പരിസ്ഥിതി മലിനീകരണം നടത്തിയ വാള്‍മാള്‍ട്ടിന് 617 കോടി രൂപ പിഴ
World
പരിസ്ഥിതി മലിനീകരണം നടത്തിയ വാള്‍മാള്‍ട്ടിന് 617 കോടി രൂപ പിഴ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 29th May 2013, 7:36 pm

[]വാഷിങ്ടണ്‍: പരിസ്ഥിതി മലിനീകരണം നടത്തിയതിനെ തുടര്‍ന്ന്  കുത്തക കമ്പനിയായ വാള്‍മാര്‍ട്ടിന് 617 കോടി രൂപയുടെ പിഴ.

അമേരിക്കയിലെ ശുദ്ധജല നിയമം ലംഘിച്ചതിന്റെ പേരില്‍ സാന്‍ഫ്രാന്‍സിസ്‌കോയിലും, ലോസ് ആഞ്ജല്‍സിലും വാള്‍മാര്‍ട്ടിനെതിരെ കേസുകള്‍ നിലനില്‍ക്കുന്നുണ്ട്.[]

ഫെഡറല്‍ പ്രോസിക്യൂട്ടര്‍മാരാണ് വാള്‍മാര്‍ട്ട് പരിസ്ഥിതി മലിനീകരണം ഉണ്ടാക്കുന്നത് കണ്ടെത്തിയതിനെ തുടര്‍ന്ന് കേസെടുത്തത്.

പരിസ്ഥിതി മലിനീകരണം നടത്തിയെന്ന് വാള്‍മാര്‍ട്ട് സമ്മതിച്ചതായി യു.എസ് നീതിന്യായ വകുപ്പ് അറിയിച്ചു.

പരിസ്ഥിതിക്ക് ദോശം ചെയ്യുന്ന കീടനാശിനികളും,അവശിഷ്ടങ്ങളും പരസ്യമായി ഉപേക്ഷിക്കുകയും നിയമവിരുദ്ധമായി കൈകാര്യം ചെയ്യുകയും ചെയ്തുവെന്നാണ് വാര്‍മാര്‍ട്ട് ചെയ്ത  കുറ്റമായി കണ്ടെത്തിയത്.

അമേരിക്കയില്‍ ഉടനീളമുള്ള   സ്‌റ്റോറുകളില്‍ ഉപഭോക്താക്കള്‍ തിരിച്ചു നല്‍കിയ കീടനാശിനികള്‍ കൃത്യമായി കൈകാര്യം ചെയ്യുന്നതില്‍ പരാജയപ്പെടുകയും ഇതു സംബന്ധിച്ച ഫെഡറല്‍ ഇന്‍സെക്ടിസൈഡ്, ഫംഗിസൈഡ്, റോഡെന്റിസൈഡ് നിയമങ്ങള്‍ കമ്പനി ലംഘിച്ചെന്നും കോടതി നേരത്തെ കണ്ടെത്തിയിരുന്നു.

ഈ മൂന്ന് കേസിലും അമേരിക്കന്‍ പരിസ്ഥിതി സംരക്ഷ ഏജന്‍സി ഫയല്‍ ചെയ്ത സിവില്‍ കേസിലും മാത്രം വാള്‍മാര്‍ട്ട് 450 കോടി രൂപ നഷ്ടപരിഹാരം  നല്‍കാനാണ് വിധി വന്നിരിക്കുന്നത്.