പെരിയാര്‍: ഇ.എസ് ബിജിമോള്‍ എം.എല്‍.എക്ക് നേരെ സാമ്പത്തിക തട്ടിപ്പ് ആരോപണം. സഹോദരി ജിജിമോളുടെ പേരിലുള്ള സൊസൈറ്റിക്ക് മാനദണ്ഡങ്ങള്‍ പാലിക്കാതെ ഫണ്ട് അനുവദിച്ചെന്നാണ്് ആരോപണം.
പെരിയാര്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ ഫൗണ്ടേഷനില്‍ നിന്നുമാണ് ഫണ്ട് അനുവദിച്ചിരിക്കുന്നത്. ആദിവാസികളടങ്ങിയ വില്ലേജ് ഇ.ഡി.സികള്‍ക്കായി നീക്കി വച്ചിരുന്ന ഫണ്ടില്‍ നിന്നും 15,64,000 രൂപയാണ് ജിജിമോള്‍ പ്രസിഡന്റായ സൊസൈറ്റിക്ക് എം.എല്‍.എ വഴി ലഭിച്ചത് എന്നാണ് ആരോപണം.
ഈ തട്ടിപ്പിന് പെരിയാര്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ ഫൗണ്ടേഷന്‍ ഡയറക്ടര്‍ ശില്പ വി കുമാര്‍ കൂട്ടുനിന്നെന്നും ഇവരെ നീക്കം ചെയ്യണമെന്നും ആവശ്യപെട്ട് പ്രതിപക്ഷ കക്ഷികളും രംഗത്തെത്തിയിട്ടുണ്ട്. ഇതിനായി ശക്തമായ പ്രതിഷേധ പരിപാടികള്‍ ആരംഭിക്കാന്‍ ആണ് പ്രതിപക്ഷ കക്ഷികളുടെ തീരുമാനം.
എന്നാല്‍ വനം മന്ത്രി ചെയര്‍മാനായ ഗവേണിങ്ങ് ബോഡിയുടെ നിര്‍ദ്ദേശപ്രകാരമാണ് തുക അനുവദിച്ചത് എന്നാണ് ഡപ്യൂട്ടി ഡയറക്ടരുടെ വിശദ്ദീകരണം. ഇതും അന്വേഷിക്കണമെന്ന് പ്രതിപക്ഷം പറയുന്നു.
ആരോപണം നിഷേധിച്ച എം.എല്‍.എ വിജിലന്‍സ് അന്വേഷണം നേരിടാന്‍ തയ്യാറാണെന്ന് മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി ഇന്ന് ഡി.ഡി ഓഫീസ് മാര്‍ച്ച് നടത്തും.