കോഴിക്കോട്: എം.എസ്.എഫ് ദേശീയ അധ്യക്ഷന്‍ ടി.പി അഷ്‌റഫലിക്കെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണവുമായി മുസ്‌ലിം ലീഗ് മുന്‍ ദേശീയ കമ്മിറ്റിയംഗം യൂസഫ് പടനിലം. ഉത്തരേന്ത്യയിലെ നിര്‍ധന കുടുംബംഗങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പിരിച്ച തുക സ്വന്തം അക്കൗണ്ടിലേക്ക് അഷ്‌റഫലി വക മാറ്റിയെന്നാണ് ആരോപണം.
ഇതോടെ കത്‌വാ കേസില്‍ പെണ്‍കുട്ടിയുടെ കുടുംബത്തിന് വേണ്ടി പിരിച്ച തുക വകമാറ്റിയെന്ന വിവാദത്തിലായ മുസ്‌ലിം ലീഗ് വീണ്ടും പ്രതിരോധത്തിലായിരിക്കുകയാണ്.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ പിന്നാക്ക വിദ്യാര്‍ത്ഥികള്‍ക്ക് 500 രൂപയുടെ വിദ്യാഭ്യാസ കിറ്റ് നല്‍കാന്‍ പിരിച്ച ലക്ഷങ്ങള്‍ എം.എസ്.എഫ് ദേശീയ അധ്യക്ഷന്‍ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്ന ഗുരുതര ആരോപണമാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്.
60 ലക്ഷത്തിലധികം രൂപയുടെ ക്രമക്കേട് നടത്തിയതിന്റെ രേഖകള്‍ സഹിതമാണ് യൂസഫ് പടനിലം രംഗത്തുവന്നത്. ‘നയാ ദിശ നയാ രാഷ്ട്ര’ എന്ന പേരിലായിരുന്നു സഹായ പദ്ധതി ആരംഭിച്ചത്. ഈ തുക ഉപയോഗിച്ച് അഷ്‌റഫലി ആഢംബരയാത്ര നടത്തിയതിന്റെ രേഖകളും യൂസഫലി പുറത്തുവിട്ടിട്ടുണ്ട്.
തുടര്‍ച്ചയായുള്ള ഫണ്ട് വിവാദങ്ങള്‍ ലീഗ് നേതൃത്വത്തിന്റെ വിശ്വാസ്യതയെ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ വീണ്ടും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ലീഗില്‍ കുഞ്ഞാലിക്കുട്ടി വിഭാഗത്തിനൊപ്പം നില്‍ക്കുന്ന രണ്ട് നേതാക്കള്‍ക്കെതിരെയാണ് തട്ടിപ്പ് ആരോപണങ്ങള്‍ ഉയര്‍ന്നത്. കത്‌വാ കേസില്‍ പി.കെ ഫിറോസിനെതിരെയായിരുന്നു പ്രധാനമായും ആരോപണം ഉയര്‍ന്നത്.