| Wednesday, 25th January 2023, 8:17 am

'കാത്തിരിക്കാനൊന്നും പറ്റില്ല'; സ്വീഡനൊപ്പമല്ലാതെ നാറ്റോയില്‍ ചേര്‍ന്നേക്കുമെന്ന സൂചന നല്‍കി ഫിന്‍ലാന്‍ഡ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

സ്റ്റോക്ക്‌ഹോം: നാറ്റോ പ്രവേശന വിഷയത്തില്‍ സ്വീഡനെതിരായി തുര്‍ക്കി നിലപാടെടുത്തതിന് പിന്നാലെ വിഷയത്തില്‍ പ്രതികരിച്ച് ഫിന്‍ലാന്‍ഡ്. സ്വീഡനും ഫിന്‍ലാന്‍ഡും ഒരുമിച്ചാണ് നാറ്റോ സൈനികസഖ്യത്തില്‍ അംഗത്വം നേടാനൊരുങ്ങുന്നത്.

എന്നാല്‍ സ്വീഡനിലെ തുര്‍ക്കി എംബസിക്ക് മുന്നില്‍ തീവ്ര വലതുപക്ഷ നേതാവ് ഖുര്‍ആന്‍ കത്തിച്ച സംഭവം വലിയ വിവാദമായിരിക്കെ, സ്വീഡന്റെ നാറ്റോ അംഗത്വത്തെ പിന്തുണക്കില്ലെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗന്‍ പറയുകയായിരുന്നു.

ഇതോടെയാണ് ഫിന്‍ലാന്‍ഡ് വിദേശകാര്യ മന്ത്രിയും വിഷയത്തില്‍ പ്രതികരിച്ചത്. സ്വീഡനില്ലാതെ തന്നെ തങ്ങള്‍ നാറ്റോയില്‍ ചേര്‍ന്നേക്കുമെന്നും ഇക്കാര്യം പരിഗണിക്കേണ്ടതുണ്ടെന്നുമാണ് ഫിന്നിഷ് വിദേശകാര്യ മന്ത്രി പെക്ക ഹാവിസ്‌തോ (Pekka Haavisto) പറഞ്ഞത്.

ആദ്യമായാണ് ഫിന്‍ലാന്‍ഡിന്റെ ഭാഗത്ത് നിന്ന് സ്വീഡനെ ‘ഒറ്റപ്പെടുത്തുന്ന’ തരത്തില്‍ ഒരു പ്രതികരണം വരുന്നത്.

”നാറ്റോ പ്രവേശനത്തില്‍ മുന്നോട്ട് പോകുന്നതില്‍ നിന്ന് സ്വീഡനെ ദീര്‍ഘകാലത്തേക്ക് തടയുന്ന എന്തെങ്കിലും സംഭവിച്ചിട്ടുണ്ടോ എന്ന് മനസിലാക്കാന്‍ ഞങ്ങള്‍ക്ക് സ്ഥിതിഗതികള്‍ വിലയിരുത്തേണ്ടതുണ്ട്.

ഒരു നിലപാട് എടുക്കുക എന്നത് ഇത്ര നേരത്തെ സാധ്യമല്ല. ജോയിന്റ് ആപ്ലിക്കേഷന്‍ തന്നെയാണ് ഇപ്പോഴും ആദ്യ ഓപ്ഷനായി മുന്നിലുള്ളത്,” ഹാവിസ്‌തോ പറഞ്ഞു.

ഫിന്‍ലാന്‍ഡ് മന്ത്രിയുടെ പ്രതികരണത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥമെന്താണെന്ന് മനസിലാക്കാന്‍ അവരുമായി ബന്ധപ്പെട്ട് വരികയാണ് എന്നായിരുന്നു വിഷയത്തില്‍ സ്വീഡിഷ് വിദേശകാര്യ മന്ത്രി ടോബിയാസ് ബില്‍സ്‌ട്രോം (Tobias Billstrom) മാധ്യമങ്ങളോട് പറഞ്ഞത്.

