തിരുവനന്തപുരം: യു.പി.ഐ വഴി പണമിടപാട് നടത്തിയതിന് പിന്നാലെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നുണ്ടെന്ന പരാതി റിസര്‍വ് ബാങ്കിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍.
അക്കൗണ്ടുകളെ സംബന്ധിച്ചുള്ള വ്യാപക പരാതി ഉയര്‍ന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും കേന്ദ്ര ഏജന്‍സികളാണ് വിഷയത്തില്‍ പരിഹാരം കാണേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സാധാരണക്കാരുടെയടക്കം അക്കൗണ്ടുകള്‍ മരവിപ്പിക്കുന്ന നടപടി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും കേന്ദ്രസര്‍ക്കാറുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
യു.പി.ഐ ഇടപാടിലെ പരാതികളൊക്കെ പരിഹരിക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്നും നിലവില്‍ ബാങ്കുകളെല്ലാം തന്നെ വിഷയത്തെ ഗൗരവമായിട്ടാണ് കാണുന്നതെന്നും ബാലഗോപാല്‍ പറഞ്ഞു.
‘അക്കൗണ്ട് ഫ്രീസിങ്ങുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പലപ്പോഴും കുറ്റവാളികളായ ആളുകള്‍ അക്കൗണ്ടിലേക്ക് പൈസ അയക്കുന്നുണ്ടെന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് അക്കൗണ്ടുകള്‍ മരവിപ്പിച്ചതെന്നാണ് വാര്‍ത്തകള്‍ വന്നിട്ടുള്ളത്. യഥാര്‍ത്ഥത്തില്‍ റിസര്‍വ് ബാങ്കും കേന്ദ്ര ഏജന്‍സികളും ചേര്‍ന്നാണ് വിഷയത്തില്‍ നടപടിയെടുക്കേണ്ടത്.
നിലവില്‍ വന്നിരിക്കുന്ന ബുദ്ധിമുട്ടുകള്‍ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താനാണ് സര്‍ക്കാരിന്റെ തീരുമാനം. ബാങ്കുകള്‍ എല്ലാം തന്നെ വിഷയത്തെ ഗൗരവമായി സമീപിക്കുന്നുണ്ടെന്നാണ് കരുതുന്നത്. പലപ്പോഴും സാങ്കേതികമായ പ്രശ്‌നങ്ങളാണ് ബാങ്കുകള്‍ ചൂണ്ടിക്കാട്ടുന്നത്.
സാധാരണ ഗതിയില്‍ തീവ്രവാദ ബന്ധമൊക്കെ ആരോപിച്ചാണ് അക്കൗണ്ടുകള്‍ മരവിപ്പിക്കാറുള്ളത്. പക്ഷെ ഇവിടെ അത്തരം യാതൊരു പങ്കുമില്ലാത്ത വ്യക്തികളുടെ അക്കൗണ്ടുകള്‍ വരെ മരവിപ്പിക്കപ്പെടുന്നതായി പരാതിയുയര്‍ന്നിട്ടുണ്ട്. അത് അന്വേഷിക്കേണ്ടതാണ്,’ അദ്ദേഹം പറഞ്ഞു.
ഗൂഗിള്‍ പേ വഴി സംശയാസ്പദമായ അക്കൗണ്ടുകളില്‍ നിന്ന് പണം എത്തിയെന്ന പേരില്‍ നിരവധി വ്യാപാരികളുടെ അക്കൗണ്ടുകള്‍ ഈയിടെ ബാങ്കുകള്‍ മരവിപ്പിച്ചിരുന്നു. യാതൊരു മുന്നറിയിപ്പുമില്ലാതെ മരവിപ്പിക്കപ്പെടുന്ന പ്രവണത വ്യാപകമായതോടെ പലരും യു.പി.ഐ ഇടപാടുകള്‍ അവസാനിപ്പിക്കുകയും ചെയ്തിരുന്നു. കേരളത്തില്‍ മാത്രം കഴിഞ്ഞ ഏതാനും ആഴ്ച്ചകള്‍ക്കിടെ 2000ലേറെ അക്കൗണ്ടുകള്‍ ഇത്തരത്തില്‍ മരവിപ്പിക്കപ്പെട്ടെന്നാണ് സൂചന.
Content Highlight: finance minister says he will indorm rbi on upi complaints