| Saturday, 20th August 2022, 10:27 am

പാര്‍ട്ടി വീഡിയോ വിവാദം; ഡ്രഗ് ടെസ്റ്റ് നടത്തിയതായി സ്ഥിരീകരിച്ച് ഫിന്‍ലാന്‍ഡ് പ്രധാനമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹെല്‍സിങ്കി: സുഹൃത്തുക്കള്‍ക്കൊപ്പം സ്വകാര്യ വസതിയില്‍ നടത്തിയ പാര്‍ട്ടിയുടെ വീഡിയോ പുറത്താവുകയും വിവാദത്തിന് വഴിവെക്കുകയും ചെയ്തതിന് പിന്നാലെ താന്‍ ഡ്രഗ് ടെസ്റ്റ് നടത്തിയതായി സ്ഥിരീകരിച്ച് ഫിന്‍ലാന്‍ഡ് പ്രധാനമന്ത്രി സന്ന മരിന്‍.

സന്ന മരിന്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഡാന്‍സ് കളിക്കുകയും പാട്ട് പാടുകയും ചെയ്ത് ആഘോഷിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനെതിരെ രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നടക്കം വലിയ വിമര്‍ശനമായിരുന്നു ഉയര്‍ന്നത്.

പ്രധാനമന്ത്രി ഡ്രഗ് ടെസ്റ്റ് നടത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് താന്‍ ടെസ്റ്റ് നടത്തിയതായി സന്ന മരിന്‍ തന്നെ സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച നടത്തിയ പത്രസമ്മേളനത്തിലായിരുന്നു വെളിപ്പെടുത്തല്‍.

ഡ്രഗ് ടെസ്റ്റ് നടത്തിയെന്നും അടുത്തയാഴ്ചയോട് കൂടി ടെസ്റ്റ് ഫലം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മരിന്‍ വ്യക്തമാക്കി.

”എനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ വളരെ ഗൗരവമുള്ളതാണെന്ന് ഞാന്‍ കരുതുന്നു. ഒരു ലഹരി പരിശോധനയുടെ ആവശ്യമുണ്ടെന്ന് ഞാന്‍ കരുതുന്നില്ലെങ്കിലും, എന്റെ സ്വന്തം നിയമ പരിരക്ഷയ്ക്കും ജനങ്ങളുടെ സംശയങ്ങള്‍ തീര്‍ക്കുന്നതിനുമായി, ഞാന്‍ ഇന്ന് ഡ്രഗ് ടെസ്റ്റ് നടത്തി, അതിന്റെ ഫലങ്ങള്‍ ഏകദേശം ഒരാഴ്ചക്കുള്ളില്‍ വരും,” സന്ന മരിന്‍ പറഞ്ഞു.

താന്‍ ലഹരിമരുന്നുകള്‍ ഉപയോഗിച്ചിട്ടില്ലെന്നും മരിന്‍ ആവര്‍ത്തിച്ചു. ”നിയമവിരുദ്ധമായി ഞാന്‍ ഒന്നും ചെയ്തിട്ടില്ല,” ഫിന്‍ലാന്‍ഡ് പ്രധാനമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

ഡ്രഗ് ടെസ്റ്റ് എടുക്കാന്‍ തയ്യാറാണെന്ന് വീഡിയോ വിവാദമായതിന് പിന്നാലെ തന്നെ മരിന്‍ വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ദിവസം വീഡിയോ പുറത്തുവന്നതിന് പിന്നാലെ വലിയ പ്രതിഷേധമാണ് രാജ്യത്ത് ഉയരുന്നത്. രാജ്യം ഭരിക്കാതെ പ്രധാനമന്ത്രി പാര്‍ട്ടി നടത്തുകയാണ്, ഒരു പ്രധാനമന്ത്രിക്ക് ചേര്‍ന്ന പ്രവര്‍ത്തിയല്ല ഇത് എന്നൊക്കെയാണ് ഉയരുന്ന വിമര്‍ശനം.

അതേസമയം തനിക്കെതിരായി ഉയരുന്ന വിമര്‍ശനങ്ങളിലും ആരോപണങ്ങളിലും മരിന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
പാര്‍ട്ടിക്കിടെ മാത്രമാണ് താന്‍ മദ്യപിച്ചതെന്നും മറ്റൊരു സമയത്തും യാതൊരു ലഹരികളും ഉപയോഗിച്ചിട്ടില്ലെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.

വീഡിയോ എടുക്കുന്ന കാര്യം തനിക്ക് അറിയാമായിരുന്നെന്നും എന്നാല്‍ പൊതുജനങ്ങള്‍ക്കിടയില്‍ വീഡിയോ പ്രചരിച്ചതില്‍ ദുഖവും നിരാശയുമുണ്ടെന്നും ഫിന്‍ലാന്‍ഡ് പ്രധാനമന്ത്രി പറഞ്ഞു.

മറ്റെല്ലാവരെയും പോലെ ഒഴിവ് സമയം സുഹൃത്തുക്കള്‍ക്കൊപ്പമാണ് ചിലവഴിക്കാറ്. താന്‍ ഡാന്‍സ് കളിച്ചുവെന്നും പാട്ട് പാടിയെന്നും അത് തീര്‍ത്തും നിയമവിധേയമായ കാര്യമാണെന്നും സന്ന മരിന്‍ പറഞ്ഞു. തന്റെ പെരുമാറ്റത്തില്‍ എന്തെങ്കിലും മാറ്റം വരുത്തണമെന്ന് തോന്നിയിട്ടില്ലെന്നും താന്‍ യഥാര്‍ത്ഥത്തില്‍ എങ്ങനെയാണോ അതുപോലെ തന്നെ എന്നും തുടരുമെന്നും മരിന്‍ കൂട്ടിച്ചേര്‍ത്തു.

സോഷ്യല്‍ ഡെമോക്രാറ്റ് ലീഡറായ 36കാരിയായ സന്ന മരിന്‍ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ്. സംഗീത പരിപാടികളില്‍ നിരന്തരം പങ്കെടുക്കാറുള്ള മരിന്‍ കഴിഞ്ഞ വര്‍ഷം കൊവിഡ് പോസിറ്റീവായ വ്യക്തിയുമായി അടുത്ത കോണ്‍ടാക്ടായ ശേഷവും ക്ലബ്ബില്‍ പാര്‍ട്ടിയില്‍ പങ്കെടുത്തത് വലിയ വിമര്‍ശനങ്ങള്‍ ക്ഷണിച്ച് വരുത്തിയിരുന്നു.

ഇതിന് പിന്നാലെ സന്ന മരിന്‍ മാപ്പ് പറയുകയും ചെയ്തിരുന്നു.

Content Highlight: Finland PM Sanna Marin reveals she has taken drug test after party video went viral

We use cookies to give you the best possible experience. Learn more