'മോദി സര്‍ക്കാറിന്റെ പരിഷ്‌കരണങ്ങള്‍ രാജ്യത്ത് സാമ്പത്തിക മാന്ദ്യമുണ്ടാക്കി; കേന്ദ്രത്തെ വിമര്‍ശിച്ച് മുകേഷ് അംബാനി
റിയാദ്: രാജ്യത്ത് സാമ്പത്തിക മാന്ദ്യമുണ്ടെന്ന് സൂചിപ്പിച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് മേധാവി മുകേഷ് അംബാനിയും. റിയാദില്‍ ആഗോള നിക്ഷേപ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിക്ഷേപക സംഗമത്തിന്റെ ഭാഗമായ പ്രത്യേക പ്ലീനറിയില്‍ അടുത്ത പത്ത് വര്‍ഷത്തെ സാമ്പത്തിക രംഗത്തെ പ്രവണതകള്‍ ചര്‍ച്ച ചെയ്യുന്ന പരിപാടിയിലാണ് മുകേഷ് അംബാനി പങ്കെടുത്തത്.
ഇന്ത്യയുടെ സാമ്പത്തിക രംഗത്ത് വളര്‍ച്ചാ മുരടിപ്പ് അനുഭവപെടുന്നുണ്ടെന്നും പരിഷ്‌കരണങ്ങളുടെ ഭാഗമായി അനുഭവപ്പെടുന്ന മാന്ദ്യം ഇന്ത്യ മറികടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അംബാനി പറഞ്ഞു.
നോട്ടു നിരോധനം, ജി.എസ്.ടി തുടങ്ങിയ പരിഷ്‌ക്കരണങ്ങളാണ് രാജ്യത്തെ സാമ്പത്തിക തകര്‍ച്ചയ്ക്ക് മൂലകാരണമെന്ന് ആര്‍.ബി.ഐ അടക്കം സാമ്പത്തിക രംഗത്തെ വിദഗ്ധര്‍ അഭിപ്രായപെട്ടിരുന്നു. ഈ പരിഷ്‌ക്കരണങ്ങള്‍ തന്നെയാണ് മാന്ദ്യത്തിനു കാരണമെന്നാണ് മുകേഷ് അംബാനിയും സൂചിപ്പിക്കുന്നത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
വാഹന വ്യവസായം, അടിവസ്ത്ര വ്യവസായം, വജ്ര വ്യാപാരം തുടങ്ങി ഇന്ത്യയിലെ വിവിധ വ്യവസായ മേഖലകള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ട്.
സാമ്പത്തിക മാന്ദ്യത്തിന്റെ പ്രധാന കാരണം ജി.എസ്.ടിയാണെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി ചെയര്‍മാന്‍ ബിബേക് ദെബ്രോയിയും വ്യക്തമാക്കിയിരുന്നു.
കോര്‍പ്പറേറ്റ് നികുതി കുറച്ചത് വലിയ രീതിയില്‍ ഗുണം ചെയ്യില്ലെന്നും സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പുതിയ മാര്‍ഗങ്ങള്‍ തേടേണ്ടി വരുമെന്നും ബിബേക് ദെബ്രോയ് പറഞ്ഞിരുന്നു.
ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് ആറ് ശതമാനമായി കുറയുമെന്ന് ലോക ബാങ്കും വ്യക്തമാക്കിയിരുന്നു. ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടുമായുള്ള ലോക ബാങ്കിന്റെ വാര്‍ഷിക യോഗത്തിന് മുന്നോടിയായി പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കുറയുന്നതായി കാണിച്ചത്.
രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ കൃത്യമായി ഇടപെട്ടില്ലെങ്കില്‍ സാമ്പത്തിക മാന്ദ്യം വര്‍ഷങ്ങളോളം തുടരുമെന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മന്‍മോഹന്‍ സിംഗ് പറഞ്ഞിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ജി.എസ്.ടി നിരക്കുകള്‍ താഴ്ത്തി പുനക്രമീകരിക്കുക, ഗ്രാമീണ മേഖലയുടെ ഉപഭോഗ ശേഷി വര്‍ദ്ധിപ്പിക്കുക, കാര്‍ഷിക മേഖലയിലെ പുനരുദ്ധീകരണം, ബാങ്കുകള്‍, മറ്റ് ധനകാര്യസ്ഥാപനങ്ങള്‍ എന്നിവയില്‍ പണ ലഭ്യത, ടെക്സ്റ്റെല്‍, ഓട്ടോ, ഇലക്ട്രോണിക്ക് രംഗങ്ങളില്‍ കൂടുതല്‍ വായിപ്പ ലഭ്യമാക്കുക, അമേരിക്ക-ചൈന വ്യാപരയുദ്ധത്തിന്റെ വെളിച്ചത്തില്‍ പുതിയ കയറ്റുമതി മേഖലകള്‍ കണ്ടെത്തുക തുടങ്ങിയവ നിര്‍ദേശങ്ങളും സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ മന്‍മോഹന്‍ സിംഗ് മുന്നോട്ടു വെച്ചിരുന്നു.