| Friday, 13th May 2022, 9:23 am

നാറ്റോയില്‍ ചേരാന്‍ പിന്തുണ തേടി ഫിന്‍ലാന്‍ഡ്; പ്രത്യഘാതമുണ്ടാകുമെന്ന് റഷ്യന്‍ മുന്നറിയിപ്പ്; റഷ്യ ആക്രമിച്ചാല്‍ ഫിന്‍ലാന്‍ഡിനെ സഹായിക്കുമെന്ന് ബ്രിട്ടന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹെല്‍സിന്‍കി: നാറ്റോയില്‍ ചേരുന്നതിന് പിന്തുണ ആവശ്യപ്പെട്ട് ഫിന്‍ലാന്‍ഡിലെ നേതാക്കള്‍. നാറ്റോ അംഗത്വത്തിന് അപേക്ഷിക്കുന്നതിനാണ് നേതാക്കള്‍ വ്യാഴാഴ്ച ജനങ്ങളുടെ പിന്തുണ ആവശ്യപ്പെട്ട് രംഗത്തെത്തിയത്.

വൈകാതെ സ്വീഡനും ഇതേ നീക്കവുമായി രംഗത്തെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ജൂണ്‍ അവസാനം നടക്കുന്ന നാറ്റോ ഉച്ചകോടിയില്‍ വെച്ച് അംഗത്വത്തിന് അപേക്ഷിക്കാന്‍ സ്വീഡന്‍ പ്രധാനമന്ത്രി മഗ്ദലീന ആന്‍ഡേഴ്സണ്‍ ലക്ഷ്യമിടുന്നതായി സ്വീഡിഷ് പത്രമായ സ്വെന്‍സ്‌ക ഡാഗ്ബ്ലാഡെറ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

നാറ്റോ അംഗത്വത്തിന് അപേക്ഷിക്കുമെന്ന് നേരത്തെ തന്നെ ഫിന്‍ലാന്‍ഡ് പ്രധാനമന്ത്രി സന്ന മരിനും പ്രസിഡന്റ് സൗലി നിനിസ്റ്റോയും വ്യക്തമാക്കിയിരുന്നു. ഫിന്‍ലാന്‍ഡിന്റെ പെട്ടെന്നുള്ള ഈ നീക്കത്തിന് കാരണം റഷ്യയുടെ ഉക്രൈന്‍ അധിനിവേശമാണെന്നും നിനസ്റ്റോ പറഞ്ഞു.

”നിങ്ങളാണ് (റഷ്യ) ഇതിന് കാരണം. പോയി കണ്ണാടിയില്‍ നോക്കൂ,” നിനിസ്‌റ്റോ പ്രതികരിച്ചു.

അതേസമയം നാറ്റോയില്‍ ചേരാനാണ് ഫിന്‍ലാന്‍ഡും സ്വീഡനും ലക്ഷ്യമിടുന്നതെങ്കില്‍ തിരിച്ചടിക്കുമെന്നും, റഷ്യയുടെ ദേശീയ സുരക്ഷക്ക് ഭീഷണിയാകുന്ന നീക്കത്തിനെതിരെ സൈനികപരവും സാങ്കേതികപരവുമായ നടപടികള്‍ (military-technical steps) സ്വീകരിക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരാകുമെന്നും റഷ്യ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

റഷ്യന്‍ വക്താവ് ദിമിത്രി പെസ്‌കോവും വിഷയത്തില്‍ ഫിന്‍ലാന്‍ഡിനും സ്വീഡനും മുന്നറിയിപ്പ് നല്‍കിയിരുന്നു.

റഷ്യയുമായി 1,340 കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്ന രാജ്യമാണ് ഫിന്‍ലാന്‍ഡ്.

ഫിന്‍ലാന്‍ഡ് നാറ്റോയുടെ ഭാഗമാകുന്നത് റഷ്യക്ക് ഭീഷണിയാണെന്നും ഇതിനെതിരെ നടപടിയെടുക്കുമെന്നും റഷ്യന്‍ പ്രതിരോധ മന്ത്രാലയ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു.

ഇതിനിടെ, നോര്‍ഡിക് രാജ്യങ്ങളായ ഫിന്‍ലാന്‍ഡിനെയും സ്വീഡനെയും റഷ്യ ആക്രമിച്ചാല്‍ ഇവരുടെ സഹായത്തിനെത്തുമെന്ന് ബ്രിട്ടന്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, വൈകാതെ നാറ്റോ അംഗത്വത്തിന് അപേക്ഷിക്കുമെന്ന ഫിന്‍ലാന്‍ഡിന്റെ പ്രഖ്യാപനത്തെ നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്‌റ്റോള്‍ട്ടന്‍ബര്‍ഗ് സ്വാഗതം ചെയ്തു.

ഫിന്‍ലന്‍ഡും സ്വീഡനും സൈനികമായി ചേരിചേരാ രാജ്യങ്ങളാണ്. എന്നാല്‍ റഷ്യയുടെ ഉക്രൈന്‍ അധിനിവേശത്തോടെ, ഫിന്‍ലാന്‍ഡിലെയും സ്വീഡനിലെയും ജനങ്ങളും പൊതുവെ നാറ്റോ അംഗത്വമെടുക്കുന്നതിന് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നത്.

Content Highlight: Finland leaders seek support for NATO membership, Sweden also on the way, while Russia warns of consequences

We use cookies to give you the best possible experience. Learn more