സര്‍ക്കാറിനും സര്‍ക്കാര്‍ നയങ്ങള്‍ക്കും എതിരെ സംസാരിക്കുന്നതില്‍ നിന്നു വിട്ടുനില്‍ക്കണമെന്ന് നേരത്തെ തന്നെ നിര്‍ദേശം പുറപ്പെടുവിച്ചതാണ്.
ന്യൂദല്‍ഹി: സര്‍ക്കാറിനെയോ സര്‍ക്കാര്‍ നയങ്ങളെയോ വിമര്‍ശിച്ചാല്‍ അച്ചടക്ക നടപടി നേരിടുമെന്ന് ജീവനക്കാര്‍ക്ക് ധനകാര്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ നേതൃത്വത്തിലുള്ള ജി.എസ്.ടി കൗണ്‍സില്‍ സ്വീകരിച്ച ചില നയങ്ങള്‍ക്കെതിരെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്‌സൈസ് ആന്റ് കസ്റ്റംസ് ജീവനക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയ സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്.
“സര്‍ക്കാറിനും സര്‍ക്കാര്‍ നയങ്ങള്‍ക്കും എതിരെ സംസാരിക്കുന്നതില്‍ നിന്നു വിട്ടുനില്‍ക്കണമെന്ന് നേരത്തെ തന്നെ നിര്‍ദേശം പുറപ്പെടുവിച്ചതാണ്.” ധനമന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
ഇതിനു വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ അച്ചടക്ക നടപടിയുള്‍പ്പെടെയുള്ള നടപടികള്‍ നേരിടേണ്ടിവരുമെന്നും ധനകാര്യ മന്ത്രാലയം മുന്നറിയിപ്പു നല്‍കുന്നു.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിക്കരുത് എന്ന ചട്ടംചൂട്ടിക്കാട്ടിയാണ് ധനകാര്യമന്ത്രാലയം ഇത്തരമൊരു ഉത്തരവുമായി രംഗത്തെത്തിയത്.
Also Read: ബി.ജെ.പി പറഞ്ഞു പറ്റിച്ചു; ആ നെറികേടിന്റെ തിക്തഫലം അവരനുഭവിക്കും: സി.കെ ജാനു
“എതെങ്കിലും ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ റേഡിയോ വഴിയോ, ഏതെങ്കിലും ഇലക്ട്രോണിക് മാധ്യമം വഴിയുള്ള ടെലികാസ്റ്റിലൂടെയോ സ്വന്തംപേരിലോ അല്ലെങ്കില്‍ പേരുവെളിപ്പെടുത്താതെയോ ഉള്ള ലേഖനങ്ങളിലൂടെയോ അല്ലെങ്കില്‍ മറ്റാരുടെയെങ്കിലും പേരിലോ മാധ്യമങ്ങളോട് സംസാരിക്കുകയോ സര്‍ക്കാര്‍ നയങ്ങളെ, നടപടികളെ വിമര്‍ശിക്കുന്ന രീതിയില്‍ സംസാരിക്കുകയോ ചെയ്യരുത്” എന്നാണ് സര്‍വ്വീസ് ചട്ടം.
അതേസമയം ഇവിടെ സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ തൊഴിലാളി സംഘടനകള്‍ നടത്തുന്ന പ്രതിഷേധത്തിനെതിരെയാണ് സര്‍ക്കാര്‍ ഇപ്പോള്‍ മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്.
ഓള്‍ ഇന്ത്യ റവന്യൂ സര്‍വ്വീസ്, ഓള്‍ ഇന്ത്യ അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ എക്‌സൈസ് ഗസറ്റഡ് സര്‍വ്വീസ് എക്‌സിക്യുട്ടീവ് ഓഫീസേഴ്‌സ്, ഓള്‍ ഇന്ത്യ സെന്‍ട്രല്‍ എക്‌സൈസ് ഇന്‍സ്‌പെക്ടേഴ്‌സ് അസോസിയേഷന്‍ ആന്റ് ഓള്‍ ഇന്ത്യ സെന്‍ട്രല്‍ എക്‌സൈസ് സര്‍വ്വീസ് ടാക്‌സ് ടാക്‌സ് മിനിസ്റ്റീരിയല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ എന്നിവ ജി.എസ്.ടി കൗണ്‍സിലിന്റെ ചില തീരുമാനങ്ങള്‍ക്കെതിരെ സൂചനാ സമരം നടത്തിയിരുന്നു.
സര്‍ക്കാര്‍ മുന്നറിയിപ്പിനെക്കുറിച്ചു ചോദിച്ചപ്പോള്‍ സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ തങ്ങള്‍ പരസ്യമായി പ്രതികരണമൊന്നും നടത്തിയിട്ടില്ല എന്നാണ് ഐ.ആര്‍.എസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് അനുപ് ശ്രീവാസ്തവയുടെ പ്രതികരണം.