ഹെല്‍സിങ്കി: ഫിന്‍ലാന്‍ഡ് പ്രധാനമന്ത്രി സന്ന മരിന്റെ ‘പാര്‍ട്ടി വീഡിയോ’ വിവാദവും പിന്നാലെ നടത്തിയ ഡ്രഗ് ടെസ്റ്റിന്റെ ഫലം നെഗറ്റീവായി വന്നതും വലിയ വാര്‍ത്തയായിരുന്നു.
സുഹൃത്തുക്കള്‍ക്കൊപ്പം തന്റെ സ്വകാര്യ വസതിയില്‍ പാര്‍ട്ടി നടത്തിയതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ ഒരു വിഭാഗം ആളുകള്‍ സന്ന മരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.
രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളും വിമര്‍ശകരുമടക്കം ആവശ്യമുന്നയിച്ചതിനെത്തുടര്‍ന്നായിരുന്നു ഫിന്‍ലാന്‍ഡ് പ്രധാനമന്ത്രി ഡ്രഗ് ടെസ്റ്റിന് വിധേയയായത്. പരിശോധനാ ഫലം നെഗറ്റീവായതിന്റെ പശ്ചാത്തലത്തില്‍ തനിക്കെതിരായി ഉയര്‍ന്ന ആരോപണങ്ങളോട് വൈകാരികമായി പ്രതികരിച്ചിരിക്കുകയാണ് സന്ന മരിന്‍.
തന്റെ അവകാശമായ സ്വകാര്യ ജീവിതത്തിലേക്ക് ആളുകള്‍ കടന്നുകയറുന്നതിനെക്കുറിച്ചും ജോലിയിലെ തന്റെ ആത്മാര്‍ത്ഥതയെക്കുറിച്ചുമാണ് നേരിട്ടും അല്ലാതെയും സന്ന മരിന്‍ പരാമര്‍ശിക്കുന്നത്.
”ഞാനൊരു മനുഷ്യനാണ്. ഈ ഇരുണ്ട സാഹചര്യങ്ങള്‍ക്കിടയില്‍ കുറച്ച് സന്തോഷത്തിനും വെളിച്ചത്തിനും വിനോദത്തിനും വേണ്ടി ഞാനും പലപ്പോഴും ആഗ്രഹിക്കാറുണ്ട്,” (I am human. And I too sometimes long for joy, light and fun amidst these dark clouds) ഫിന്‍ലാന്‍ഡ് തലസ്ഥാനമായ ഹെല്‍സിങ്കിയിലെ ലാഹ്തി സിറ്റിയില്‍ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ (എസ്.ഡി.പി) പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് സന്ന മരിന്‍ പറഞ്ഞു.
”ഇത് തീര്‍ത്തും സ്വകാര്യമായ കാര്യമാണ്, സന്തോഷമാണ്, ജീവിതമാണ്.
പക്ഷെ എന്റെ ഔദ്യോഗിക ജീവിതത്തിലെ ഒരു ദിവസം പോലും ഞാന്‍ നഷ്ടപ്പെടുത്തിയിട്ടില്ല.
കഴിഞ്ഞയാഴ്ച എന്റെ ജീവിതത്തില്‍ വളരെ ബുദ്ധിമുട്ടേറിയതായിരുന്നു. ഒഴിവുസമയങ്ങളില്‍ നമ്മള്‍ എന്താണ് ചെയ്യുന്നത് എന്നതിനേക്കാള്‍ ജോലി സമയത്ത് നമ്മള്‍ എന്താണ് ചെയ്യുന്നത് എന്ന് ആളുകള്‍ നോക്കുമെന്ന് വിശ്വസിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്,” ഫിന്‍ലാന്‍ഡ് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം, പാര്‍ട്ടിയുടെ സമയത്ത് അല്‍പം മദ്യപിച്ചു എന്നല്ലാതെ താന്‍ മറ്റൊരു സമയത്തും ഒരു ലഹരി മരുന്നുകളും ഉപയോഗിച്ചിട്ടില്ല എന്ന് വിവാദം പൊട്ടിപ്പുറപ്പെട്ടതിന് തൊട്ടുപിന്നാലെ തന്നെ സന്ന മരിന്‍ വ്യക്തമാക്കിയിരുന്നു.
പാട്ട് പാടുന്നതും ഡാന്‍സ് ചെയ്യുന്നതും നിയമാനുസൃതമല്ലേ എന്നും അവര്‍ പ്രതികരണത്തിനിടെ ചോദിച്ചിരുന്നു.
കഴിഞ്ഞയാഴ്ചയായിരുന്നു സന്ന മരിന്‍ സുഹൃത്തുക്കള്‍ക്കൊപ്പം പാര്‍ട്ടി നടത്തുകയും പാട്ട് പാടിയും നൃത്തം ചെയ്തും ആഘോഷിക്കുകയും ചെയ്യുന്നതിന്റെ വീഡിയോ പുറത്തുവന്നത്. ഇത് വിവാദമാകുകയായിരുന്നു.
രാജ്യം ഭരിക്കാതെ പ്രധാനമന്ത്രി പാര്‍ട്ടി നടത്തുകയാണ് എന്നും ‘ഇത്തരം പ്രവര്‍ത്തികള്‍’ ഒരു പ്രധാനമന്ത്രിക്ക് ചേര്‍ന്നതല്ല എന്നുമായിരുന്നു ഉയര്‍ന്ന പ്രധാന വിമര്‍ശനം.
എന്നാല്‍ സന്ന മരിനെ പിന്തുണച്ചുകൊണ്ടും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. സന്ന മരിന്റെ വീഡിയോക്ക് സമാനമായി സുഹൃത്തുക്കള്‍ക്കൊപ്പവും അല്ലാതെയും പാട്ടുപാടി നൃത്തം ചെയ്ത് ആഘോഷിക്കുന്നതിന്റെ വീഡിയോകളായിരുന്നു സമൂഹമാധ്യമങ്ങളിലൂടെ ആളുകള്‍ വ്യാപകമായി പങ്കുവെച്ചത്.
‘സോളിഡാരിറ്റി വിത്ത് സന്ന’ (#SolidarityWithSanna) എന്ന ഹാഷ്ടാഗും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
Content Highlight: Finland PM Sanna Marin emotionally reacts after criticism over Party video