| Saturday, 30th November 2024, 6:45 pm

സാമ്പത്തിക പ്രതിസന്ധി; കേരള കലാമണ്ഡലത്തില്‍ കൂട്ടപിരിച്ചുവിടല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: കേരള കലാമണ്ഡലത്തില്‍ കൂട്ടപിരിച്ചുവിടല്‍. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് മുഴുവന്‍ താത്കാലിക ജീവനക്കാരെയും പിരിച്ചുവിട്ടാണ് നടപടി. ഡിസംബര്‍ ഒന്ന് മുതല്‍ ജീവനക്കാര്‍ ജോലിക്ക് വരേണ്ടതില്ലെന്ന് വൈസ് ചാന്‍സിലര്‍ ഉത്തരവ് നല്‍കി.

അധ്യാപകര്‍ മുതല്‍ സെക്യൂരിറ്റി ജീവനക്കാര്‍ വരെയുള്ള 120 ഓളം ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. ചരിത്രത്തില്‍ ആദ്യമായാണ് സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കലാമണ്ഡലത്തിലെ ജീവനക്കാരെ പിരിച്ചുവിടുന്നത്.

കലാമണ്ഡലം ഡെപ്യൂട്ടി രജിസ്ട്രാര്‍ ഒപ്പുവെച്ച ഉത്തരവിലാണ് കൂട്ടപിരിച്ചുവിടല്‍ നടപടി. പ്രതിമാസം 80 ലക്ഷം രൂപ കലാമണ്ഡലത്തിന്റെ വിവിധ ആവശ്യങ്ങള്‍ക്കായി ചെലവ് വരുന്നുണ്ട്.

എന്നാല്‍ 40 ലക്ഷം രൂപയാണ് സാംസ്‌കാരിക വകുപ്പ് കലാമണ്ഡലത്തിന് നല്‍കുന്നത്. ഈ സാഹചര്യമാണ് ജീവനക്കാരെ കൂട്ടമായി പിരിച്ചുവിടുന്ന നടപടിയിലേക്ക് കലാമണ്ഡലം അധികൃതരെ എത്തിച്ചത്.

120 ലധികം ക്ലാസുകള്‍ (കളരി) ഉള്ള സ്ഥാപനമാണ് കേരള കലാമണ്ഡലം. എട്ട് മുതല്‍ എം.എ വരെയുള്ള ക്ലാസുകളാണ് കലാമണ്ഡലത്തിലുള്ളത്. താത്കാലിക ജീവനക്കാരുടെ കൂട്ടപിരിച്ചുവിടല്‍ കലാമണ്ഡലത്തിന്റെ സ്വാഭാവിക പ്രവര്‍ത്തനത്തെ പ്രതിസന്ധിയിലാക്കും.

ഒന്ന് മുതല്‍ പ്ലസ് ടു വരെയുള്ള ക്ലാസുകളിലെ മുഴുവന്‍ അധ്യാപകരും താത്കാലിക ജീവനക്കാരാണ്. നിലവിലെ പിരിച്ചുവിടല്‍ കലാമണ്ഡലത്തിലെ ക്ലാസുകള്‍ അടച്ചിടേണ്ടി വരുന്ന അവസ്ഥയിലേക്ക് എത്തിക്കും.

നേരത്തെ കലാമണ്ഡലത്തിലെ ജീവനക്കാര്‍ക്ക് കൃത്യമായി ശമ്പളം കിട്ടുന്നില്ലെന്ന പരാതി വ്യാപകമായി ഉയര്‍ന്നിരുന്നു. ഇതിനുപിന്നാലെയാണ് താത്കാലിക ജീവനക്കാരുടെ കൂട്ടപിരിച്ചുവിടല്‍.

Content Highlight: financial crisis; Mass dismissal in the Kerala Kalamandalam

We use cookies to give you the best possible experience. Learn more