“ഞങ്ങള്‍ ഇത്രയേ ആവശ്യപ്പെടുന്നുള്ളൂ. ഞങ്ങള്‍ക്ക് ആരും പുതിയ കമ്പ്യൂട്ടറോ ക്യാന്‍വാസോ ആധുനിക സജ്ജീകരണങ്ങളുള്ള റൂമോ ഒന്നും തരണ്ട. ഈ ഇടിഞ്ഞ് പൊളിഞ്ഞ് വീഴാറായ ഒട്ടും സുരക്ഷിതത്വമില്ലാത്ത കെട്ടിടത്തില്‍ നിന്ന് ഞങ്ങളെ മറ്റൊരു കെട്ടിടത്തിലേക്ക് താത്ക്കാലികമായിട്ടെങ്കിലും മാറ്റിത്തന്നാല്‍ മതി.”- കാലടി സംസ്‌കൃത സര്‍വകലാശാലയിലെ ഫൈന്‍ ആര്‍ട്‌സ് ഡിപ്പാര്‍ട്‌മെന്റിലെ വിദ്യാര്‍ത്ഥികളുടെ വാക്കുകളാണ് ഇത്.
കാലടി സര്‍വകലാശാല 25 വര്‍ഷം മുന്‍പ് ആരംഭിച്ച കെട്ടിടത്തിലാണ് ഇപ്പോഴും ഫൈന്‍ ആര്‍ട്‌സ് വിദ്യാര്‍ത്ഥികളുടെ ഡിപാര്‍ട്‌മെന്റ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ആസ്ബസ്റ്റോസ് ഷീറ്റിട്ട പൊട്ടിപ്പൊളിഞ്ഞുവീഴാറായ കെട്ടിടം. യൂണിവേഴ്‌സിറ്റി പുരോഗമിച്ച് പുതിയ ഡിപാര്‍ട്‌മെന്റുകളും പുതിയ കെട്ടിടങ്ങളും വന്നെങ്കിലും ഫൈന്‍ ആര്‍ട്‌സ് ഡിപാര്‍മെന്റിന് മാത്രം ഇവിടെ കെട്ടിടമില്ല.
പുതുതായി പണിത കെട്ടിടങ്ങളെല്ലാം മറ്റ് ഡിപാര്‍ട്‌മെന്റുകള്‍ക്ക് കൊടുത്തപ്പോഴും കഴിഞ്ഞ 20 വര്‍ഷമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഫൈന്‍ ആര്‍ട്‌സ് ഡിപാര്‍മെന്റിനെ യൂണിവേഴ്‌സിറ്റി അവഗണിക്കുകയായിരുന്നുവെന്നാണ് വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നത്.
“”ഇവിടെ ആറാമത്തെ വര്‍ഷമാണ് ഞാന്‍ പഠിക്കുന്നത്. വര്‍ഷങ്ങളായി ഇവിടെ ഫൈന്‍ ആര്‍ട്‌സ് കെട്ടിടത്തിനായുള്ള സമരം നടന്നുകൊണ്ടിരിക്കുകയാണ്. അന്നൊന്നും ഇതിലൊരു നിലപാടും യൂണിവേഴ്‌സിറ്റി അധികൃതര്‍ സ്വീകരിച്ചിട്ടില്ല. പുതിയ കെട്ടിടം വരുന്നതുവരെ താത്ക്കാലികമായി എവിടേക്കെങ്കിലും മാറ്റണമെന്ന ആവശ്യവും അവര്‍ അംഗീകരിച്ചില്ല. ആറ് വര്‍ഷം മുന്‍പത്തേക്കാള്‍ ശോചനീയമായ അവസ്ഥയാണ് ഉള്ളത്. ഇത് പ്രളയത്തിന് മുന്‍പുള്ള കാര്യമാണ്. പ്രളയത്തിന് ശേഷമുള്ള കാര്യം ഇതിനേക്കാള്‍ ഭീതിതമാണ്.
