| Thursday, 14th April 2022, 8:11 am

റഷ്യന്‍ അധിനിവേശം; നാറ്റോയില്‍ ചേരാന്‍ ഒരാഴ്ചക്കുള്ളില്‍ തീരുമാനമെടുക്കുമെന്ന് ഫിന്‍ലന്‍ഡ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

സ്റ്റോക്ക്‌ഹോം: നാറ്റോയില്‍ ചേരണമോയെന്ന കാര്യത്തില്‍ ഒരാഴ്ചക്കകം തീരുമാനമെടുക്കമെന്ന് ഫിന്‍ലന്‍ഡ് പ്രധാനമന്ത്രി സന്നാ മരിന്‍. സ്വീഡന്‍ പ്രധാനമന്ത്രി മഗ്ദലീന ആന്‍ഡേഴ്‌സണുമായി ഉടന്‍ തന്നെ സംയുക്ത വാര്‍ത്താ സമ്മേളനം നടത്തുമെന്ന് സന്നാ മരിന്‍ അറിയിച്ചു. സ്റ്റോക്ക്‌ഹോമില്‍ ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തി.

അടുത്തിടെ നാറ്റോയില്‍ ചേരുന്നതിനെതിരെ റഷ്യ ഫിന്‍ലന്‍ഡിനും സ്വീഡനും മുന്നറിയിപ്പ് നല്‍കിയിരുന്നു.

നാറ്റോയില്‍ ചേരാനുള്ള തീരുമാനം റഷ്യയുമായുള്ള അതിര്‍ത്തിയില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന അഭിപ്രായം ഫിന്‍ലന്‍ഡ് പാര്‍ലമെന്റില്‍ ഉയര്‍ന്നിരുന്നു.

ഫിന്‍ലന്‍ഡും സ്വീഡനും സൈനികമായി ചേരിചേരാ രാജ്യങ്ങളാണ്. എന്നാല്‍ റഷ്യയുടെ ഉക്രൈന്‍ അധിനിവേശം നാറ്റോയില്‍ ചേരാനുള്ള ഇരുരാജ്യങ്ങളുടെയും തീരുമാനത്തിന് ജനപിന്തുണ വര്‍ധിപ്പിച്ചിരിക്കുകയാണ്.

ഫിന്‍ലാന്‍ഡ് റഷ്യയുമായി 1,340 കിലോമീറ്റര്‍ അതിര്‍ത്തിയാണ് പങ്കിടുന്നത്. റഷ്യയുടെ യുദ്ധം യൂറോപ്പിലെ സുരക്ഷാ അന്തരീക്ഷത്തെ മാറ്റിമറിച്ചെന്നും പ്രതിരോധ നയം പുനഃപരിശോധിക്കാന്‍ നിര്‍ബന്ധിതരാക്കിയെന്നും ഫിന്‍ലന്‍ഡ് വിദേശകാര്യമന്ത്രി പെക്ക ഹാവിസ്റ്റോ പറഞ്ഞു.

ഫിന്‍ലന്‍ഡിലെ പോലെ തന്നെ വളരെ ഗൗരവമായ വിശകലനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണും തീരുമാനമെടുക്കുന്നതിന് ഇനിയും വൈകുന്നതില്‍ കാര്യമില്ലെന്നും മഗ്ദലീന ആന്‍ഡേഴ്‌സണ്‍ മാധ്യമങ്ങളോട് പറഞ്ഞു.

ജൂണ്‍ അവസാനം നടക്കുന്ന നാറ്റോ ഉച്ചകോടിയില്‍ അംഗത്വത്തിന് അപേക്ഷിക്കാന്‍ ആന്‍ഡേഴ്‌സണ്‍ ലക്ഷ്യമിടുന്നതായി സ്വീഡിഷ് പത്രമായ സ്വെന്‍സ്‌ക ഡാഗ്ബ്ലാഡെറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍ തീരുമാനവുമായി മുന്നോട്ട് പോയാല്‍ സ്വന്തം നടപടികളിലൂടെ സാഹചര്യം പുനഃസന്തുലിതമാക്കേണ്ടിവരുമെന്ന് റഷ്യന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു.

റഷ്യയുടെ ഉക്രൈന്‍ അധിനിവേശത്തോടെ നാറ്റോയില്‍ കൂടുതല്‍ രാജ്യങ്ങള്‍ ചേര്‍ന്നേക്കും. നാറ്റോയുടെ അംഗത്വ വിപുലീകരണവും പ്രകോപനമായി കണക്കാക്കുമെന്നും അനന്തരഫലങ്ങള്‍ ഉണ്ടാകുമെന്നും റഷ്യന്‍ വക്താക്കള്‍ മുന്നറിയിപ്പ് നല്‍കുന്നു.

ചിത്രം കടപ്പാട്: ബി.ബി.സി

Content Highlight: Finland’s Prime Minister Sanna Marin has said she will decide in a week’s whether to join NATO

We use cookies to give you the best possible experience. Learn more