| Saturday, 10th February 2024, 4:47 pm

തിരുവനന്തപുരം ഫൈന്‍ ആര്‍ട്‌സ് കോളേജില്‍ പ്രദര്‍ശനത്തിനൊരുങ്ങി അധ്യാപകരുടേയും വിദ്യാര്‍ത്ഥികളുടേയും കലാസൃഷ്ടികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വഴുതക്കാട്: തിരുവനന്തപുരം ഫൈന്‍ ആര്‍ട്‌സ് കോളേജില്‍ അധ്യാപകരുടേയും വിദ്യാര്‍ത്ഥികളുടേയും ഫൈന്‍ ആര്‍ട്‌സ് വര്‍ക്കുകള്‍ പ്രദര്‍ശനത്തിനായി ഒരുങ്ങുന്നു.

ഫെബ്രുവരി 12 മുതല്‍ 26 വരെ രണ്ടു ആഴ്ചയോളം നീണ്ടു നില്‍ക്കുന്ന ആനുവല്‍ ഷോയ്ക്കു വേണ്ടി ഏകദേശം അഞ്ഞൂറില്‍ അധികം വര്‍ക്കുകളാണ് തയ്യാറാക്കിയിട്ടുള്ളത്. ഡയറക്ടര്‍ ഓഫ് ടെക്‌നിക്കല്‍ എഡ്യൂക്കേഷന്‍ രാജശ്രീ എസ്. ഫെബ്രുവരി 12ന് 11 മണിക്ക് ഫൈന്‍ ആര്‍ട്‌സ് കോളേജിലെ സെമിനാര്‍ ഹാളില്‍ വെച്ച് ഉദ്ഘാടനം നിര്‍വഹിക്കും.

ഒന്നാം വര്‍ഷ ബി.എഫ്.എ വിദ്യാര്‍ത്ഥികള്‍ മുതല്‍ അവസാന വര്‍ഷ എം.എഫ്.എ വിദ്യാര്‍ത്ഥികളും അധ്യാപകരും അവരുടെ ആര്‍ട് വര്‍ക്കുകള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. പെയിന്റ്റിങ്ങ്, അപ്ലൈഡ് ആര്‍ട്ട്, ശില്‍പകല എന്നീ ഡിപാര്‍ട്ടുമെന്റുകളില്‍ നിന്നുമായി ഡിസൈന്‍സ്, ചിത്രങ്ങള്‍, ശില്‍പങ്ങള്‍, ഇന്‍സ്റ്റലേഷന്‍സ് എന്നിവ പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ആനുവല്‍ ഷോയുടെ ഭാഗമായി വിവിധ വിഷയങ്ങളിലുള്ള പ്രസന്റേഷനുകളും ചര്‍ച്ചകളും വര്‍ക്ഷോപ്പുകളും സംഘടിപ്പിക്കുന്നുണ്ട്. ഫെബ്രുവരി 16,17 തീയതികളില്‍ എഫ്.ഐ.എല്‍.സി.എ ഫിലിം സൊസൈറ്റി അവതരിപ്പിക്കുന്ന ഇന്റ്റര്‍നാഷണല്‍ ഫോക്ക്ലോര്‍ ഷോര്‍ട്-ഡോക്യൂമെന്ററി ഫെസ്റ്റിവലും നടക്കുന്നുണ്ട്.

വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയാണ് സിനിമാ പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുന്നത്. ഇതുകൂടാതെ വിവിധ ദിവസങ്ങളിലായി മറ്റു സിനിമാ പ്രദര്‍ശനവും ഉണ്ടായിരിക്കുന്നതാണ്. രാവിലെ പത്ത് മണി തൊട്ട് വൈകീട്ട് ഏഴ് വരെയാണ് ഗാലറിയിലെ പ്രദര്‍ശന സമയം.

കൊവിഡിനെ തുടര്‍ന്ന് 2020 മുതല്‍ വര്‍ഷങ്ങളായി തിരുവനന്തപുരം ഫൈന്‍ ആര്‍ട്‌സ് കോളേജ് നടത്തി വന്നിരുന്ന ആനുവല്‍ ഷോ സംഘടിപ്പിക്കുവാന്‍ സാധിച്ചിരുന്നില്ല. പൊതുസമൂഹത്തിന് കോളേജിന്റെ കലാപ്രവര്‍ത്തനങ്ങളുമായി സംവദിക്കാനുള്ള ഒരു വേദി കൂടിയാണ് ഈ പ്രദര്‍ശനം.

Content Highlight: Fine Arts College, Thiruvananthapuram Art works of teachers and students ready for exhibition

We use cookies to give you the best possible experience. Learn more