| Sunday, 29th April 2018, 9:46 am

വ്യാജ വാര്‍ത്ത നല്‍കിയെന്നാരോപണം: യു.പിയില്‍ രണ്ട് ചാനലുകള്‍ക്കെതിരെ പൊലീസ് കേസെടുത്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗാസിയാബാദ്: വ്യാജ വാര്‍ത്ത സംപ്രക്ഷേപണം ചെയ്‌തെന്നാരോപിച്ച് ഉത്തര്‍പ്രദേശില്‍ രണ്ടു ടിവി ചാനലുകള്‍ക്കെതിരെ പൊലീസ് എഫ്.ഐ.ആര്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തു. ഗാസിയബാദ് ജി.ഡി.എയുടെ വൈസ് ചെയര്‍പഴ്‌സണിനെതിരെ വ്യാജവാര്‍ത്ത നല്‍കിയെന്നാരോപിച്ചാണ് നടപടി.

രണ്ടു കോടി രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണം ചെയര്‍േപഴ്‌സന്റെ വിശദീകരണം ഇല്ലാതെ രണ്ടു ഹിന്ദി ചാനലുകള്‍ പ്രക്ഷേപണം ചെയ്‌തെന്നാണു ഇപ്പോഴുള്ള പരാതി. എന്നാല്‍ ഈ ആരോപണങ്ങള്‍ രണ്ട് ചാനലുകളും തള്ളിയിരിക്കയാണ്.

സംഭവത്തില്‍ പ്രതികരിക്കാന്‍ ചെയര്‍പേഴ്‌സണായ റിതു മഹേശ്വരിയുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അവരുമായി ചര്‍ച്ച നടത്താന്‍ കഴിഞ്ഞില്ലെന്നാണ് ചാനലുകളുടെ പക്ഷം.


ALSO READ: ബി.ജെ.പി ജയില്‍പ്പുള്ളികളുടെ പാര്‍ട്ടി’; സബ്കാ സാഥ് സബ്കാ വികാസ് അല്ല, സബ്കാ വിനാശ് ആണ് നടക്കുന്നത്; മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിദ്ധരാമയ്യ


അനില്‍ ജയ്ന്‍ എന്നയാള്‍ അനധികൃതമായി നിര്‍മിക്കുന്ന കെട്ടിടത്തിന്റെ പണി നിര്‍ത്തിവയ്ക്കാതിരിക്കാന്‍ റിതു മഹേശ്വരിക്കും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും 50 ലക്ഷം രൂപ വീതം കൈക്കൂലിനല്‍കിയെന്ന് ത്രിലോക് അഗര്‍വാള്‍ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓഫിസിനെ അറിയിച്ചിരുന്നു. ഈ പരാതി ആധാരമാക്കി ചാനലുകള്‍ തയാറാക്കിയ റിപ്പോര്‍ട്ടിനെക്കുറിച്ചാണ് പരാതി ഉയര്‍ന്നിരിക്കുന്നതെന്ന് എസ്.എസ്.പി വൈഭവ് കൃഷ്ണ അറിയിച്ചു.

ക്രിമിനല്‍ കുറ്റമാണ് ചാനലുകള്‍ ചെയ്തിരിക്കുന്നതെന്ന് റിതു മഹേശ്വരിയും അഭിപ്രായപ്പെട്ടു. എന്നാല്‍ പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ഓഫിസിലേക്ക് അയച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതെന്ന് ഇരു ചാനലുകളും അറിയിച്ചിട്ടുണ്ട്.

We use cookies to give you the best possible experience. Learn more