അരുണ്‍ ജെയ്റ്റ്‌ലി രാജ്യത്തിന്റെ ശത്രു: മുന്‍ ബി.ജെ.പി നേതാവ് രാം ജത്മലാനി
Daily News
അരുണ്‍ ജെയ്റ്റ്‌ലി രാജ്യത്തിന്റെ ശത്രു: മുന്‍ ബി.ജെ.പി നേതാവ് രാം ജത്മലാനി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 31st August 2015, 8:48 pm

Ram-Jethmalani-2ന്യൂദല്‍ഹി: ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കെതിരെ കടുത്ത ആരോപണങ്ങളുയര്‍ത്തി മുന്‍ ബി.ജെ.പി നേതാവ് രാം ജത്മലാനി. ധനകാര്യമന്ത്രി രാജ്യത്തെ വിമുക്തഭടന്മാര്‍ക്കും രാജ്യത്തിനും ഒരുപോലെ ശത്രുവാണെന്ന് അദ്ദേഹം ആരോപിച്ചു. തിങ്കളാഴ്ച്ച ദല്‍ഹിയില്‍ “ഒരു പദവി ഒരു പെന്‍ഷന്‍” ആവശ്യവുമായി സമരത്തിലിരിക്കുന്ന വിമുക്തഭടന്‍മാര്‍ക്ക് പിന്തുണയറിയിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ദൈവം നമുക്ക് തന്ന ഏറ്റവും വലിയ ശാപമാണ് ധനകാര്യമന്ത്രി, നിങ്ങളുടെ ശത്രു ആണെന്നത് പോലെ അദ്ദേഹം രാജ്യത്തിന്റെയും ശത്രുവാണ്.” ജത്മലാനി പറയുന്നു.

“തെരഞ്ഞെടുപ്പ് പ്രചരണത്തിനായി രാജ്യം മുഴുവന്‍ സന്ദര്‍ശിക്കുകയും മോദി ദൈവത്തിന്റെ വരദാനമാണെന്ന് പറയുകയും ചെയ്തു. എന്നാല്‍ മോദി എന്റെ സ്വപ്‌നങ്ങളെ തകര്‍ത്തു എന്ന് പറയുന്നതില്‍ ഞാന്‍ ലജ്ജിക്കുന്നു. തന്റെ വാഗ്ദാനം പാലിക്കുവാനുള്ള ഒരു താല്‍പര്യവും മോദിക്കില്ലെന്നതിനുള്ള തെളിവുകള്‍ ഓരോ ദിവസവും എനിക്ക് ലഭിച്ചുകൊണ്ടിരിക്കുകയാണ്” ജത്മലാനി പറഞ്ഞു.

“മോദിയോടുള്ള എന്റെ സ്‌നേഹും ബഹുമാനവും എല്ലാം പോയിക്കഴിഞ്ഞുവെന്ന് ഞാന്‍ എന്നേ മോദിയോട് പറഞ്ഞു കഴിഞ്ഞു” . മുതിര്‍ന്ന സുപ്രീം കോടതി അഭിഭാഷകന്‍ കൂടിയായ ജത്മലാനി കൂട്ടിച്ചേര്‍ത്തു.

ഓരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി ഉടന്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ദല്‍ഹിയിലെ ജന്തര്‍ മന്ദിറില്‍ രാജ്യത്തെ വിമുക്ത ഭടന്മാര്‍ നടത്തിവരുന്ന സമരത്തിന്റെ 78മത് ദിവസമാണ് തിങ്കളാഴ്ച്ച.