| Monday, 13th November 2023, 5:29 pm

കേന്ദ്രസര്‍ക്കാര്‍ കേരളത്തിലെ ജനങ്ങളെ മണ്ടന്മാരാക്കുന്നു; വി. മുരളീധരനെതിരെ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിന് നല്‍കേണ്ട നികുതി വിഹിതവുമായി ബന്ധപ്പെട്ട കേന്ദ്രമന്ത്രി വി. മുരളീധരന്റെ പരാമര്‍ശത്തിന് മറുപടിയുമായി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. കേന്ദ്രമന്ത്രി പറഞ്ഞ കാര്യങ്ങള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു.

കേരളത്തില്‍ തങ്ങള്‍ വിതരണം ചെയ്ത സാമൂഹിക പെന്‍ഷനുള്ള കേന്ദ്രസര്‍ക്കാരിന്റെ വിഹിതം കൃത്യമായി നല്‍കാത്തതാണ് നിലവിലെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്ന് ബാലഗോപാല്‍ പറഞ്ഞു. 600 കോടിയോളം നികുതി കേന്ദ്രത്തില്‍ നിന്ന് സംസഥാന സര്‍ക്കാരിന് കിട്ടേണ്ടതുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

ഒരു മാസം കേരളത്തിന് 12,000 കോടി രൂപയുടെ സാമൂഹിക പെന്‍ഷന്‍ ചെലവുണ്ടെന്ന് ബാലഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു. കേരള സര്‍ക്കാര്‍ പെന്‍ഷന്‍ നല്‍കി വരുന്ന 62 ലക്ഷം ജനങ്ങളില്‍, അഞ്ച് ലക്ഷം ജനങ്ങള്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ പദ്ധതിയുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

പദ്ധതിയനുസരിച്ച് 80 വയസിന് താഴെയുള്ളവര്‍ക്ക് 200 രൂപയും 80 വയസിന് മുകളിലുള്ളവര്‍ക്ക് 300 രൂപയും എന്ന കണക്കിലാണ് കേന്ദ്രസര്‍ക്കാര്‍ നികുതി നല്‍കേണ്ടത്. എന്നാല്‍ വിധവാപെന്‍ഷനടക്കമുള്ള ഈ വിഹിതം ഇടക്കാലങ്ങളില്‍ തടഞ്ഞുവെച്ചിരുന്നെന്നും പിന്നീട് സമ്മര്‍ദങ്ങള്‍ മൂലം കേന്ദ്രസര്‍ക്കാര്‍ ആ തുക മുഴുവനായി നല്‍കിയെന്നും ധനമന്ത്രി പറഞ്ഞു.

വിഴിഞ്ഞം പദ്ധതിയിലെ കാപ്പക്‌സ് ഫണ്ട് ഓരോ മാനദണ്ഡങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാര്‍ തടഞ്ഞുവെക്കുന്നുണ്ടെന്നും കെ.എന്‍. ബാലഗോപാല്‍ ആരോപിച്ചു. ഏതെങ്കിലും സാങ്കേതിക തകരാറുകള്‍ ചൂണ്ടിക്കാട്ടി ഫണ്ടുകള്‍ തടഞ്ഞുവെക്കുന്നതാണോ സംസ്ഥാനസര്‍ക്കാരുകളും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള ബന്ധത്തിന്റെ അടിസ്ഥാനമെന്ന് അദ്ദേഹം ചോദിച്ചു.

കേരളം നേരിടുന്നത് സമ്പൂര്‍ണ സാമ്പത്തിക തകര്‍ച്ചയാണെന്നും കേന്ദ്രസര്‍ക്കാരിന്റെ രണ്ടാംഗഡുവിനായി കേരളസര്‍ക്കാര്‍ അപേക്ഷ പോലും നല്‍കിയിട്ടില്ലെന്നുമായിരുന്നു കേന്ദ്രമന്ത്രി വി. മുരളീധരന്‍ ആരോപിച്ചത്. അതേസമയം മുരളീധരന്‍ കേരളത്തിലെ ജനങ്ങളെ മണ്ടന്മാരാക്കുന്നുവെന്ന് ബാലഗോപാല്‍ പറഞ്ഞു. കൂടാതെ വിഷയത്തില്‍ വി. മുരളീധരന്‍ കള്ളം പറയുകയാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ചൂണ്ടിക്കാട്ടി.

Content Highlight: Financial minister K.N. Balagopal against V. Muraleedharan

We use cookies to give you the best possible experience. Learn more