മേജര്‍ ലീഗ് ക്രിക്കറ്റിലെ തങ്ങളുടെ രണ്ടാം മത്സരത്തില്‍ പരാജയം ചോദിച്ചുവാങ്ങി സാന്‍ ഫ്രാന്‍സിസ്‌കോ യൂണികോണ്‍സ്. ഞായറാഴ്ച ഗ്രാന്‍ഡ് പ്രയറി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സിയാറ്റില്‍ ഓര്‍ക്കാസിനോടാണ് യൂണികോണ്‍സ് പരാജയപ്പെട്ടത്. 35 റണ്‍സിനായിരുന്നു ഓര്‍ക്കാസിന്റെ വിജയം.
യൂണികോണ്‍സിന്റെ പരാജയത്തേക്കാള്‍ ടീമിന്റെ ഓപ്പണറായ ഫിന്‍ അലന്റെ പുറത്താകലാണ് ചര്‍ച്ചയാകുന്നത്. ഷേഹന്‍ ജയസൂര്യയുടെ ഡയറക്ട് ഹിറ്റില്‍ റണ്‍ ഔട്ടായാണ് താരം പുറത്തായത്.
കാമറൂണ്‍ ഗാനണ്‍ എറിഞ്ഞ നാലാം ഓവറിലെ രണ്ടാം പന്തിലായിരുന്നു അലന്റെ പുറത്താകല്‍. മികച്ച രീതിയില്‍ ക്രീസില്‍ തുടരവെയാണ് താരം പുറത്താകുന്നത്.
ഡൂള്‍ന്യൂസിനെ ത്രെഡ്‌സില്‍ പിന്തുടരാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.
ഗാനണിന്റെ പന്ത് സ്‌ക്വയര്‍ ലെഗിലേക്ക് തട്ടിയിട്ട് അലന്‍ സിംഗിളിന് ശ്രമിക്കുകയായിരുന്നു. എന്നാല്‍ താന്‍ സെയ്ഫായി നോണ്‍ സ്‌ട്രെക്കേഴ്‌സ് എന്‍ഡില്‍ എത്തും എന്ന് ഉറപ്പിച്ച അലന്‍ വളരെ പതുക്കെയാണ് ഓടിയത്. എന്നാല്‍ വളരെ പെട്ടെന്ന് പന്ത് കളക്ട് ചെയ്ത ജയസൂര്യ തകര്‍പ്പന്‍ ഡയറക്ട് ഹിറ്റിലൂടെ താരത്തെ പുറത്താക്കുകയായിരുന്നു. ബാറ്റ് സ്ലൈഡ് ചെയ്യാന്‍ ശ്രമിക്കവെ പിച്ചില്‍ തങ്ങി നിന്നതും താരത്തിന് തിരിച്ചടിയായി.
ഈ റണ്‍ ഔട്ടിന്റെ വീഡിയോ വൈറലാവുകയാണ്. പത്ത് പന്തില്‍ നിന്നും നാല് ബൗണ്ടറിയും രണ്ട് സിക്‌സറും അടക്കം 28 റണ്‍സ് നേടി നില്‍ക്കവെയാണ് അലന്‍ പുറത്താകുന്നത്.
മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓര്‍ക്കാസ് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സ് നേടി. ഹെന്റിച്ച് ക്ലാസന്റെ അര്‍ധ സെഞ്ച്വറിയും ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ഷേഹന്‍ ജയസൂര്യ, നൗമന്‍ അന്‍വര്‍ എന്നിവരുടെ ഇന്നിങ്‌സുമാണ് ഓര്‍ക്കാസിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.
ക്ലാസന്‍ 31 പന്തില്‍ മൂന്ന് സിക്‌സറും നാല് ബൗണ്ടറിയും അടക്കം 53 റണ്‍സ് നേടിയപ്പോള്‍ ഹെറ്റി 36 റണ്‍സും ജയസൂര്യ 33 റണ്‍സും ടീം ടോട്ടലിലേക്ക് കൂട്ടിച്ചേര്‍ത്തു. 21 പന്തില്‍ 30 റണ്‍സായിരുന്നു അന്‍വറിന്റെ സമ്പാദ്യം.
മറുപടി ബാറ്റിങ്ങിനിറങ്ങിയ യൂണിക്കേണ്‍സിന് മികച്ച തുടക്കം ലഭിച്ചെങ്കിലും അത് മുതലാക്കാന്‍ സാധിച്ചില്ല. 42 റണ്‍സിന് ആദ്യ വിക്കറ്റ് വീണപ്പോള്‍ നൂറ് റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ അവസാന വിക്കറ്റും വീണു. 23 പന്തില്‍ 37 റണ്‍സ് നേടിയ ഷദാബ് ഖാന്‍ മാത്രമാണ് പിടിച്ചുനിന്നത്.
18ാം ഓവറിലെ അഞ്ചാം പന്തില്‍ യൂണിക്കോണ്‍സ് 142 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു.
ഓര്‍ക്കാസിനായി കാമറൂണ്‍ ഗാനണ്‍ നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ആന്‍ഡ്രൂ ടൈ, ഇമാദ് വസീം എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും സ്വന്തമാക്കി. ഹര്‍മീത് സിങ്ങാണ് ശേഷിക്കുന്ന വിക്കറ്റ് വീഴ്ത്തിയത്.
ഈ വിജയത്തോടെ രംണ്ട് മത്സരത്തില്‍ നിന്നും നാല് പോയിന്റോടെ ഓര്‍ക്കാസ് ഒന്നാമതെത്തി. ജൂലൈ 22നാണ് ഓര്‍ക്കാസിന്റെ അടുത്ത മത്സരം. ടെക്‌സസ് സൂപ്പര്‍ കിങ്‌സാണ് എതിരാളികള്‍.
Content highlight: Finn Allen’s run out in MLC