വെല്ലിങ്ടണ്‍: വനിതാ പ്രധാനമന്ത്രിമാരായതിന്റെ പേരില്‍ മാത്രം ‘പ്രായത്തെ കുറിച്ച് ചോദ്യം ചോദിച്ച’ റിപ്പോര്‍ട്ടര്‍ക്ക് കൃത്യമായ മറുപടി നല്‍കി ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേനും ഫിന്‍ലാന്‍ഡ് പ്രധാനമന്ത്രി സന്ന മരിനും.
സന്ന മരിന്റെ ന്യൂസിലാന്‍ഡ് സന്ദര്‍ശനത്തിന്റെ ഭാഗമായി ഇരുവരുമൊരുമിച്ച് നടത്തിയ പത്രസമ്മേളനത്തിനിടെയായിരുന്നു ഒരു റിപ്പോര്‍ട്ടര്‍ പ്രായത്തെ കുറിച്ച് ‘സെക്‌സിസ്റ്റ് ചുവയോടെയുള്ള’ ചോദ്യം ചോദിച്ചത്. ഇതിന് പ്രധാനമന്ത്രിമാര്‍ മറുപടി നല്‍കുന്നതിന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
രണ്ട് രാജ്യങ്ങളെ നയിക്കുന്ന പ്രധാനമന്ത്രിമാര്‍ എന്ന രീതിയിലാണ് ജസീന്ത ആര്‍ഡേനും സന്ന മരിനും കൂടിക്കാഴ്ച നടത്തിയത് എന്നിരിക്കെ, ‘ഒരേ പ്രായത്തിലുള്ള ചെറുപ്പക്കാരായ സ്ത്രീകളായതുകൊണ്ടാണോ നിങ്ങള്‍ കൂടിക്കാഴ്ച നടത്തിയത്’ എന്ന് ഒരു മാധ്യമപ്രവര്‍ത്തകന്‍ ചോദിക്കുകയായിരുന്നു.
”ഒരുപാടാളുകള്‍ക്ക് ഇക്കാര്യത്തില്‍ ആശ്ചര്യമുണ്ടാകാം. നിങ്ങള്‍ രണ്ടുപേരും പരസ്പരം കണ്ടുമുട്ടുന്നത് സമാന പ്രായക്കാരായതുകൊണ്ടും രാഷ്ട്രീയമടക്കമുള്ള പൊതുവായ ധാരാളം കാര്യങ്ങള്‍ ഉള്ളതുകൊണ്ടുമാണോ, എന്ന്.
അല്ലെങ്കില്‍ ഈ രണ്ട് രാജ്യങ്ങളും തമ്മില്‍ കൂടുതല്‍ ഇടപാടുകള്‍ ഉണ്ടാകുമെന്ന് ന്യൂസിലാന്‍ഡുകാര്‍ക്ക് പ്രതീക്ഷിക്കാമോ?” എന്നാണ് ന്യൂസിലാന്‍ഡിലെ ടോക്ക് റേഡിയോ സ്‌റ്റേഷനായ ന്യൂസ്‌ടോക് സെഡ്.ബിയിലെ (Newstalk ZB) റിപ്പോര്‍ട്ടര്‍ ചോദിച്ചത്.
ഇതിന് കുറിക്കുകൊള്ളുന്ന മറുപടിയാണ് ജസീന്ത ആര്‍ഡേന്‍ നല്‍കിയത്.
”എന്റെ ആദ്യത്തെ ചോദ്യം, ഒരേ പ്രായത്തിലുള്ളവരായിരുന്നു എന്നതുകൊണ്ട് അമേരിക്കന്‍ പ്രസിഡന്റായിരുന്ന ബറാക് ഒബാമയോടും ന്യൂസിലാന്‍ഡ് പ്രധാനമന്ത്രിയായിരുന്ന ജോണ്‍ കീയോടും നിങ്ങള്‍ പരസ്പരം കണ്ടുമുട്ടിയിട്ടുണ്ടോ എന്ന ഈ ചോദ്യം ആരെങ്കിലും എപ്പോഴെങ്കിലും ചോദിച്ചിരുന്നോ എന്നാണ്.
