍ തെരച്ചില്‍ നടത്തി. ഒടുവില്‍ ആളൊഴിഞ്ഞ സ്ഥലത്ത് അവശനിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. ക്രൂരമായി ആക്രമിക്കപ്പെട്ട പെണ്‍കുട്ടി ചൊവ്വാഴ്ച ദല്‍ഹിയിലെ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.
പെണ്‍കുട്ടി മരിച്ചതിന് പിന്നാലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കുകയാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: FIR against Bhim Army chief Chandrashekhar Azad, 400 others after Hathras visit

We use cookies to give you the best possible experience. Learn more