| Saturday, 21st May 2022, 1:18 pm

മതപരമായ സ്വഭാവം നിര്‍ണയിക്കുന്നതിന് 1991ലെ നിയമം തടസമാകുന്നില്ല: ഗ്യാന്‍വാപി കേസില്‍ സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഗ്യാന്‍വാപി മസ്ജിദ് കേസില്‍ തീര്‍പ്പാക്കാത്ത നടപടികള്‍ ജില്ലാ ജഡ്ജിക്ക് കൈമാറാന്‍ സുപ്രീം കോടതി. കേസില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങളെ അടിവരയിട്ടുകൊണ്ടായിരുന്നു സുപ്രീം കോടതിയുടെ വിധി. കേസിന്റെ സ്വഭാവം കണക്കിലെടുത്താണ് നടപടിയെന്നും കോടതി വ്യക്തമാക്കി. കേസ് മുതിര്‍ന്ന പരിചയസമ്പന്നനായ അഭിഭാഷകന്റെ കീഴിലാണ് പരിഗണിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി.

ഒരു സ്ഥലത്തിന്റെ മതപരമായ സ്വഭാവം നിര്‍ണയിക്കുന്നതിന് നിയമം തടസം നില്‍ക്കുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. വാരണാസി കോടതി ആരംഭിച്ച നടപടി 1991ലെ ആരാധനാലയ സംരക്ഷണ നിയമത്തിന്റെ ലംഘനമാണെന്ന് അന്‍ജുമന്‍ ഇന്‍തിസാമിയ മസ്ജിദ് കമ്മിറ്റിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ ഹുസേഫ അഹ്മദിയുടെ വാദത്തോട് പ്രതികരിക്കുകയായിരുന്നു കോടതി.

മസ്ജിദിന്റെ ഭിത്തിയിലുള്ള ഹിന്ദു വിഗ്രഹങ്ങളെ ആരാധിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് അഞ്ച് സ്ത്രീകള്‍ നല്‍കിയ ഹരജിയുടെ നിലനില്‍പ്പിനെ ചോദ്യം ചെയ്ത് മസ്ജിദ് കമ്മിറ്റി നല്‍കിയ ഹരജി മുന്‍ഗണനാ ക്രമത്തില്‍ ജില്ലാ ജഡ്ജി പരിഗണിക്കണമെന്നും കോടതി വ്യക്തമാക്കി.

മെയ് 17ന് പുറത്തിറക്കിയ ഇടക്കാല ഉത്തരവില്‍ ശിവലിംഗം കണ്ടെത്തിയെന്ന് പറയുന്ന ഭാഗം മുസ്‌ലിങ്ങളുടെ ആരാധനാവകാശത്തെ നിഷേധിക്കാതെ സംരക്ഷിക്കണമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ഈ ഉത്തരവ് പാലിക്കണമെന്നും നിയമാനുസൃതമായി ഒരു വിഭാഗത്തിന് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ ഉറപ്പുവരുത്തണമെന്നും കോടതി അറിയിച്ചു.

മുസ്‌ലിം വിശ്വാസികള്‍ക്ക് ആരാധനയ്ക്ക് മുന്‍പ് അംഗശുദ്ധി വരുത്താന്‍ പാകത്തിനുള്ള സൗകര്യം ജില്ലാ മജിസ്‌ട്രേറ്റ് നടപ്പാക്കിയിട്ടില്ലെങ്കില്‍ കക്ഷികളുമായി ചര്‍ച്ച നടത്തി വിഷയത്തില്‍ തീര്‍പ്പുണ്ടാക്കണമെന്നും കോടതി പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് മസ്ജിദ് സീല്‍ ചെയ്യാനുള്ള ഉത്തരവ് 500 വര്‍ഷമായി നിലനില്‍ക്കുന്ന സ്ഥിതിഗതികള്‍ക്ക് എതിരാണെന്ന് അഹ്മദി കോടതിയില്‍ പറഞ്ഞു. ജില്ലാ ജഡ്ജിക്ക് കേസ് കൈമാറിയാല്‍, കേസിന് മുന്‍പ് ഗ്യാന്‍വാപിയില്‍ നിലനിന്നിരുന്ന സ്ഥിതിഗതികള്‍ തിരികെകൊണ്ടുവരണമെന്നും അഹ്മദി കോടതിയില്‍ വ്യക്തമാക്കി.

സര്‍വേ റിപ്പോര്‍ട്ട് ചോര്‍ന്നതിലെ ആശങ്കയും അഹമദി പങ്കുവെച്ചു. സര്‍വേ നടത്തിയാല്‍ റിപ്പോര്‍ട്ട് കോടതിക്കാണ് കൈമാറേണ്ടതെന്നും മാധ്യമങ്ങള്‍ക്കോ മറ്റ് ഇടനിലക്കാര്‍ക്കോ റിപ്പോര്‍ട്ട് കൈമാറാന്‍ അനുവാദമില്ലെന്നും കോടതി പ്രതികരിച്ചു.

കേസുമായി ബന്ധപ്പെട്ട ആരാധനാലയം 500 വര്‍ഷമായി പള്ളിയായി നിലനില്‍ക്കുന്നുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് മുന്‍പ് തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും മസ്ജിദ് കമ്മിറ്റി അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി. ഒന്നിലധികം മതങ്ങളുള്ള ധാരാളം സ്ഥലങ്ങള്‍ ഇന്ത്യയിലുണ്ട്. ഇപ്രകാരം ഓരോ ആരാധനലായങ്ങള്‍ക്ക് നേരെയും ആരോപണങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ ആരാധനാലയ സംരക്ഷണ നിയമം ചോദ്യം ചെയ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

ഏറെക്കാലം നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ വെള്ളിയാഴ്ചയാണ് സുപ്രീം കോടതി ഗ്യാന്‍വാപി കേസ് പരിഗണിച്ചത്. കോടതി നടപടികള്‍ക്കുള്ള സ്റ്റേ തുടരുക, ജില്ല കോടതിക്കു കേസ് വിടുക എന്നിവയാണ് ജസ്റ്റിസ് ചന്ദ്രചൂഡ് മുന്നോട്ട് വച്ച നിര്‍ദ്ദേശങ്ങള്‍.

സമുദായങ്ങള്‍ തമ്മിലെ സൗഹാര്‍ദവും സമാധാനവും പരമപ്രധാനമാണ്. നമുക്ക് സന്തുലിതബോധവും ശാന്തിയും വേണം.

രാജ്യത്ത് സന്തുലിതമായ ബോധം പരിപാലിക്കപ്പെടാനുള്ള കൂട്ടായ ശ്രമമാണ് നടത്തുന്നതെന്നും കോടതി വ്യക്തമാക്കി.

Content Highlight: Finding religious nature not barred by 1991 law says supreme court over Gyanvapi masjid case

We use cookies to give you the best possible experience. Learn more