| Monday, 14th September 2020, 1:09 pm

വി. മുരളീധരനെ തള്ളി ധനകാര്യമന്ത്രാലയം; 'സ്വര്‍ണ്ണം കടത്തിയത് നയതന്ത്ര ബാഗേജില്‍ കൂടിതന്നെ'

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സ്വര്‍ണ്ണക്കടത്ത് കേസില്‍ വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ ആരോപണങ്ങളെ തള്ളി കേന്ദ്ര ധനകാര്യ മന്ത്രാലയം. സ്വര്‍ണ്ണം കടത്തിയത് നയതന്ത്ര ബാഗേജില്‍ കൂടിത്തന്നെയെന്ന് കേന്ദ്ര സര്‍ക്കാര്‍ ലോക് സഭയില്‍ വ്യക്തമാക്കി.

ധനകാര്യ സഹമന്ത്രി അനുരാഗ് സിംഗ് ഠാക്കൂര്‍ ലോക്‌സഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 30 കിലോ സ്വര്‍ണ്ണം  കടത്തിയത് നയതന്ത്ര ബാഗിലാണെന്നാണ് മന്ത്രിസഭയെ അറിയിച്ചത്.

യു.എ.ഇ കോണ്‍സുലേറ്റിലെ നയതന്ത്ര ഉദ്യോഗസ്ഥന്റെ പേരിലാണ് ബാഗേജ് വന്നതെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. അന്വേഷണം ഫലപ്രദമായി നടക്കുന്നുണ്ട്. ഇതുവരെ കേസില്‍ 16 പേരെ അറസ്റ്റു ചെയ്തു. അതില്‍ ഒരു പ്രതിക്ക് ഉന്നതതല ബന്ധങ്ങളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

എന്‍. കെ പ്രേമചന്ദ്രന്‍, ആന്റോ ആന്റണി, ഡീന്‍ കുര്യാക്കോസ് എന്നിവര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ധനകാര്യ സഹമന്ത്രി.

സ്വര്‍ണ്ണം കടത്തിയത് നയതന്ത്ര ബാഗേജിലൂടെയല്ലെന്ന് വി മുരളീധരന്‍ പലയാവര്‍ത്തി പറഞ്ഞിരുന്നു. സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി രാജിവെക്കണമെന്നും ആദ്യാമായാണ് ഒരു മുഖ്യമന്ത്രിയുടെ ഓഫീസ് സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അന്വേഷണ വിധേയമാകുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

നേരത്തെ എന്‍.ഐ.എയും വി. മുരളീധരനെ തള്ളി രംഗത്തെത്തിയിരുന്നു. നയതന്ത്ര ബാഗേജിലൂടെ തന്നെയായിരുന്നു സ്വര്‍ണം കടത്തിയതെന്ന് എന്‍.ഐ.എയും വ്യക്തമാക്കിയിരുന്നു.

എന്‍.ഐ.എ കേസ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച വാര്‍ത്താക്കുറിപ്പിലായിരുന്നു ഈ കാര്യം പറഞ്ഞത്. വിയന്ന ചട്ടപ്രകാരം പരിശോധനയില്‍ നിന്ന് പരിരക്ഷയുള്ളതാണ് ഈ ‘നയതന്ത്ര ബാഗേജ്’ എന്നും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Financial Ministry Denies the allegations of V Muraleedharan on Gold smuggling case

Latest Stories

We use cookies to give you the best possible experience. Learn more