ന്യൂദൽഹി: അദാനിയെ കുറിച്ചുള്ള റിപ്പോർട്ടിൽ ഗുജറാത്ത് പൊലീസ് അയച്ച സമൻസിനെതിരെ കോടതിയെ സമീപിച്ച ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ടർമാർക്ക് സുപ്രീം കോടതിയുടെ ഇടക്കാല സംരക്ഷണം.
നിർബന്ധപൂർവമായ നടപടികളിൽ നിന്ന് ഇടക്കാല സംരക്ഷണം അനുവദിച്ച ബി.ആർ. ഗവായ്, പി.കെ. മിശ്ര എന്നിവരുടെ ബെഞ്ച് ഹരജിക്കാരോട് പൊലീസ് അന്വേഷണത്തോട് സഹകരിക്കാനും ആവശ്യപ്പെട്ടു.
ഓഗസ്റ്റിൽ ഒ.സി.സി.ആർ.പിയുടെയും ദി ഗാർഡിയന്റെയും പങ്കാളിത്തത്തോടെ അദാനി ഗ്രൂപ്പിനെ കുറിച്ചുള്ള അന്വേഷണം ഫിനാൻഷ്യൽ ടൈംസ് പ്രസിദ്ധീകരിച്ചിരുന്നു.
ഇതിനെതിരെ ഒരു ‘നിക്ഷേപകൻ’ നൽകിയ പരാതിയിൽ പ്രാഥമിക അന്വേഷണം നടത്തുന്നതിന് ഫിനാൻഷ്യൽ ടൈംസിലെ ബെഞ്ചമിൻ നിക്കോളാസ് ബ്രൂക്ക് പാർക്കിൻ, ക്ലോയ് നീന കോർണിഷ് എന്നിവരെ പൊലീസ് വിളിപ്പിച്ചിരുന്നു
ചോദ്യം ചെയ്യപ്പെടുന്ന റിപ്പോർട്ട് എഴുതിയത് ഹരജിക്കാരായ മാധ്യമപ്രവർത്തകർ അല്ലെന്ന് ഇരു മാധ്യമപ്രവർത്തകർക്കും വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സിദ്ധാർത്ഥ് അഗർവാൾ സുപ്രീം കോടതി ബെഞ്ചിനെ അറിയിച്ചതായി ലൈവ് ലോ റിപ്പോർട്ട് ചെയ്തു.
മാധ്യമപ്രവർത്തകർക്ക് ഇതുവരെ എഫ്.ഐ.ആറിന്റെ പകർപ്പ് ലഭിച്ചിട്ടില്ലെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു.
ഫിനാൻഷ്യൽ ടൈംസിന്റെ മുംബൈ കറസ്‌പോണ്ടെന്റാണ് ക്ലോയ്. ദൽഹിയിൽ നിന്നുള്ള കറസ്‌പോണ്ടെന്റാണ് ബെഞ്ചമിൻ. അദാനിയെ കുറിച്ചുള്ള റിപ്പോർട്ട് എഴുതിയത് ഡാൻ മക്രവും ജോൺ റീഡുമാണ്.
ഒ.സി.സി.പി.ആർ പങ്കാളികളായ മാധ്യമപ്രവർത്തകർക്കും അഹമ്മദാബാദ് ക്രൈം ബ്രാഞ്ചിൽ നിന്ന് നോട്ടീസ് നൽകിയിരുന്നു. അറസ്റ്റിൽ നിന്ന് ഈ മാധ്യമപ്രവർത്തകർക്കും സുപ്രീം കോടതി ഇടക്കാല സംരക്ഷണം നൽകിയിരുന്നു.
അദാനിയെ കുറിച്ചെഴുതിയ റിപ്പോർട്ടിന്റെ പേരിൽ കേന്ദ്ര സർക്കാർ മാധ്യമപ്രവർത്തകരെ ഭയപ്പെടുത്താൻ ശ്രമിക്കുന്നതായും അവരെ നിരീക്ഷിക്കുന്നതായും ഒ.സി.സി.പി.ആർ ആരോപിച്ചു.
തങ്ങളുടെ റിപ്പോർട്ടുകൾ സൂക്ഷ്മമായി തയ്യാറാക്കിയതാണെന്നും തങ്ങളുടെ മാധ്യമപ്രവർത്തകർക്കൊപ്പം നിൽക്കുന്നതായും ഫിനാൻഷ്യൽ ടൈംസ് അറിയിച്ചു.
Content Highlight: Financial Times India journalists get SC interim protection over Adani report summons