രാഷ്ട്രീയത്തില്‍ പുരുഷന്മാരുടെ അനുപാതം തന്നെയാണ് തീര്‍ച്ചയായും കൂടുതലുള്ളത്. അത് യഥാര്‍ത്ഥ്യമാണ്. പക്ഷെ രണ്ട് സ്ത്രീകള്‍ പരസ്പരം കണ്ടുമുട്ടുന്നത് അവര്‍ ഒരേ പ്രായക്കാരായത് കൊണ്ടോ ഒരേ ജെന്‍ഡര്‍ ആയതുകൊണ്ടോ അല്ല,” എന്നാണ് ജസീന്ത ആര്‍ഡേന്‍ പറഞ്ഞത്.
Watch NZ Prime Minister Jacinda Ardern pick apart this reporter’s question during a joint press conference with Finnish PM Sanna Marin. He asked the pair ‘are you two meeting because you’re similar in age and got a lot of common stuff there?’
Read more: https://t.co/eTtJEqJoFZpic.twitter.com/UBEZs1kzvF
അമേരിക്കയുടെയും ന്യൂസിലാന്‍ഡിന്റെയും രാഷ്ട്രത്തലവന്മാരായിരിക്കെ ഒരുപാട് തവണ പരസ്പരം കൂടിക്കാഴ്ച നടത്തിയിട്ടുള്ള നേതാക്കളാണ് ബറാക് ഒബാമയും ജോണ്‍ കീയും. അതുകൊണ്ടാണ് ഇവരുടെ ഉദാഹരണമെടുത്ത് ആര്‍ഡേന്‍ മറുപടി നല്‍കിയത്.
കയറ്റുമതി- വ്യാപാര ടെക്‌നോളജി മേഖലകളിലെ ന്യൂസിലാന്‍ഡിന്റെയും ഫിന്‍ലാന്‍ഡിന്റെയും സഹകരണത്തെ കുറിച്ചും ആര്‍ഡേന്‍ പക്വതയോടെ മറുപടി പറയുന്നുണ്ട്.
”199 മില്യണ്‍ ഡോളര്‍ മൂല്യമുള്ള സാധനങ്ങള്‍ ഫിന്‍ലാന്‍ഡ് ന്യൂസിലാന്‍ഡിലേക്ക് കയറ്റിയയക്കുന്നുണ്ട്. നോക്കിയ പോലുള്ള കമ്പനികളില്‍ അവര്‍ക്ക് പ്രത്യേകം ടെക്‌നോളജിയുണ്ട്.
മറുവശത്ത് 14 മില്യണ്‍ ഡോളറിന്റെ സാധനങ്ങളാണ് ന്യൂസിലാന്‍ഡ് കയറ്റിയയക്കുന്നത്. അതില്‍ കൂടുതലും വൈനും ബീഫുമാണ്. ഞങ്ങള്‍ ഇരു രാജ്യങ്ങള്‍ക്കും പരസ്പരം വലിയ പൊട്ടന്‍ഷ്യലുണ്ട്.
രണ്ട് വ്യത്യസ്ത രാജ്യങ്ങളെന്ന നിലയില്‍ പരസ്പരമുള്ള സാമ്പത്തിക കരാറുകളിലൂടെ വളരാനുള്ള സാധ്യതകളാണ് ഞങ്ങള്‍ നോക്കിക്കാണുന്നത്.
ന്യൂസിലാന്‍ഡിനും ഫിന്‍ലാന്‍ഡിനുമിടയിലുള്ള ബന്ധത്തെ കുറിച്ചും അതിന്റെ സാധ്യതകളെ കുറിച്ചും പുറമെയുള്ളവര്‍ക്ക് ചിലപ്പോള്‍ അധികം അറിയുന്നുണ്ടായിരിക്കില്ല. പക്ഷെ അത് മെച്ചപ്പെടുത്താനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. ഞങ്ങളുടെ ലിംഗഭേദം കണക്കിലെടുക്കാതെ അത് മുന്നോട്ട് കൊണ്ടുപോകേണ്ടത് ഞങ്ങളുടെ ജോലിയാണ്,” ജസീന്ത ആര്‍ഡേന്‍ പറഞ്ഞു.
