ഹൈദരാബാദ്: വെറ്റിനറി ഡോക്ടറെ ലൈംഗികമായി ആക്രമിച്ച് കൊലപ്പെടുത്തിയ പ്രതികളെ വെടിവെച്ചുകൊന്നതിന് പിന്നാലെ നാല് പേര്‍ക്കുമെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് പൊലീസ്. തെളിവെടുപ്പിനിടെ പൊലീസിനെ ആക്രമിച്ചതിനാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ഐ.പി.സി 307, 176 എന്നീ വകുപ്പുകള്‍ പ്രകാരം കൊലപാതകശ്രമം, നിയമപാലകര്‍ നല്‍കിയ മുന്നറിയിപ്പ് അനുസരിക്കാതിരിക്കല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. പ്രതികളെ തെളിവെടുപ്പിനായി കൊണ്ടുപോയ സംഘത്തിലെ പൊലീസുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
പൊലീസുകാരുടെ പരാതിയില്‍ വെള്ളിയാഴ്ച തന്നെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പി.ടി.ഐയോട് പറഞ്ഞു.
അതേസമയം ഹൈദരാബാദില്‍ വെറ്ററിനറി ഡോക്ടറെ ലൈംഗികമായി ആക്രമിച്ച കേസിലെ എല്ലാ പ്രതികളെയും പൊലീസ് വെടിവെച്ചു കൊന്ന സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ഏറ്റുമുട്ടല്‍ ആശങ്കയുണ്ടാക്കുന്നതാണെന്നും ജാഗ്രതയോടെ അന്വേഷിക്കണമെന്നും കമ്മീഷന്‍ പറഞ്ഞു.
ഹൈദരാബാദില്‍ വെറ്റിനറി ഡോക്ടറെ ലൈംഗികമായി ആക്രമിച്ച് തീയിട്ടുകൊന്ന കേസിലെ മുഴുവന്‍ പ്രതികളെയും ഇന്നലെ പുലര്‍ച്ചയാണ് പൊലീസ് വെടിവെച്ചു കൊന്നത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് പ്രതികള്‍ക്ക് നേരെ വെടിയുതിര്‍ത്തതെന്നാണ് പൊലീസ് പറയുന്നത്. തെളിവെടുപ്പിനായി ഡോക്ടറെ കൊലപ്പെടുത്തിയ സ്ഥലത്തേക്ക് കൊണ്ടുപോകുന്നതിനിടെ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു.
മുഹമ്മദ് ആരിഫ്, ശിവ, നവീന്‍, ചെല്ല കേശവലു എന്നിവരാണ് കൊല്ലപ്പെട്ടത്. അറസ്റ്റിലായ പ്രതികള്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്നു.
നവംബര്‍ 28 ന് രാവിലെയാണ് ഹൈദരാബാദ്-ബെംഗളൂരു ഹൈവേയ്ക്ക് സമീപം വെറ്റിനറി ഡോക്ടറായ പ്രിയങ്ക റെഡ്ഢിയുടെ കത്തിക്കരിഞ്ഞ ശരീരം കണ്ടെടുത്തത്. ഡ്യൂട്ടി കഴിഞ്ഞ് തിരികെ പോകുമ്പോഴാണ് പ്രതികള്‍ യുവതിയെ ആക്രമിച്ചത്. ലൈംഗികാക്രമണത്തിന് ഇരയാക്കിയ ശേഷം അക്രമികള്‍ 27 കാരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്.
WATCH THIS VIDEO: