ന്യൂസിലാന്‍ഡിന്റെ തട്ടകമായ യൂണിവേഴ്സിറ്റി ഓവനില്‍ നടക്കുന്ന മൂന്നാം ടി20യില്‍ പരാജയപ്പെട്ട് പാകിസ്ഥാന്‍. 45 റണ്‍സിനാണ് പാകിസ്ഥാന്‍ പരാജയപ്പെട്ടത്. ഇതോടെ അഞ്ച് മത്സരങ്ങള്‍ അടങ്ങിയ ടി20 പരമ്പര 3-0ന് കിവീസ് സ്വന്തമാക്കിയിരിക്കുകയാണ്.
ടോസ് നേടിയ പാകിസ്ഥാന്‍ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.
എന്നാല്‍ പാകിസ്ഥാന്റെ കണക്കുകൂട്ടലുകള്‍ എല്ലാം തെറ്റിച്ചു കൊണ്ടായിരുന്നു കിവീസിന്റെ ബാറ്റിങ്. ന്യൂസിലാന്‍ഡ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 224 റണ്‍സിന്റെ ടോട്ടലാണ് പാകിസ്ഥാന് നല്‍കിയത്. എന്നാല്‍ നിശ്ചിത ഓവറില്‍ 179 റണ്‍സ് മാത്രമാണ് പാകിസ്ഥാന് നേടാന്‍ സാധിച്ചത്.
ന്യൂസിലാന്‍ഡ് ഓപ്പണര്‍ ഫിന്‍ അലന്റെ തകര്‍പ്പന്‍ സെഞ്ച്വറി നേട്ടത്തിലാണ് കിവീസ് വിജയം കൈവരിച്ചത്. 62 പന്തില്‍ 137 റണ്‍സ് നേടിയായിരുന്നു അലന്റെ വെടിക്കെട്ട് ഇന്നിങ്സ്. അഞ്ച് ബൗണ്ടറികളുടെയും 16 സിക്സറുകളുടെയും അകമ്പടിയോടുകൂടിയായിരുന്നു താരത്തിന്റെ തകര്‍പ്പന്‍ ബാറ്റിങ്. 220.97 എന്ന പ്രഹര ശേഷിയിലായിരുന്നു അലന്‍ ബാറ്റ് വീശിയത്. ഈ തകര്‍പ്പന്‍ പ്രകടനത്തില്‍ പിന്നാലെ ഏഴ് റെക്കോഡ് നേട്ടങ്ങളാണ് കിവീസ് ബാറ്ററെ തേടിയെത്തിയിരിക്കുന്നത്.
ടി-20 മത്സരത്തില്‍ ഒരു ന്യൂസിലാന്‍ഡ് താരം നേടുന്ന ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ എന്ന ചരിത്ര നേട്ടമാണ് അലന്‍ ആദ്യം സ്വന്തം പേരില്‍ കുറിച്ചത്. ടി-20 ക്രിക്കറ്റില്‍ ഒരു ഇന്നിങ്സില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടുന്ന താരമെന്ന ലോക റെക്കോഡ് നേട്ടത്തിനൊപ്പമെത്താനും ഫിന്‍ അലന് സാധിച്ചു. 16 സിക്സുകളാണ് കിവീസ് ബാറ്റര്‍ അടിച്ചെടുത്തത്. ഇതിന് മുമ്പ് അഫ്ഗാന്‍ താരം ഹസ്രത്തുള്ള സസായ് അയര്‍ലണ്ടിനെതിരെ നേടിയ 16 സിക്സറുകളുടെ റെക്കോഡ് നേട്ടത്തിനൊപ്പമാണ് താരം എത്തിയത്.
ഒരു ടി20 ഇന്റര്‍ നാഷണല്‍ മാച്ചില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ അടിക്കുന്ന താരത്തിന്റ രാജ്യം, താരം, സിക്‌സറുകളുടെ എണ്ണം എന്ന ക്രമത്തില്‍
അഫ്ഗാനിസ്ഥാന്‍ – ഹസ്രത്തുള്ള സസായ് – 16
ന്യൂസിലാന്‍ഡ് – ഫിന്‍ അലന്‍ – 16
ഹന്‍ഗറി – സീഷാന്‍ കുക്കിഗേല്‍ – 15
ഓസ്‌ട്രേലിയ – ആരോണ്‍ ഫിഞ്ച് – 14
ന്യൂസിലാന്‍ഡിന് വേണ്ടി ടി20യിലെ ഒരു മാച്ചില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരം
ഫിന്‍ അലന്‍ – 137
സ്യുസി ബാറ്റസ് – 124
ബ്രണ്ടന്‍ മക്കെല്ലം – 123
ബ്രണ്ടന്‍ മക്കെല്ലം – 116
കോളിങ് മന്റോ – 109
ഇതിന് പുറമെ കിവീസിന് വേണ്ടി ഒരു ഓപ്പണര്‍ നേടുന്ന മൂന്നാമത്തെ ഉയര്‍ന്ന സ്‌കോറും ഫിന്നിന്റെ ബാറ്റില്‍ നിന്ന് പിറന്നു. കൂടാതെ ടി20യില്‍ ന്യൂസിലാന്‍ഡിന് വേണ്ടി കൂടുതല്‍ ടി20 സെഞ്ച്വറി നേടുന്ന നാലാമത് താരവും ഫിന്‍ തന്നെ. 2024ലെ ആദ്യ ടി20 ഐ സെഞ്ച്വറിയാണ് താരം നേടിയതെന്ന പ്രത്യേകതയും ഫിന്നിന്റെ സെഞ്ച്വറിക്കുണ്ട്.
Content Highlight: Finn Allen In Record Achievement