വീണ്ടും വിവാദ പ്രസംഗവുമായി ത്രിപുര മുഖ്യമന്ത്രി; ഭരണം ചോദ്യം ചെയ്യുന്നവരുടെ നഖം വെട്ടുമെന്ന് ഭീഷണി
National
വീണ്ടും വിവാദ പ്രസംഗവുമായി ത്രിപുര മുഖ്യമന്ത്രി; ഭരണം ചോദ്യം ചെയ്യുന്നവരുടെ നഖം വെട്ടുമെന്ന് ഭീഷണി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 2nd May 2018, 8:39 am

അഗര്‍ത്തല: തുടര്‍ച്ചയായ അബദ്ധ പ്രസ്താവനകള്‍ നടത്തി വിവാദ നായകനായ ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ് വീണ്ടും വിവാദ പ്രസ്താവനയുമായി രംഗത്ത്. മുന്‍ലോകസുന്ദരി ഡയാന ഹെയ്ഡനെതിരായ പരാമര്‍ശത്തിനു മാപ്പു പറഞ്ഞതിനു പിന്നാലെ ഭരണത്തെക്കുറിച്ചു നടത്തിയ പ്രസംഗമാണ് ഇപ്പോള്‍ വിവാദത്തിലായിരിക്കുന്നത്. തന്റെ സര്‍ക്കാറിനെ വിമര്‍ശിക്കുന്നവര്‍ക്ക് നേരെ ഭീഷണിയുമായാണ് ഇത്തവണ അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്. സര്‍ക്കാരിനെ വിമര്‍ശിക്കുകയോ ഭരണത്തെ പരിഹസിക്കുകയോ ചെയ്യുന്നവരുടെ നഖം വെട്ടിക്കളയുമെന്നാണ് ഭീഷണി.

അപകീര്‍ത്തികരമായ പ്രസംഗത്തിന് ഡയാനയോട് മാപ്പു പറഞ്ഞതിനു പിന്നാലെ അഗര്‍ത്തലയില്‍ സിവില്‍ സര്‍വീസസ് ദിനത്തോട് അനുബന്ധിച്ചുനടന്ന ചടങ്ങിലായിരുന്നു ബിപ്ലബിന്റെ വിവാദപരാമര്‍ശം. സമൂഹമാധ്യമങ്ങളിലൂടെ ഇതിന്റെ വിഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്.


Read Also : തുടര്‍ച്ചയായ വിവാദപ്രസ്താവനകള്‍: ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് ദേബിനെ പ്രധാനമന്ത്രി നേരിട്ട് വിളിപ്പിച്ചു


“തന്റെ സര്‍ക്കാരിലോ ജനങ്ങള്‍ക്കുമേലോ കൈകടത്താന്‍ അനുവദിക്കില്ല. ബിപ്ലബ് ദേബല്ല സര്‍ക്കാര്‍, ജനങ്ങളാണ് സര്‍ക്കാരെന്ന് വിഡിയോയില്‍ ബിപ്ലബ് പറയുന്നു. കാണികള്‍ക്കുനേരെ വിരല്‍ചൂണ്ടിയായിരുന്നു ബിപ്ലബിന്റെ പ്രസംഗം. ആര്‍ക്കും ജനത്തിനുമേല്‍ കൈകടത്താന്‍ ആകില്ലെന്ന് അദ്ദേഹം ആവര്‍ത്തിക്കുന്നു. എന്റെ ചെറുപ്പത്തില്‍ സര്‍ക്കാര്‍ ഭൂമി ആണെങ്കില്‍ എന്തും ചെയ്യാമെന്നാണ് ആളുകള്‍ പറഞ്ഞിരുന്നത്. രാവിലെ എട്ടുമണിക്ക് ചന്തയിലെത്തിക്കുന്ന പാവയ്ക്ക ഒന്‍പതുമണിയാകുമ്പോഴേക്കും നഖത്തിന്റെ പോറലേറ്റ് വാടിപ്പോകും. എന്റെ സര്‍ക്കാര്‍ അങ്ങനെയല്ല. അധികാരത്തില്‍ നഖത്തിന്റെ പാടുകള്‍ അവശേഷിക്കാന്‍ അനുവദിക്കില്ല. അത്തരം അനുഭവമുണ്ടാക്കാന്‍ ശ്രമിക്കുന്നവരുടെ നഖങ്ങള്‍ മുറിച്ചുമാറ്റും” എന്നും ബിപ്ലബ് പറഞ്ഞു.

ഭരണത്തിലേറി ഒരു മാസം പിന്നിടും മുമ്പേ തുടര്‍ച്ചയായ അബദ്ധ പ്രസ്താവനകള്‍ നടത്തി കുപ്രസിദ്ധി നേടിയ ബിപ്ലബ് ദേബിനെ കഴിഞ്ഞ ദിവസം പ്രധാനമനത്രി വിളിപ്പിച്ചിരുന്നു. മഹാഭാരത കാലഘട്ടം മുതല്‍ ഇന്ത്യയില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഉണ്ടായിരുന്നെന്ന് അവകാശപ്പെട്ട് ബിപ്ലവ് ദേബ് അപഹാസ്യനായിരുന്നു. വിമര്‍ശനങ്ങളുയര്‍ന്നപ്പോള്‍ തന്റെ പ്രസ്താവന വീണ്ടും ആവര്‍ത്തിച്ചാണ് ത്രിപുര മുഖ്യമന്ത്രി പ്രതികരിച്ചത്. ഒരുവര്‍ഷം 104 സാറ്റലൈറ്റുകള്‍ ശൂന്യാകാശത്തേക്ക് അയക്കുകയെന്ന മോദി സര്‍ക്കാറിന്റെ നേട്ടം ഇതിനു തെളിവാണെന്നും അദ്ദേഹം വാദിച്ചു.

ഡയാന ഹെയ്ഡനു ലോക സുന്ദരിപ്പട്ടം നല്‍കിയതിനെ വിമര്‍ശിച്ച ബിപ്ലബ് പിന്നീടു ക്ഷമ ചോദിച്ചിരുന്നു. മാധ്യമങ്ങള്‍ക്കു “മസാല” വിളമ്പരുതെന്നു ബി.ജെ.പി നേതാക്കളോടു പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദേശിച്ചെങ്കിലും ബിപ്ലബ് വായടച്ചില്ല. ബുധനാഴ്ച കൂടിക്കാഴ്ച നടത്താന്‍ ബിപ്ലബിനെ മോദി ഡല്‍ഹിയിലേക്കു വിളിപ്പിച്ചിട്ടുണ്ട്.

 https://twitter.com/ANI/status/991266646873518080