ചെന്നൈ: തമിഴ്‌നാട്ടില്‍ ബി.ജെ.പിയുടെ പ്രതീക്ഷകളെ പ്രതിരോധത്തിലാക്കി ഒന്നിലധികം സ്ഥാനാര്‍ത്ഥികള്‍ക്കെതിരായിട്ടുള്ള സാമ്പത്തിക ആരോപണങ്ങള്‍. തിരുനെല്‍വേലിയിലെ സ്ഥാനാര്‍ത്ഥി നൈനാര്‍ നാഗേന്ദ്രന്‍, ശിവഗംഗ സ്ഥാനാര്‍ത്ഥി ദേവനാഥന്‍ യാദവ് തുടങ്ങിയവര്‍ക്കെതിരെയാണ് തെരഞ്ഞെടുപ്പ് കാലത്ത് പണമിടപാടുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്. സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരെന്ന ആരോപണം ഉയര്‍ന്നതോടെ ഇത്തരം സ്ഥാനാര്‍ത്ഥികളുടെ പ്രചരണയോഗങ്ങളില്‍ നിന്ന് അമിത് ഷാ ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കള്‍ വിട്ടുനില്‍ക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
വോട്ടിന് പണം വിതരണം ചെയ്യുന്നു, സ്വത്തുവിവരം മറച്ചുവെച്ചു എന്നുമാണ് തിരുനെല്‍വേലിയിലെ സ്ഥാനാര്‍ത്ഥി നൈനാര്‍ നാഗേന്ദ്രനെതിരെ ഉയര്‍ന്നിട്ടുള്ള ആരോപണങ്ങള്‍. ഇതിനിടെ നൈനാര്‍ നാഗേന്ദ്രന്റെ ബന്ധുവടക്കമുള്ള മൂന്ന് ബി.ജെ.പി പ്രവര്‍ത്തകരെ നാല് കോടി രൂപയുമായി തീവണ്ടിയില്‍ വെച്ച് പിടികൂടുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യാനായി നൈനാര്‍ നാഗേന്ദ്രന്റെ നിര്‍ദേശാനുസരണമാണ് പണം കടത്തിയതെന്നാണ് പിടിയിലായവര്‍ പൊലീസിന് നല്‍കിയ മൊഴി.
എന്നാല്‍ നൈനാര്‍ നാഗേന്ദ്രന്‍ ഇക്കാര്യം തള്ളുകയും തന്നെ അപമാനിക്കാനായി ഡി.എം.കെ നടത്തിയ നാടകമാണിതെന്നും പറഞ്ഞിരുന്നു. ഇതിന് പിന്നാലെ നൈനാര്‍ നാഗേന്ദ്രന്റെ സഹായിയുടെ വീട്ടില്‍ നിന്ന് 100 ധോത്തികളും രണ്ട് ലക്ഷം രൂപയും 40 നൈറ്റികളും മദ്യക്കുപ്പുകളും പൊലീസ് പിടിച്ചെടുത്തു. ഇതും സ്ഥാനാര്‍ത്ഥിയുടെ നിര്‍ദേശാനുസരണം വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യാനായി എത്തിച്ചതാണെന്നാണ് പൊലീസിന് ലഭിച്ച വിവരം.
ശിവഗംഗ സ്ഥാനാര്‍ത്ഥി ദേവനാഥന്‍ യാദവാണ് സാമ്പത്തിക ആരോപണം നേരിടുന്ന തമിഴ്‌നാട്ടിലെ മറ്റൊരു ബി.ജെ.പി സ്ഥാനാര്‍ത്ഥി. ദേവനാഥന്‍ യാദവ് നേതൃത്വം നല്‍കുന്ന ധനകാര്യ സ്ഥാപനം നിക്ഷേപകരെ കബളിപ്പിച്ചു എന്നാണ് അദ്ദേഹം നേരിടുന്ന പ്രധാനപ്പെട്ട ആരോപണം. മൈലാപൂര്‍ ഹിന്ദു പെര്‍മനെന്റ് ഫണ്ട് എന്ന ധനകാര്യ സ്ഥാപനമാണ് നിക്ഷേപകര്‍ക്ക് പലിശയും കാലാവധി കഴിഞ്ഞ നിക്ഷേപങ്ങളും തിരിച്ച് നല്‍കാതെ നിക്ഷേപകരെ കബളിപ്പിക്കുന്നതായി പരാതി ഉയര്‍ന്നിട്ടുള്ളത്. 300 കോടിയിലധികം നിക്ഷേപമുള്ളതായി അവകാശപ്പെട്ട സ്ഥാപനത്തിന്റെ പേരില്‍ നല്‍കിയ ചെക്കുകള്‍ മടങ്ങിയതായും ആരോപണമുണ്ട്. ഇത്തരം ആരോപണങ്ങള്‍ ശക്തമായതോടെ ദേവനാഥന്‍ യാദവിന് വേണ്ടി നടത്താനിരുന്ന അമിത്ഷാ നയിക്കുന്ന റോഡ് ഷോ അവസാന നിമിഷം മാറ്റിവെച്ചിരുന്നു.
ഈ രീതിയില്‍ ഒന്നിലധികം സ്ഥാനാര്‍ത്ഥികളുടെ പേരില്‍ വലിയ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ആരോപിക്കപ്പെട്ടതോടെ തമിഴ്‌നാട്ടില്‍ ബി.ജെ.പി പ്രതിസന്ധിയിലായിരിക്കുകയാണ്. പ്രധാനമന്ത്രി ഇടക്കിടെ തമിഴ്‌നാട്ടില്‍ വന്ന് പ്രചാരണം നടത്തിയിട്ടും പാര്‍ട്ടിയുടെ പ്രകടനം വേണ്ടത്ര ഉയര്‍ന്നിട്ടില്ലെന്ന ആഭ്യന്തര സര്‍വേ റിപ്പോര്‍ട്ടുകളും തമിഴ്‌നാട്ടില്‍ ബി.ജെ.പിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
content highlights: Financial irregularities of candidates in Tamil Nadu cut off BJP; Amit Shah abstained from campaigning