ഇലക്ടറല്‍ ബോണ്ടുകള്‍ വഴി സാമ്പത്തിക ക്രമക്കേട്; നിര്‍മല സീതാരാമനെതിരെ കേസ്
national news
ഇലക്ടറല്‍ ബോണ്ടുകള്‍ വഴി സാമ്പത്തിക ക്രമക്കേട്; നിര്‍മല സീതാരാമനെതിരെ കേസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 28th September 2024, 6:56 pm

ബെംഗളൂരു: ഇലക്ടറല്‍ ബോണ്ടുകള്‍ വഴി അഴിമതി നടത്തിയതില്‍ കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമനെതിരെ കേസ്. ഇലക്ടറല്‍ ബോണ്ടുകള്‍ വഴി സാമ്പത്തിക തിരിമറി നടത്തിയെന്നാരോപിച്ച് ജനാധികാര സംഘര്‍ഷ സംഘടനയിലെ ആദര്‍ശ് അയ്യര്‍ എന്ന അഭിഭാഷകന്‍ പരാതി നല്‍കുകയായിരുന്നു. പിന്നാലെയാണ് കേന്ദ്രമന്ത്രിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കോടതി ഉത്തരവിറക്കിയത്.

ജനപ്രതിനിധികള്‍ക്ക് വേണ്ടിയുള്ള ബെംഗളൂരുവിലെ പ്രത്യേക കോടതിയുടേതാണ് കേസെടുക്കാനുള്ള ഉത്തരവ്. ഉത്തരവിനെ തുടര്‍ന്ന് ഇലക്ടറല്‍ ബോണ്ടുകള്‍ വഴി സാമ്പത്തിക തട്ടിപ്പ് നടത്തിയതില്‍ നിര്‍മല സീതാരാമന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുക്കുകയായിരുന്നു.

നിര്‍മല സീതാരാമനെതിരായുള്ള പരാതിയെ തുടര്‍ന്ന് രാജി ആവശ്യവുമായി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. സെക്ഷന്‍ 17 അഴിമതി നിരോധന നിയമപ്രകാരം നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.

നിര്‍മല സീതാരാമന്‍ ആരാണെന്നും കേന്ദ്ര ധനകാര്യ മന്ത്രിയായ നിര്‍മല സീതാരാമന്റെ രാജി ബി.ജെ.പി ആവശ്യപ്പെടുമോ എന്ന് ചോദിച്ച സിദ്ധരാമയ്യ, താന്‍ രാജി ആവശ്യപ്പെടുന്നുവെന്നും ഇക്കാര്യത്തില്‍ മൂന്നുമാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കോടതി നിര്‍ദേശമുണ്ടെന്നും പറഞ്ഞു.

‘ജനപ്രതിനിധികള്‍ക്കായുള്ള പ്രത്യേക കോടതിയില്‍ നിര്‍മല സീതാരാമനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അവരാരാണ്? ഒരു കേന്ദ്രമന്ത്രിയല്ലെ, അവര്‍ക്കെതിരെയാണ് നിലവില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇലക്ടറല്‍ ബോണ്ടുകള്‍ വഴി സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയ മന്ത്രി രാജി വെക്കണം,’സിദ്ധരാമയ്യ ആവശ്യപ്പെട്ടു.

നിര്‍മലാ സിതാരാമന്റെ രാജി ആവശ്യപ്പെട്ടത് കൂടാതെ ജെ.ഡി.എസ് നേതാവും കേന്ദ്ര മന്ത്രിയുമായ എച്ച്.ഡി കുമാരസ്വാമിക്കെതിരായ ആരോപണത്തിലും നടപടി ഉണ്ടാവണമെന്നും സിദ്ധരാമയ്യ ആവശ്യപ്പെട്ടിരുന്നു.

ഈ വര്‍ഷം ഫെബ്രുവരിയിലാണ് വിവാദമായ ഇലക്ടറല്‍ ബോണ്ട് സുപ്രീം കോടതി റദ്ദാക്കിയത്.
ഭരണഘടനാ വിരുദ്ധമാണെന്നും സുതാര്യമല്ലെന്നും  ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീം കോടതിയുടെ നടപടി.

Content Highlight: financial irregularities through electoral bond; case against nirmala sitharaman