ആലപ്പുഴ: കഞ്ഞിക്കുഴിയിലെ കൃഷ്ണപിള്ള സ്മരാകം തകര്‍ത്ത കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. സ്മാരകം തകര്‍ക്കുന്നതിലേക്ക് നയിച്ചത് പാര്‍ട്ടിക്കുള്ളിലെ വിഭാഗീയതയാണെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. കേസില്‍ ക്രൈംബ്രാഞ്ച് നേരത്തെ കണ്ടെത്തിയ അതേ പ്രതികള്‍ തന്നെയാണ് ഇപ്പോള്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലുമുള്ളത്.
വി.എസിന്റെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗം ലതീഷ്.പി.ചന്ദ്രന്‍, കഞ്ഞിക്കുഴി ലോക്കല്‍ കമ്മിറ്റി മുന്‍ സെക്രട്ടറി പി.സാബു, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ ദീപു, രാജേഷ് രാജന്‍, പ്രമോദ് എന്നിവരാണ് കേസില്‍ പ്രതി ചേര്‍ക്കപ്പട്ടത്.
2013 നവംബര്‍ 31നാണ് ആലപ്പുഴ കണ്ണാര്‍ക്കാടുള്ള പി. കൃഷ്ണപിള്ള സ്മാരകം ഒരു സംഘം അക്രമികള്‍ തകര്‍ത്തത്. സംഭവം നടന്നതിന് പിന്നാലെ പോലീസ് അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. രണ്ട് മാസം പോലീസ് അന്വേഷിച്ചിട്ടും കുറ്റക്കാരെ കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് കേസ് ക്രൈം ബ്രാഞ്ചിന് വിടുകയായിരുന്നു. അന്വേഷണ സംഘത്തിന്റെ കണ്ടെത്തലിന്റെ സംഭവവുമായി ബന്ധപ്പെട്ട് പ്രതികളായവരെ സി.പി.ഐ.എം പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുകയും ചെയ്തു.