ഭിത്തിയില്‍ തൊട്ടാല്‍ പോലും ഷോക്കടിക്കും. അടിത്തറയുടെ ഉള്ളിലൂടെ വെള്ളം ഒഴുകുന്ന അവസ്ഥയിലാണ്. പാടം നികത്തിയുള്ള സ്ഥലമാണ് ഇത്. ഇപ്പോഴും ചെളി നിറഞ്ഞ സ്ഥലത്ത് തന്നെയാണ് കെട്ടിടം നിലനില്‍ക്കുന്നത്. പ്രളയത്തിന് ശേഷം കുട്ടികളുടെ പെയിന്റുകളും ശില്പങ്ങളും സൂക്ഷിക്കാന്‍ സ്ഥലമില്ല. ഒരു മഴ പെയ്തുകഴിഞ്ഞാല്‍ തന്നെ വെള്ളം കയറുന്ന അവസ്ഥയാണ്. എക്‌സാം വര്‍ക്കുകള്‍ എല്ലാം നശിച്ചുപോയി. പ്ലൈവുഡില്‍ വലിയ വില കൊടുത്ത് വാങ്ങി ചെയ്ത എത്രയോ വര്‍ക്കുകള്‍. എല്ലാം നശിച്ചുപോയി. പ്രളയത്തിന് ശേഷം ഞങ്ങള്‍ ഇവിടെ വന്നു നോക്കി. ഒന്നും ബാക്കിയുണ്ടായിരുന്നില്ല. ബുക്ക്, പെയിന്റിങ് വര്‍ക്ക് എല്ലാം ഒഴുകിപ്പോയ അവസ്ഥയിലാണ്. – ഫൈന്‍ ആര്‍ട്‌സ് വിദ്യാര്‍ത്ഥിയായ യദു ഡൂള്‍ന്യൂസിനോട് പറഞ്ഞു.
വെള്ളപ്പൊക്കം സംസ്‌കൃത സര്‍വ്വകലാശാലയ്ക്ക് ഭീമമായ നാശനഷ്ടങ്ങളാണുണ്ടാക്കിയത്. യൂണിവേഴ്‌സിറ്റിക്ക് ഏകദേശം പത്തരക്കോടിയോളം നഷ്ടങ്ങളുണ്ടായി എന്നാണ് പ്രാഥമിക കണക്കെടുപ്പില്‍ പറഞ്ഞിരിക്കുന്നത്.
പ്രളയാനന്തരം സെപ്തംബര്‍ മൂന്നാം തീയതിതോടെ സര്‍വകലാശാലയില്‍ ക്ലാസ്സുകള്‍ പുനരാരംഭിച്ചു. ഈ സാഹചര്യത്തില്‍ ക്ലാസുകള്‍ തുടരാനാകാതെ നാശനഷ്ടങ്ങള്‍ക്കു മുന്‍പില്‍ പകച്ചും ഒറ്റപ്പെട്ടും നില്‍ക്കുകയാണ് ഫൈന്‍ ആര്‍ട്‌സ് ഡിപാര്‍ട്‌മെന്റ്.
ബാക്കിയെല്ലാ ഡിപാര്‍ട്ട്‌മെന്റുകള്‍ക്കും ക്ലാസ് പുനരാരംഭിക്കുവാനും BFA & MFA ക്കു മാത്രം അതിനാവാതിരിക്കുകയും ചെയ്യുന്നതിന് പിന്നില്‍ സര്‍വകലാശാലയുടെ ഫൈന്‍ ആര്‍ട്‌സ് വിഭാഗത്തോടുള്ള ദീര്‍ഘകാലത്തെ ഒഴിവാക്കല്‍ നയം മാത്രമാണ് കാരണമെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.
“”2014ലാണ് ഞാന്‍ സര്‍വകലാശാലാ കാമ്പസിലേക്കെത്തുന്നത്. അതിന് ശേഷം കൂത്തമ്പലത്തിന് എതിര്‍വശത്തായി പുതിയ കെട്ടിടം പണിയുകയുണ്ടായി. ഫൈന്‍ ആര്‍ട്‌സ് വിഭാഗത്തിനു വേണ്ടിയാണ് ആ കെട്ടിടം എന്നായിരുന്നു കാമ്പസിലെ ചര്‍ച്ച. പക്ഷേ പണി കഴിഞ്ഞ ശേഷം കെട്ടിടം തുറന്നുകൊടുത്തത് മറ്റ് വിഭാഗങ്ങള്‍ക്കാണ്.
