തിരിച്ചുവരവില്‍ രാജകീയമായി തുടങ്ങി; ഒടുവില്‍ പിഴയും വാങ്ങി മടങ്ങി
Cricket
തിരിച്ചുവരവില്‍ രാജകീയമായി തുടങ്ങി; ഒടുവില്‍ പിഴയും വാങ്ങി മടങ്ങി
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 11th February 2023, 5:28 pm

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ മത്സരം വിജയിച്ചതിന് പിന്നാലെ ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജക്ക് മാച്ച് ഫീയുടെ 25 ശതമാനം പിഴ ചുമത്തി ഐ.സി.സി. കൂട്ടത്തില്‍ ഒരു ഡീ മെറിറ്റ് പോയിന്റും താരത്തിന് നല്‍കും.

മത്സരത്തിന്റെ ആദ്യ ദിനത്തില്‍ ജഡേജക്കെതിരെ ഉയര്‍ന്നുവന്ന ബോള്‍ ടാംപറിങ് ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് ഐ.സി.സിയുടെ നടപടി.

ആദ്യ ഇന്നിങ്‌സില്‍ പന്തെറിയുന്നതിനിടെ രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജില്‍ നിന്ന് ക്രീം വാങ്ങി തന്റെ ഇടതു കൈ വിരലില്‍ പുരട്ടുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു.

തുടര്‍ന്ന് ഓസീസ് ആരാധകരും മുന്‍ താരങ്ങളും ജഡേജക്കെതിരെ സമൂഹ്യ മാധ്യമങ്ങളിലൂടെ വിമര്‍ശനങ്ങളുമായി രംഗത്തെത്തിയിരുന്നു.

ജഡേജയുടെ കയ്യില്‍ പന്ത് കൊണ്ട് ചെറിയ വീക്കമുണ്ടായതിനെ തുടര്‍ന്ന് വേദന ശമിപ്പിക്കാനായുള്ള ഓയില്‍മെന്റാണ് താരം പുരട്ടിയതെന്നായിരുന്നു വിഷയത്തില്‍ ബി.സി.സി.ഐയുടെ ഔദ്യോഗിക വിശദീകരണം.

തുടര്‍ന്ന് രണ്ട് ടീമിന്റെയും ആരാധകര്‍ തമ്മില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പരസ്പരം വാക് പോരും ആരംഭിച്ചിരുന്നു. കളിയില്‍ നിയന്ത്രണം നഷ്ടപ്പെട്ട ഓസീസ് അനാവശ്യ ആരോപണങ്ങളിലൂടെ തോല്‍വിയുടെ നാണക്കേട് മറച്ച് വെക്കാനുള്ള ശ്രമങ്ങളാണ്
നടത്തുന്നതെന്നായിരുന്നു ഇന്ത്യന്‍ ആരാധകരുടെ വാദം.

സംഭവത്തില്‍ ഓസ്‌ട്രേലിയന്‍ ടീം ഔദ്യോഗികമായി പരാതി നല്‍കിയിട്ടില്ല. മാച്ച് റഫറിയായ ആന്‍ഡി പൈക്രോഫ്റ്റും ജഡേജയുടെ മറുപടിയില്‍ തൃപ്തനാണ്.

വിരലില്‍ പുരട്ടിയ മരുന്ന് ബോളിന്റെ സ്വാഭാവിക അവസ്ഥയില്‍ മാറ്റം വരുത്തിയിട്ടില്ലെന്നും, അതിനാല്‍ താരത്തിന്റെ പ്രവര്‍ത്തി ഐ.സി.സിയുടെ മാനദണ്ഡങ്ങള്‍ക്ക് എതിരല്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്.

എന്നിരുന്നാലും മരുന്ന് പുരട്ടുന്ന വിവരം ഫീല്‍ഡ് അമ്പയര്‍മാരെ ധരിപ്പിച്ചില്ലെന്ന കാരണത്തിനാണ് മാച്ച് ഫീയുടെ ഇരുപത്തഞ്ച് ശതമാനം പിഴയൊടുക്കാന്‍ ജഡേജക്ക് ഐ.സി.സി നിര്‍ദേശം നല്‍കിയത്. താരം അത് അംഗീകരിക്കുകയും ചെയ്തു.

അതേസമയം മത്സരം ഇന്നിങ്‌സിനും, 132 റണ്‍സിനുമാണ് ഇന്ത്യ ജയിച്ചത്. കളിയില്‍ 10 വിക്കറ്റും, ഒരു അര്‍ധസെഞ്ചറിയും നേടി ജഡേജ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ഫെബ്രുവരി 17 ന് ദല്‍ഹിയില്‍ വെച്ചാണ് സീരീസിലെ അടുത്ത മല്‍സരം.

Content Highlight: Fine against Jadeja in Border–Gavaskar Trophy