ഇതിന് പിന്നാലെ ഫിന്‍ലാന്‍ഡ് പ്രധാനമന്ത്രി സന്ന മരിനും ഇതേ ചോദ്യത്തിന് മറുപടി പറയുന്നതായി വീഡിയോയില്‍ കാണാം.
”പ്രധാനമന്ത്രിമാര്‍ എന്ന നിലയില്‍ തന്നെയാണ് ഞങ്ങള്‍ രണ്ട് പേരും കൂടിക്കാഴ്ച നടത്തുന്നത്. ഞങ്ങള്‍ക്കൊപ്പം ഒരു ബിസിനസ് ഡെലിഗേഷനുണ്ട്. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ പൊതുവായ ഒരുപാട് കാര്യങ്ങളുണ്ട്.
പക്ഷെ ഇനിയും ഒരുപാട് കാര്യങ്ങള്‍ ഒരുമിച്ച് ചെയ്യാനുണ്ട്. പ്രത്യേകിച്ചും ടെക്‌നോളജിയുടെ കാര്യത്തില്‍,” സന്ന മരിന്‍ പറഞ്ഞു.
2017ല്‍ മുതല്‍ ന്യൂസിലാന്‍ഡിന്റെ പ്രധാനമന്ത്രി സ്ഥാനം വഹിക്കുന്ന നേതാവാണ് ജസീന്ത ആര്‍ഡേന്‍. 2019ലായിരുന്നു സന്ന മരിന്‍ ഫിന്‍ലാന്‍ഡിന്റെ പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുത്തത്.
നേരത്തെയും ഫിന്‍ലാന്‍ഡ് പ്രധാനമന്ത്രി സന്ന മരിന്‍ ഒരു ‘വനിതാ പ്രധാനമന്ത്രി’യായതിന്റെ പേരില്‍ മാത്രം വ്യാപകമായി ക്രൂശിക്കപ്പെട്ടിട്ടുണ്ട്.
സുഹൃത്തുക്കള്‍ക്കൊപ്പം തന്റെ സ്വകാര്യ വസതിയില്‍ പാര്‍ട്ടി നടത്തിയതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയായിരുന്നു ഒരു വിഭാഗമാളുകള്‍ സന്ന മരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്.
സുഹൃത്തുക്കള്‍ക്കൊപ്പം പാട്ട് പാടിയും നൃത്തം ചെയ്തും ആഘോഷിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നത് വിവാദമാകുകയായിരുന്നു.
വിമര്‍ശനമുയര്‍ന്നതിന് പിന്നാലെ ഇവര്‍ ഡ്രഗ് ടെസ്റ്റ് നടത്തുകയും ചെയ്തിരുന്നു. പാര്‍ട്ടിയുടെ സമയത്ത് അല്‍പം മദ്യപിച്ചു എന്നല്ലാതെ താന്‍ മറ്റൊരു സമയത്തും ഒരു ലഹരി മരുന്നുകളും ഉപയോഗിച്ചിട്ടില്ല എന്ന് വിവാദം പൊട്ടിപ്പുറപ്പെട്ടതിന് തൊട്ടുപിന്നാലെ തന്നെ സന്ന മരിന്‍ വ്യക്തമാക്കിയിരുന്നു. പക്ഷെ സൈബറാക്രമണം ശക്തമാകുകയായിരുന്നു.
രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളും വിമര്‍ശകരുമടക്കം ആവശ്യമുന്നയിച്ചതിനെത്തുടര്‍ന്നായിരുന്നു ഫിന്‍ലാന്‍ഡ് പ്രധാനമന്ത്രി ഡ്രഗ് ടെസ്റ്റിന് വിധേയയായത്. പരിശോധനാ ഫലം നെഗറ്റീവായതിന് പിന്നാലെ വിഷയത്തില്‍ വൈകാരികമായി പ്രതികരിച്ച് സന്ന മരിന്‍ രംഗത്തെത്തിയിരുന്നു.