ആ വിഭാഗങ്ങള്‍ക്കൊക്കെ സി.ഡി ബ്ലോക്കില്‍ മുന്നേ തന്നെ ക്ലാസ് മുറികളുണ്ടായിരുന്നു, പരിമിതികളുണ്ടായിരുന്നിരിക്കാമെങ്കിലും. എന്നാല്‍ അന്നുമിന്നും ആസ്പറ്റോസ് ഷീറ്റിനുതാഴെയായിരുന്നു ഫൈന്‍ ആര്‍ട്‌സ് വിദ്യാര്‍ത്ഥികളുടെ പഠനമുറി. ഈ പുതിയ കെട്ടിടം ഫൈന്‍ ആര്‍ട്‌സിനു നല്‍കാതെ മറ്റ് വിഭാഗങ്ങള്‍ക്ക് അനുവദിച്ചത് അവരോട് കാണിക്കുന്ന പ്രത്യക്ഷമായ ചിറ്റമ്മനയത്തിന്റെ ഭാഗമായാണ്. സര്‍വകലാശാല ആരംഭിച്ച കാലം മുതലുള്ള പഴയ കെട്ടിടത്തില്‍ തന്നെ അവരെ തുടരാനും താരതമ്യേന മെച്ചപ്പെട്ട സൗകര്യങ്ങളുണ്ടായിരുന്ന വിഭാഗങ്ങളെ പുതിയ കെട്ടിടത്തിലേക്ക് മാറ്റുവാനും മറ്റെന്തെങ്കിലും കാരണങ്ങളുണ്ടെന്ന് കരുതാനാവില്ല.
വെള്ളപ്പൊക്കം മൂലം സര്‍വകലാശാലയില്‍ ഏറ്റവുമധികം നഷ്ടമുണ്ടായതും ഫൈനാര്‍ട്‌സിനാണ്. സര്‍വകലാശാലയിലെ ഏറ്റവും താഴ്ന്ന പ്രദേശത്താണ് ഈ ഡിപാര്‍ട്‌മെന്റ്. ഏഴടിയോളം വെളളം കേറുകയും ചെയ്തു. കമ്പ്യൂട്ടറുകള്‍, ഫയലുകള്‍, ക്യാന്‍വാസുകള്‍, പെയിന്റ്, ബ്രഷുകള്‍, ചിത്രങ്ങള്‍, ശില്പങ്ങള്‍, മറ്റു സര്‍ഗാത്മക സൃഷ്ടികള്‍ തുടങ്ങിയവ വെള്ളം കൊണ്ടുപോയി. കാലപ്പഴക്കമുള്ള കെട്ടിടത്തിന്റെ പലഭാഗങ്ങളിലും വിള്ളലുകള്‍ വീണു. ഇപ്പോഴും ഭിത്തികളില്‍ ഈര്‍പ്പം നില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ അവിടെ ക്ലാസുകള്‍ തുടരുന്നത് വിദ്യാര്‍ത്ഥികള്‍ക്ക് ജീവന് ഭീഷണിയാണ്.”” വിദ്യാര്‍ത്ഥിയായ സൗമിത് പറയുന്നു.
നിലവിലെ സാഹചര്യത്തില്‍ ലൈബ്രറിക്ക് സമീപമുള്ള ഉപയോഗിക്കാതെ കിടക്കുന്ന പുതിയ കെട്ടിടത്തിലേക്ക് ക്ലാസ് മുറികള്‍ മാറ്റിത്തരണമെന്ന തങ്ങളുടെ ആവശ്യത്തെ പരിഹസിക്കുകയാണ് അധികൃതര്‍ ചെയ്തതെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.
മുന്‍പുണ്ടായിരുന്ന വിള്ളലുകള്‍ കൂടിയെന്നും പ്രളയത്തെ അതീജീവിച്ചെങ്കിലും കെട്ടിടത്തിന്റെ ഉറപ്പ് ഇപ്പോഴും സംശയമാണെന്നും ഇനിയും അതിനുള്ളില്‍ ഇരിക്കാന്‍ പറ്റില്ലെന്നുമാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്.
