ബെംഗളുരു: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെ സമരം ചെയ്യുന്ന കര്‍ഷകരെ ‘തീവ്രവാദികള്‍’ എന്നു വിളിച്ച കേസില്‍ നടി കങ്കണ റനൗട്ടിനെതിരെയുള്ള എഫ്.ഐ.ആര്‍ കര്‍ണാടക ഹൈക്കോടതി റദ്ദാക്കി.
എഫ്.ഐ.ആര്‍ റദ്ദാക്കിയ കോടതി ഇത്തരത്തില്‍ വിളിക്കാന്‍ ആരാണ് അനുവാദം നല്‍കിയതെന്നും കങ്കണയെപ്പോലുള്ള സെലിബ്രിറ്റികള്‍ നാക്ക് നിയന്ത്രിക്കണമെന്നും ശാസിച്ചു.
രാജ്യത്തെ ഐക്യം തകര്‍ക്കാനെത്തിയ തീവ്രവാദികളാണ് കര്‍ഷകരെന്നും കങ്കണ പറഞ്ഞിരുന്നു.
‘ആരും ഇതേപ്പറ്റി സംസാരിക്കുന്നില്ല. അവര്‍ കര്‍ഷകരല്ല. തീവ്രവാദികളാണ്. രാജ്യത്തിന്റെ ഐക്യം തകര്‍ത്ത് ഭിന്നതയുണ്ടാക്കാനെത്തിയ തീവ്രവാദികള്‍.
ഐക്യം തകര്‍ന്നാല്‍ ചൈനയ്ക്ക് ഏറ്റവും എളുപ്പത്തില്‍ ഇന്ത്യയില്‍ ആധിപത്യമുറപ്പിക്കാം. ഇന്ത്യയെ ഒരു ചൈനീസ് കോളനിയാക്കാം അമേരിക്കയെ പോലെ. നിങ്ങളെ പോലെ മാതൃരാജ്യത്തെ വിറ്റ് തിന്നുന്നവരല്ല ഞങ്ങള്‍’, എന്നായിരുന്നു കങ്കണ ട്വിറ്ററിലെഴുതിയത്.
കര്‍ഷകരെ സമരം ആഗോളതലത്തില്‍ ചര്‍ച്ചയാകുന്ന പശ്ചാത്തലത്തില്‍ കങ്കണ നടത്തിയ വിദ്വേഷ പരാമര്‍ശം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
കര്‍ഷക സമരം ശക്തമാകുന്ന സാഹചര്യത്തിലായിരുന്നു കര്‍ഷകരെ പിന്തുണച്ച് പോപ് ഗായിക റിഹാന രംഗത്തെത്തിയത്. സമരം നടക്കുന്ന ദല്‍ഹി അതിര്‍ത്തിയിലും മറ്റ് പ്രദേശങ്ങളിലും ഇന്റര്‍നെറ്റ് വിഛേദിച്ച നടപടിയെയും അവര്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.