കഴിഞ്ഞ വര്‍ഷമായിരുന്നു സ്വീഡനും ഫിന്‍ലാന്‍ഡും നാറ്റോ അംഗത്വത്തിന് വേണ്ടി അപേക്ഷ നല്‍കിയത്. റഷ്യ ഇതിനെതിരെ ശക്തമായി പ്രതികരിക്കുകയും ചെയ്തിരുന്നു.

മുസ്‌ലിങ്ങളുടെ മതവിശ്വാസത്തെ ബഹുമാനിക്കുന്നില്ലെങ്കില്‍ സ്വീഡന്റെ നാറ്റോ പ്രവേശനത്തിന് തുര്‍ക്കിയുടെ ഒരു പിന്തുണയും പ്രതീക്ഷിക്കേണ്ട എന്നായിരുന്നു തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗന്റെ കഴിഞ്ഞ ദിവസത്തെ പ്രതികരണം. പിന്നാലെ വിഷയത്തില്‍ അമേരിക്കയും നിലപാട് വ്യക്തമാക്കിയിരുന്നു.

സ്വീഡനിലെ സ്റ്റോക്ക്‌ഹോമില്‍ തുര്‍ക്കി എംബസിക്ക് മുന്നില്‍ തീവ്ര വലതുപക്ഷ നേതാവ് റാസ്മസ് പലുദന് ഖുര്‍ആന്റെ ഒരു കോപ്പി കത്തിച്ചതിനെതിരെ തുര്‍ക്കിയടക്കമുള്ള നിരവധി മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങള്‍ രൂക്ഷമായി പ്രതികരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു നാറ്റോ പ്രവേശനത്തിന്റെ കാര്യത്തില്‍ തങ്ങളില്‍ നിന്നും ഒരു പിന്തുണയും പ്രതീക്ഷിക്കേണ്ടതില്ലെന്ന് നാറ്റോ അംഗരാജ്യം കൂടിയായ തുര്‍ക്കിയുടെ പ്രസിഡന്റ് വ്യക്തമാക്കിയത്.

എന്നാല്‍ ഫിന്‍ലാന്‍ഡും സ്വീഡനും നാറ്റോയില്‍ ചേരാന്‍ തയ്യാറായി നില്‍ക്കുകയാണ് എന്നാണ് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്റ് വക്താവ് നെഡ് പ്രൈസ് തൊട്ടുപിന്നാലെ തിങ്കളാഴ്ച പ്രതികരിച്ചത്.

നിരവധി പേര്‍ വിശുദ്ധമായി കണക്കാക്കുന്ന ഒരു പുസ്തകം കത്തിക്കുന്നത് വലിയ അനാദരവ് നിറഞ്ഞ പ്രവര്‍ത്തിയാണെന്നും നിയമാനുസൃതമാണെങ്കിലും ചില കാര്യങ്ങള്‍ ഭയാനകരമായിരിക്കുമെന്നും ഖുര്‍ആന്‍ കത്തിച്ച സംഭവത്തില്‍ നെഡ് പ്രൈസ് പറഞ്ഞു. വാഷിങ്ടണില്‍ നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

”സ്റ്റോക്ക്‌ഹോമിലെ നമ്മുടെ എംബസിക്ക് മുന്നില്‍ ഇത്തരം ദൈവനിന്ദ അനുവദിക്കുന്നവര്‍ അവരുടെ നാറ്റോ അംഗത്വത്തിന് ഇനി നമ്മളുടെ പിന്തുണ പ്രതീക്ഷിക്കേണ്ടതില്ല.

തുര്‍ക്കി റിപ്പബ്ലിക്കിന്റെയോ മുസ്‌ലിങ്ങളുടെയോ മതവിശ്വാസങ്ങളോട് നിങ്ങള്‍ ബഹുമാനം കാണിക്കുന്നില്ലെങ്കില്‍, ഞങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് നാറ്റോ അംഗത്വത്തിന് ഒരു പിന്തുണയും ലഭിക്കില്ല,” എന്നായിരുന്നു എര്‍ദോഗന്‍ വിഷയത്തില്‍ നേരത്തെ പറഞ്ഞത്.

Content Highlight: Finland says may join NATO without Sweden

We use cookies to give you the best possible experience. Learn more