പെണ്‍കുട്ടികള്‍ക്ക് ബാത്‌റൂം പോലും ഇല്ലാത്ത സര്‍വകലാശാലയിലെ ഒരു ഡിപാര്‍ട്‌മെന്റാണ് ഇത്. കുട്ടികള്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷം വലുതാണ്. സാനിറ്ററി നാപ്കിന്‍ നിക്ഷേപിക്കാന്‍ ഒരു ബക്കറ്റ് പോലുമില്ല. കുടിവെള്ളമില്ല. കൂളര്‍ തുറന്നാല്‍ ഓടയിലേതിന് സമാനമായ വെള്ളം വരും.- വിദ്യാര്‍ത്ഥികള്‍ പറയുന്നു.
പണികഴിഞ്ഞ ഒന്നരവര്‍ഷമായി പൂട്ടിക്കിടക്കുന്ന കെട്ടിടമുണ്ട്. പുതിയ കെട്ടിടമാവുന്നത് വരെ താത്ക്കാലികമായി ഞങ്ങളെ ഒന്നു മാറ്റിത്തരണമെന്ന് ആവശ്യപ്പെട്ടെങ്കിലും അതിനും യൂണിവേഴ്‌സിറ്റി അധികൃതര്‍ തയ്യാറാവുന്നില്ല. ഫൈന്‍ ആര്‍ട്‌സ് പിള്ളേര്‍ക്ക് കൊടുത്താല്‍ അവര്‍ അത് നശിപ്പിക്കും എന്നാണ് അവര്‍ പറഞ്ഞതായി ഞങ്ങള്‍ അറിഞ്ഞത്. ചുവരുകളില്‍ വരച്ച് ഞങ്ങള്‍ അത് വൃത്തികേടാക്കുമത്ര…! ഞങ്ങള്‍ പഠിക്കുന്നത് അതാണല്ലോ. എല്ലാവിധ അരാജതകത്വം ഉള്ള രീതി ഇല്ലേ.. അതാണ്. ഇവിടെ നടക്കുന്നത്- വിദ്യാര്‍ത്ഥികള്‍ പറയുന്നു.
കനകധാര ഓഡിറ്റോറിയം ക്ലാസ് ആക്കിക്കൊള്ളാനാണ് അധികൃതര്‍ ഇപ്പോള്‍ പറയുന്നത്. 33 ഡിപാര്‍മെന്റിലെ കുട്ടികള്‍ അവരുടെ പ്രോഗ്രാമുകള്‍ ചെയ്യാനുള്ള ഓഡിറ്റോറിയം ഞങ്ങള്‍ക്ക് തരാമെന്നാണ് പറഞ്ഞത്. ഒരു വര്‍ഷത്തേക്ക് ഇനി ഓഡിറ്റോറിയത്തില്‍ പരിപാടിയൊന്നും ഇല്ലത്രേ..ഒരു തിയറി ക്ലാസിന്റെ ലെവിലിലുള്ള ക്ലാസ് അല്ല ഞങ്ങള്‍ക്ക് വേണ്ടത്. ഫൈന്‍ ആര്‍ട്‌സ് വിദ്യാര്‍ത്ഥിക്ക് വലിയ സ്‌പേസ് വേണം. 165 ഓളം വിദ്യാര്‍ത്ഥികള്‍ അവിടെ പഠിക്കുന്നുണ്ട്. അഭയാര്‍ത്ഥികളെപ്പോലെ ഒരു ഓഡിറ്റോറിയത്തില്‍ ഇരുന്ന് ഞങ്ങള്‍ക്ക് പഠിക്കാന്‍ കഴിയുമോ? – വിദ്യാര്‍ത്ഥികള്‍ ചോദിക്കുന്നു.
