ധനകാര്യം സിദ്ധരാമയ്യക്ക്; ഡി.കെയ്ക്ക് ആഭ്യന്തരമില്ല; കരട് പട്ടിക പുറത്തിറക്കി കോണ്‍ഗ്രസ്
national news
ധനകാര്യം സിദ്ധരാമയ്യക്ക്; ഡി.കെയ്ക്ക് ആഭ്യന്തരമില്ല; കരട് പട്ടിക പുറത്തിറക്കി കോണ്‍ഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 27th May 2023, 6:46 pm

ബെംഗളൂരു: കര്‍ണാടകയില്‍ 24 പേര്‍ കൂടി മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ഇതോടെ മന്ത്രിസഭയില്‍ 34 മന്ത്രിമാരായി. മന്ത്രിമാര്‍ കൈകാര്യം ചെയ്യേണ്ട വകുപ്പുകളുടെ കരട് പട്ടികയും പ്രഖ്യാപിച്ചിട്ടുണ്ട്. ഗവര്‍ണര്‍ താവര്‍ചന്ദ് ഗെഹ്‌ലോട്ടാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.

ഇന്ന് പുറത്തിറക്കിയത് കരട് പട്ടികയാണെന്നും ഔദ്യോഗിക പട്ടിക രാജ്ഭവന്‍ ഉടനെ പുറത്തിറക്കുമെന്നും കര്‍ണാടക സര്‍ക്കാരിലെ സോഴ്‌സ് ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

കരട് പട്ടിക പ്രകാരം മുഖ്യമന്ത്രി സിദ്ധരാമയ്യ ധനകാര്യം, ക്യാബിനറ്റ് കാര്യം, ഉദ്യോഗസ്ഥ- ഭരണപരിഷ്‌കാരങ്ങള്‍ എന്നീ വകുപ്പുകള്‍ കൂടി കൈകാര്യം ചെയ്യും. നേരത്തെ ഉപമുഖ്യമന്ത്രി സ്ഥാനം ഉറപ്പിച്ച ഡി.കെ.ശിവകുമാറിന് ജലസേചന വകുപ്പും ബെംഗളൂരു വികസന വകുപ്പും നല്‍കി.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജി. പരമേശ്വര ആഭ്യന്തര മന്ത്രി സ്ഥാനം കൈകാര്യം ചെയ്യും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗേയുടെ മകന്‍ പ്രിയങ്ക് ഖാര്‍ഗേയ്ക്കാണ് ഗ്രാമീണ വികസനത്തിന്റെ ചുമതല.

എച്ച്.കെ. പട്ടീല്‍ നിയമ പാര്‍ലമെന്ററി കാര്യ വകുപ്പ്, ദിനേശ് ഗുണ്ടു റാവു ആരോഗ്യവും കുടുബക്ഷേവും വകുപ്പ്, കൃഷ്ണ ബൈറേ ഗൗഡ റവന്യൂ വകുപ്പ് എന്നിവ കൈകാര്യം ചെയ്യും.

സാമൂഹ്യ നീതി വകുപ്പ് കൈകാര്യം ചെയ്യുന്നത് ഡോ. എച്ച്. സി മഹാദേവപ്പയാണ്. ചെലുവരൈസ്വാമി ഗതാഗതമാണ് കൈകാര്യം ചെയ്യുന്നത്.

അതേസമയം മന്ത്രി സഭയില്‍ നിരവധി പുതുമുഖങ്ങളുമുണ്ട്. കോണ്‍ഗ്രസ് നേതാവ് എന്‍.എസ്. ബൊസെരാജു (ടൂറിസം വകുപ്പ്), ബി. നാഗേന്ദ്ര (സ്‌പോര്‍ട്‌സ്, കന്നഡ സംസ്‌കാരം), ലക്ഷ്മി ഹെബ്ബാല്‍ക്കര്‍ (വനിതാ-ശിശുക്ഷേമം) എന്നിവരാണ് മന്ത്രിസഭയിലെ പുതുമുഖങ്ങള്‍.

ലിംഗായത്ത് സമുദായത്തില്‍ നിന്ന് എട്ട് പേര്‍, പട്ടിക ജാതി വിഭാഗത്തില്‍ നിന്ന് ഏഴ് പേര്‍, വോക്കാലിഗ വിഭാഗത്തില്‍ നിന്ന് അഞ്ച് പേര്‍, മുസ്‌ലിം വിഭാഗത്തില്‍ നിന്ന് രണ്ട് പേര്‍, പട്ടികവകുപ്പ് വിഭാഗത്തില്‍ നിന്ന് മൂന്ന് പേര്‍, ഒ.ബി.സി വിഭാഗത്തില്‍ നിന്ന് ആറ് പേര്‍, മാരത, ബ്രാഹ്മിണ്‍, ക്രിസ്ത്യന്‍, ജൈനമതം എന്നീ വിഭാഗങ്ങളില്‍ നിന്ന് ഓരോ പേര്‍ വീതവും ആണ് മന്ത്രിസഭയിലുള്ളത്.

ഹൈക്കമാന്‍ഡുമൊത്തുള്ള ചര്‍ച്ചയിലാണ് മന്ത്രിമാരെ തീരുമാനിച്ചത്. സിദ്ധരാമയ്യയും ശിവകുമാറും ദല്‍ഹിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗേയുമായി ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചയില്‍ സംസ്ഥാനത്തിന്റെ ചുമതലയുള്ള രണ്‍ദീപ് സുര്‍ജേവാല, പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എന്നിവരും പങ്കെടുത്തു.

content highlight: Finance to Siddaramaiah; DK has no domestic; Draft list released