റോണോയെ ടീമിലെത്തിച്ചതോടെ യുവന്റസ് പാപ്പരായി: ഫിയോറന്റീന പ്രസിഡന്റ്
football news
റോണോയെ ടീമിലെത്തിച്ചതോടെ യുവന്റസ് പാപ്പരായി: ഫിയോറന്റീന പ്രസിഡന്റ്
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 29th April 2023, 11:59 pm

പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ടീമിലെത്തിച്ചതാണ് ഇറ്റാലിയന്‍ ലീഗായ സീരി എയുടെ സാമ്പത്തിക പ്രതിസന്ധിക്ക് പിന്നിലെ പ്രധാനകാരണമെന്ന് ഫിയോറന്റീന പ്രസിഡന്റ് റോക്കോ കമ്മിസോ.

റൊണാള്‍ഡോയുടെ ഭീമമായ ശമ്പളം യുവന്റസിനെ പാപ്പരത്തത്തിലേക്ക് നയിച്ചെന്നും കമ്മിസോ ആരോപിച്ചു. മീഡിയസെറ്റിനോട് സംസാരിക്കവെയായിരുന്നു ഇറ്റാലിയന്‍ വംശജനായ അമേരിക്കന്‍ ശതകോടീശ്വരന്റെ പ്രതികരണം. തങ്ങളുടെ ക്ലബ്ബിന്റെ സാമ്പത്തികാവസ്ഥയെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘വരുമാനം ഞങ്ങള്‍ക്ക് ഒരു പ്രശ്‌നമാണ്, എന്നാല്‍ ഞങ്ങള്‍ യുവന്റസിനെപ്പോലെ ആവാന്‍ ആഗ്രഹിക്കുന്നില്ല.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ സൈന്‍ ചെയ്തപ്പോള്‍ അവരുടെ പ്രശ്‌നങ്ങള്‍ ആരംഭിച്ചു. അങ്ങനെയൊരിക്കലും ഫിയോറന്റീനക്ക് സംഭവിക്കാന്‍ പോകുന്നില്ല. സാമ്പത്തിക പ്രശ്‌നങ്ങള്‍ ഞങ്ങള്‍ക്കുണ്ട്. പക്ഷേ ഞങ്ങള്‍ പാപ്പരാകാന്‍ പോകുന്നില്ല,’ കമ്മിസോ കൂട്ടിച്ചേര്‍ത്തു.

2018ല്‍ 117 മില്യണ്‍ യൂറോയുടെ വമ്പന്‍ കരാറിലാണ് റൊണാള്‍ഡോയെ റയല്‍ മാഡ്രിഡില്‍ നിന്ന് യുവന്റസ് സൈന്‍ ചെയ്തത്. തുടര്‍ച്ചയായ മൂന്നാമത്തെ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയതിന് പിന്നാലെയായിരുന്നു
ആരാധകരെ ഞെട്ടിച്ചുകൊണ്ട് സൂപ്പര്‍താരം റയല്‍ മാഡ്രിഡ് വിട്ടിരുന്നത്.

യുവന്റസില്‍ നിന്ന് പിന്നീട് മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് ചേക്കേറിയ റോണോക്ക് തന്റെ പഴയ ഫോമില്‍ തിരിച്ചെത്താന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് ഈ ജനുവരിയില്‍ റൊണാള്‍ഡോ യൂറോപ്യന്‍ അധ്യായങ്ങള്‍ക്ക് തിരശീലയിട്ടുകൊണ്ട് സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നസറിലേക്ക് ചേക്കേറുകയായിരുന്നു. 200 മില്യണ്‍ യൂറോ വേതനത്തില്‍ രണ്ട് വര്‍ഷത്തെ കരാറിലാണ് റൊണാള്‍ഡോ അല്‍ നസറില്‍ ഒപ്പുവെച്ചത്.