തന്റെ അവകാശമായ സ്വകാര്യ ജീവിതത്തിലേക്ക് ആളുകള്‍ കടന്നുകയറുന്നതിനെക്കുറിച്ചും ജോലിയിലെ തന്റെ ആത്മാര്‍ത്ഥതയെക്കുറിച്ചുമാണ് സന്ന മരിന്‍ പരാമര്‍ശിച്ചത്.
അന്ന് സന്ന മരിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു,
”ഞാനും ഒരു മനുഷ്യനാണ്. ഈ ഇരുണ്ട സാഹചര്യങ്ങള്‍ക്കിടയില്‍ കുറച്ച് സന്തോഷത്തിനും വെളിച്ചത്തിനും വിനോദത്തിനും വേണ്ടി ഞാനും പലപ്പോഴും ആഗ്രഹിക്കാറുണ്ട്,” (I am human. And I too sometimes long for joy, light and fun amidst these dark clouds)
ഇത് തീര്‍ത്തും സ്വകാര്യമായ കാര്യമാണ്, എന്റെ സന്തോഷമാണ്, ജീവിതമാണ്.
പക്ഷെ ഇതിന്റെ പേരില്‍ എന്റെ ഔദ്യോഗിക ജീവിതത്തിലെ ഒരു ദിവസം പോലും ഞാന്‍ നഷ്ടപ്പെടുത്തിയിട്ടില്ല.
ഒഴിവുസമയങ്ങളില്‍ നമ്മള്‍ എന്താണ് ചെയ്യുന്നത് എന്നതിനേക്കാള്‍ ജോലി സമയത്ത് നമ്മള്‍ എന്താണ് ചെയ്യുന്നത് എന്ന് ആളുകള്‍ നോക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്,” ഫിന്‍ലാന്‍ഡ് പ്രധാനമന്ത്രി പറഞ്ഞു.
സന്ന മരിന്‍ ലഹരി ഉപയോഗിച്ചെന്നും മദ്യപിച്ചുകൊണ്ട് പരസ്യമായി വീഡിയോ എടുത്തു എന്നൊക്കെയായിരുന്നു അന്ന് വിമര്‍ശകര്‍ ഉന്നയിച്ചിരുന്നത്. രാജ്യം ഭരിക്കാതെ പ്രധാനമന്ത്രി പാര്‍ട്ടി നടത്തുകയാണ് എന്നും ‘ഇത്തരം പ്രവര്‍ത്തികള്‍’ ഒരു പ്രധാനമന്ത്രിക്ക് ചേര്‍ന്നതല്ല എന്നും ഒരുവിഭാഗം പറഞ്ഞു.
എന്നാല്‍ പ്രധാനമന്ത്രിയായെന്ന് കരുതി ഒരാളുടെ വ്യക്തിജീവിതത്തെ നിയന്ത്രിക്കേണ്ടതില്ലെന്നും ഒരു വനിതയായത് കൊണ്ട് മാത്രമാണ് ഈ രീതിയില്‍ ആക്രമിക്കപ്പെടുന്നതെന്നും പറഞ്ഞുകൊണ്ട് വലിയൊരു വിഭാഗമാളുകള്‍, പ്രത്യേകിച്ചും സ്ത്രീകള്‍ സന്നക്ക് പിന്തുണയുമായും രംഗത്തെത്തിയിരുന്നു.
സന്ന മരിന്റെ വീഡിയോക്ക് സമാനമായി സുഹൃത്തുക്കള്‍ക്കൊപ്പവും അല്ലാതെയും പാട്ടുപാടി നൃത്തം ചെയ്ത് ആഘോഷിക്കുന്നതിന്റെ വീഡിയോകളായിരുന്നു സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകള്‍ വ്യാപകമായി പങ്കുവെച്ചത്.
‘സോളിഡാരിറ്റി വിത്ത് സന്ന’ (#SolidarityWithSanna) എന്ന ഹാഷ്ടാഗും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
യു.എന്നിന്റെ കണക്കനുസരിച്ച് ലോകത്തെ 13 രാജ്യങ്ങളില്‍ വനിതകളാണ് രാജ്യത്തിന്റെ തലപ്പത്തുള്ളത്.
Content Highlight: Finnish PM Sanna Marin and New Zealand PM Jacinda Ardern gives reply to Sexist Question by a reporter