പ്രളയത്തിന് പിന്നാലെ ക്ലാസ് ആരംഭിച്ച 3ാം തിയതി വന്നപ്പോള്‍ ബാക്കിയുള്ള എല്ലാ ഡിപാര്‍ട്‌മെന്റുകളും ക്ലീന്‍ ചെയ്‌തെങ്കിലും ഫൈന്‍ ആര്‍ട്‌സിനെ മാത്രം തഴഞ്ഞു. എന്താണ് ഞങ്ങളോട് ഇങ്ങനെ കാണിക്കുന്നത്? സര്‍വകലാശാലയിലെ ഏറ്റവും ക്രിയേറ്റീവ് ആയ ഒരു വിഭാഗം കുട്ടികള്‍ക്ക് എന്തുകൊണ്ട് ഒരു സ്‌പേസ് നല്‍കുന്നില്ല.- വിദ്യാര്‍ത്ഥികള്‍ ചോദിക്കുന്നു.
സര്‍വകലാശാലയിലെ ഏറ്റവും സര്‍ഗാത്മകമായ ഡിപാര്‍ട്‌മെന്റാണ് ഫൈന്‍ ആര്‍ട്‌സ്. കലോത്സവങ്ങള്‍ ഉള്‍പ്പെടെ ഏത് പരിപാടിക്കും പോസ്റ്റര്‍, ബാനര്‍, ചുവരെഴുത്തുകള്‍, ഇന്‍സ്റ്റലേഷനുകള്‍ തുടങ്ങി എല്ലാവിധ സജ്ജീകരണങ്ങളും തയ്യാറാക്കുന്നവര്‍. അയ്യന്‍കാളി, സഹോദരന്‍ അയ്യപ്പന്‍, ബുദ്ധന്‍, അംബേദ്കര്‍, മാര്‍ക്‌സ്, ലക്‌സംബര്‍ഗ്, ഗൗരി ലങ്കേഷ് തുടങ്ങിവരുടെ ചുവര്‍ ചിത്രങ്ങള്‍ കൊണ്ട് സര്‍വകലാശാലാ സമൂഹത്തിന്റെ രാഷ്ട്രീയം വിളിച്ചു പറഞ്ഞവര്‍.
ലളിതകലാ അക്കാദമി പുരസ്‌കാരങ്ങള്‍, ബിനാലെ പുരസ്‌കാരം തുടങ്ങി സര്‍വകലാശാലക്ക് അഭിമാനമായ എത്രയെത്ര അംഗീകാരങ്ങള്‍ക്ക് അര്‍ഹരായ വിദ്യാര്‍ത്ഥികളാണവര്‍. ഇരുപത്തഞ്ചാം വാര്‍ഷികമാഘോഷിക്കുന്ന സര്‍വകലാശാല ഈ കലാകാരന്‍മാരെ കാലങ്ങളായി ആസ്പറ്റോസ് ഷീറ്റിന്റെ മേല്‍ക്കൂരയില്‍ ശ്വാസം മുട്ടിക്കുകയാണെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്.
തങ്ങള്‍ക്ക് റോഡ് ക്ലാസ് മുറിയാക്കി പ്രതിഷേധിക്കേണ്ടി വരുന്നതിനും സമരത്തിലേക്ക് തള്ളിവിടുന്നതിനും പൂര്‍ണ ഉത്തരവാദിത്തം സര്‍വകലാശാലക്കാണ്. ഭൂരിപക്ഷം വിദ്യാര്‍ഥികളുടെ കുടുംബങ്ങളേയും പ്രളയം ബാധിച്ചതിനാല്‍ അതിജീവനത്തിന് തന്നെ ബുദ്ധിമുട്ടുകയാണ്. ഈ സാഹചര്യത്തില്‍ സര്‍വകലാശാല കാണിക്കുന്ന വിദ്യാര്‍ത്ഥിവിരുദ്ധതയും ഉത്തരവാദിത്തമില്ലായ്മയും അവരെ ഇല്ലാതാക്കാന്‍ പോന്നതാണെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.
അതേസമയം വിദ്യാര്‍ത്ഥികളുടെ ആവശ്യം നൂറ് ശതമാനം ന്യായമാണെന്ന് സംസ്‌കൃത സര്‍വകലാശാല അധ്യാപകനായ സാജു ഡൂള്‍ന്യൂസിനോട് പറഞ്ഞു.
