തിരുവനന്തപുരം: പൊതുമേഖല ബാങ്കുകളുടെ ലയനം സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമാകില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. ബാങ്കുകളുടെ ലയനം സമ്പദ്വ്യവസ്ഥയ്ക്ക് തിരിച്ചടിയാകുമെന്നും സാമ്പത്തിക മാന്ദ്യം ഉള്ളപ്പോഴല്ല ലയനം നടപ്പാക്കേണ്ടതെന്നും തോമസ് ഐസക് പറഞ്ഞു.
രാജ്യത്ത് ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണുള്ളതെന്നും അടിയന്തര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ രാജ്യം വലിയ ആപത്തിലേക്ക് പോകുമെന്നും തോമസ് ഐസക് കൂട്ടിച്ചേര്‍ത്തു.
ഗ്രാമങ്ങളില്‍ നന്നായി പ്രവര്‍ത്തിക്കുന്ന ബാങ്കുകളെ ലയിപ്പിക്കുന്നത് പ്രാദേശിക വികസനത്തിന് തിരിച്ചടിയാകുമെന്നും ധനമന്ത്രി പറഞ്ഞു. ബാങ്കുകളുടെ ലയനത്തിനോട് സംസ്ഥാന സര്‍ക്കാരിന് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.
പത്ത് പ്രധാന പൊതുമേഖലാ ബാങ്കുകളെ നാലെണ്ണമാക്കിയാണ് ലയിപ്പിക്കുന്നത്. ഇതോടെ, പൊതുമേഖലാ ബാങ്കുകളുടെ എണ്ണം നിലവിലെ പതിനെട്ടില്‍ നിന്ന് 12 ആയി കുറയും. ആഗോളതലത്തില്‍ സ്വാധീനമുള്ള വലിയ ബാങ്കുകള്‍ സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടിയെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞിരുന്നു.
പഞ്ചാബ് നാഷണല്‍ ബാങ്ക്, ഓറിയന്റല്‍ ബാങ്ക് ഓഫ് കോമേഴ്‌സ്, യൂണൈറ്റഡ് ബാങ്ക് എന്നിവയെ ലയിപ്പിക്കും. ഇവയെ ലയിപ്പിച്ച് ഒറ്റ ബാങ്കാക്കുന്നതോടെ എസ്.ബി.ഐയ്ക്ക് പിന്നില്‍ പൊതുമേഖലയിലെ ഏറ്റവും വലിയ രണ്ടാമത്തെ ബാങ്കായി ഇത് മാറും. കാനറ ബാങ്ക്, സിന്‍ഡിക്കേറ്റ് ബാങ്കുകളെ പരസ്പരം ലയിപ്പിക്കും. രാജ്യത്തെ വലിയ നാലാമത്തെ ബാങ്കായി ഇത് മാറും.
യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയും ആന്ധ്രാബാങ്കും കോര്‍പ്പറേഷന്‍ ബാങ്കും പരസ്പരം ലയിച്ച് രാജ്യത്തെ ഏറ്റവും വലിയ അഞ്ചാമത്തെ ബാങ്കായി മാറുമെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞിരുന്നു.
ഇന്ത്യന്‍ ബാങ്കിനെ അലഹബാദ് ബാങ്കില്‍ ലയിപ്പിക്കുന്നതാണ് മറ്റൊരു പദ്ധതി. പരസ്പരം ലയിപ്പിക്കുന്നതോടെ ഏഴാമത്തെ വലിയ ബാങ്കായി ഇത് മാറും. ഇതോടെ രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ എണ്ണം 12 ആയി ചുരുങ്ങും.
നേരത്തെ എസ്.ബി.ഐയില്‍ അസോസിയേറ്റഡ് ബാങ്കുകളെ ലയിപ്പിച്ചു കൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ ബാങ്കിങ് പരിഷ്‌കരണ നടപടികള്‍ക്ക് തുടക്കമിട്ടത്. ഇതിന് പിന്നാലെ ബാങ്ക് ഓഫ് ബറോഡയില്‍ ദേനാബാങ്കിനെയും വിജയാബാങ്കിനെയും ലയിപ്പിച്ചു.