| Wednesday, 5th February 2020, 8:00 pm

ബജറ്റ് കുറ്റമറ്റതെന്ന കേന്ദ്ര വാദം പൊളിയുന്നു; അനുവദിച്ച തുകയില്‍ വൈരുദ്ധ്യങ്ങള്‍; രഹസ്യമായി തിരുത്തി ധനമന്ത്രാലയം; ഇന്ത്യാടുഡേ അന്വേഷണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രണ്ടാം മോദി സര്‍ക്കാരിന്റെ 2020-21 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് തീര്‍ത്തും കുറ്റമറ്റതാണെന്നും കൃത്യമായ വിവരങ്ങളുടെ മാത്രം അടിസ്ഥാനത്തില്‍ തയ്യാറാക്കിയതാണെന്നുമായിരുന്നു ബജറ്റ് അവതരണത്തിന്റെ ആമുഖ പ്രസംഗത്തില്‍ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പ്രത്യേകം എടുത്തു പറഞ്ഞിരുന്നത്. എന്നാല്‍, വിവരങ്ങളിലെ വൈരുദ്ധ്യം മൂലം ധനമന്ത്രാലയം അതീവ രഹസ്യമായി ബജറ്റിലെ ചില ഭാഗങ്ങള്‍ തിരുത്തിയെന്ന് റിപ്പോര്‍ട്ട്.

ഇന്ത്യാടുഡേയാണ് ബജറ്റ് വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ വെബ്സൈറ്റില്‍ വരുത്തിയ തിരുത്തലുകളെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തത്. www.indiabudget.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച ആരോഗ്യ, കുടുംബ ക്ഷേമ വിഭാഗങ്ങളിലെ പദ്ധതികളിലും സംരംഭങ്ങളിലുമാണ് മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്.

വെബ്സൈറ്റില്‍ പി.ഡി.എഫ്, എക്സെല്‍ എന്നിങ്ങനെ രണ്ട് ഫോര്‍മാറ്റുകളിലായാണ് വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഇവ രണ്ടിലും പ്രസിദ്ധീകരിച്ചിരിക്കുന്ന വിവരങ്ങള്‍ തമ്മില്‍ പലയിടത്തും പൊരുത്തക്കേടുകളുണ്ടെന്നാണ് ഇന്ത്യാ ടുഡേ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ദല്‍ഹിയിലെ സഫ്ദാല്‍ജങ് ആശുപത്രിക്കായി 1,318.86 കോടി നീക്കി വെക്കുന്നതായാണ് പി.ഡി.എഫ് ഫയലില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ എക്സല്‍ ഫയലിലാകട്ടെ, ഇത് 1,116.86 കോടിയാണ്. 152 കോടിയുടെ വൈരുദ്ധ്യമാണ് ഇരുരേഖകളും തമ്മിലുള്ളത്.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിനുവേണ്ടി നീക്കിവച്ചെന്ന് പ്രഖ്യാപിച്ച തുകയില്‍ 290 കോടിയുടെ വ്യത്യാസവുമുണ്ട്. അതായത്, പി.ഡി.എഫ് ഫയലില്‍ 3,489.6 കോടിയെന്നും എക്സല്‍ ഫയലില്‍ 3,199.96 കോടിയെന്നുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ദല്‍ഹി ആര്‍.എം.എല്‍ ആശുപത്രിക്കുവേണ്ടി 885.6 കോടിയെന്ന് പി.ഡി.എഫിലും 753.60 കോടിയെന്ന് എക്സല്‍ ഫയലിലും രേഖപ്പെടുത്തിയിരിക്കുന്നു. 132 കോടിയുടെ വ്യത്യാസമാണ് ഇവ തമ്മിലുള്ളത്. ചണ്ഡീഗഡിലെ പി.ജി.ഐ.എം.ആറിനായി 1426.53 കോടി അനുവദിക്കുന്നെന്ന് പി.ഡി.എഫിലും 1,551.53 എന്ന് എക്സലിലും രേഖപ്പെടുത്തിയിരിക്കുന്നു. 125 കോടിയുടെ വ്യത്യാസമാണ് ഇവിടെയുള്ളത്.

വൈരുദ്ധ്യങ്ങള്‍ പ്രകടമായ പി.ഡി.എഫ്, എക്‌സല്‍ ഫയല്‍ വിവരങ്ങള്‍ (ഇന്ത്യാടുഡേ)

ഇത്തരത്തില്‍ പലസ്ഥലങ്ങളിലും വൈരുദ്ധ്യം പ്രകടമാണ്. അന്വേഷത്തില്‍ ഇക്കാര്യം വ്യക്തമായതിനെത്തുടര്‍ന്ന് ഇവ വിശദമാക്കി ഇന്ത്യാടുഡേ ധനമന്ത്രാലയത്തിന് വ്യക്തത ആവശ്യപ്പെട്ട് ഇമെയില്‍ അയച്ചിരുന്നു. ഇതിനോട് പ്രതികരിക്കാന്‍ മന്ത്രാലയം ഇതുവരെ തയ്യാറായിട്ടില്ലെന്ന് ഇന്ത്യാടുഡേ റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ ഇന്ത്യാ ടുഡേയുടെ ഇടപെടലിന് പിന്നാലെ അതീവ രഹസ്യമായി ധനമന്ത്രാലയം വെബ്‌സൈറ്റില്‍ തിരുത്തലുകള്‍ വരുത്തിയിട്ടുണ്ട്. പി.ഡി.എഫ് ഫയലിലെ രേഖകള്‍ അതുപോലെ നിലനിര്‍ത്തുകയും എക്‌സലിലെ വിവരങ്ങളില്‍ തിരുത്തല്‍ വരുത്തുകയുമാണ് ചെയ്തിരിക്കുന്നത്. ചൊവ്വാഴ്ച രാത്രി വരെ വൈബ്‌സൈറ്റില്‍ തിരുത്തലുകളൊന്നും ഉണ്ടായിരുന്നില്ലെന്നും എന്നാല്‍ ബുധനാഴ്ചയോടെ തിരുത്തിയ വിവരങ്ങളാണ് ഉള്ളതെന്നും ഇന്ത്യാ ടുഡേയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

We use cookies to give you the best possible experience. Learn more