25 വര്‍ഷം മുന്‍പ് പണിഞ്ഞ ക്ലാസിലാണ് ഇപ്പോഴും വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നത്. ഓരോ ബില്‍ഡിങ് പണിയുമ്പോഴും ഇത് നിങ്ങള്‍ക്കാണ് എന്ന് പറയാറുണ്ടെങ്കിലും അത് നടക്കാറില്ല.
എല്ലാവര്‍ഷവും വിദ്യാര്‍ത്ഥികള്‍ സമരത്തിലായിരിക്കും. മഴ പെയ്താല്‍ പോലും ഇവരുടെ ക്ലാസില്‍ വെള്ളം കയറും. മഞ്ഞപ്പിത്തം പോലുള്ള അസുഖങ്ങള്‍ പിടിപെടും.
ഫൈന്‍ ആര്‍ട്‌സിന്റെ പ്രശ്‌നം ഞങ്ങള്‍ പറയുമ്പോള്‍ സാങ്കേതിക പ്രശ്‌നമാണോ അവഗണനയാണോ എന്താണെന്നറിയില്ല, ഒരു അലംഭാവം യൂണിവേഴ്‌സിറ്റിയുടെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നുണ്ട്. യൂണിവേഴ്‌സിറ്റി തലത്തിലുള്ള ഫണ്ടുകളൊന്നും ഇവര്‍ക്ക് വേണ്ടി ഉപയോഗിക്കുന്നില്ല. അത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും അധ്യാപകന്‍ പറയുന്നു.
ഇതൊരു പ്രാക്ടിക്കല്‍ കോഴ്‌സ് ആണ്. ഒരു സ്റ്റുഡിയോ മോഡല്‍ ക്ലാസ് ആണ് വേണ്ടത്. ഒരു ക്ലാസില്‍ 8 പേര്‍ക്കൊക്കേയേ ഇരിക്കാന്‍ പറ്റു. അങ്ങനെ വരുമ്പോള്‍ ബില്‍ഡിങ്ങിന് ഹൈറ്റ് കൂട്ടണം. ചില തെറ്റിദ്ധാരണകളൊക്കെ നിലനില്‍ക്കുന്നുണ്ടെന്നാണ് തോന്നത്. എല്ലാ കെട്ടിടങ്ങളും
ഒരേ രീതിയില്‍ വേണമെന്നുള്ള യൂണിവേഴ്‌സിറ്റിയുടെ തീരുമാനമായിരിക്കാം ഇതിന് പിന്നില്‍.
അധ്യാപകനെന്ന നിലയില്‍ കുട്ടികള്‍ ആ കെട്ടിടത്തിനുള്ളില്‍ ഇരുന്ന് പഠിക്കണമെന്ന് താന്‍ പറയില്ല. അവിടുത്തെ അവസ്ഥ പ്രശ്‌നം തന്നെയാണെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
വിഷയത്തില്‍ യൂണിവേഴ്‌സിറ്റി അധികൃതര്‍ ചര്‍ച്ച വെക്കുകയും കൂട്ടായ ഒരു തീരുമാനം ഉണ്ടാവണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം സര്‍വകലാശാല മുന്‍ വി.സി പുതിയ കെട്ടിടം അനുവദിക്കാമെന്ന് ഉറപ്പുനല്‍കിയിരുന്നെങ്കിലും പുതിയ വി.സി ചാര്‍ജ് എടുത്തപ്പോള്‍ അദ്ദേഹത്തിന് അത് അറിയില്ലെന്ന നിലപാടാണ് സ്വീകരിച്ചത്.
വിദ്യാര്‍ത്ഥികളുടെ പല ആവശ്യങ്ങള്‍ക്കുമായി സര്‍വകലാശാലയെ സമീപിക്കാറുണ്ടെങ്കിലും വേണ്ട നടപടികള്‍ ഉണ്ടാകാറില്ലെന്നും അധ്യാപകന്‍ ഡൂള്‍ന്യൂസിനോട് പ്രതികരിച്ചു.