ചെന്നൈ: ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ് ഡിപാര്‍ട്ട്‌മെന്റിന്റെ പരിധിയില്‍ നിന്ന് ചില ക്ഷേത്രങ്ങളെ ഒഴിവാക്കി നടത്തിപ്പ് അവകാശം ഭക്തര്‍ക്ക് നല്‍കണമെന്ന് വിവിധയിടങ്ങളില്‍ നിന്ന് ഉയരുന്ന ആവശ്യം തള്ളി തമിഴ്‌നാട് ധനമന്ത്രി പി.ടി.ആര്‍ പളനിവേല്‍ ത്യാഗരാജന്‍. ഈ ആവശ്യം അസംബന്ധമാണെന്നാണ് പി.ടി.ആര്‍ പളനിവേല്‍ പറഞ്ഞത്.
ക്ഷേത്രങ്ങളെ സ്വതന്ത്രമാക്കണമെന്ന് ഇഷ യോഗ സെന്റര്‍ സ്ഥാപകന്‍ ജഗ്ഗി വാസുദേവ് അടക്കമുള്ളവര്‍ ആവശ്യപ്പെട്ടതിനെ ‘പലരും പല ശബ്ദങ്ങളും ഉയര്‍ത്തും. ഇത് സമൂഹത്തിന്റെ നല്ലതിനെ തകര്‍ക്കാര്‍ വേണ്ടിയുള്ള ശ്രമമാണെന്നും ദ ഹിന്ദുവിന് നല്‍കിയ അഭിമുഖത്തില്‍ പളനി വേല്‍ പറഞ്ഞു.
‘ജഗ്ഗി വാസുദേവ് ശ്രദ്ധപിടിച്ചുപറ്റാന്‍ വേണ്ടി എന്തും ചെയ്യുന്ന കപട സന്യാസിയാണ്. പണം കണ്ടെത്താന്‍ എന്ത് ചെയ്യാമെന്നാണ് അദ്ദേഹം ആലോചിച്ചു കൊണ്ടിരിക്കുന്നത്,’ പളനിവേല്‍ പറഞ്ഞു.
ദൈവത്തില്‍ മാത്രം അധിഷ്ഠിതമായി ജീവിക്കുന്ന ഒരു സന്യാസി 5 ലക്ഷത്തിനും, 50,000ത്തിനും, 5,000ത്തിനുമുള്ള നവരാത്രി ടിക്കറ്റുകള്‍ വില്‍ക്കുമോ എന്നും പളനിവേല്‍ ചോദിച്ചു.
‘ദൈവത്തില്‍ മാത്രം അധിഷ്ഠിതമായി ജീവിക്കുന്ന ഒരു സന്യാസി 5 ലക്ഷത്തിനും, 50,000ത്തിനും, 5,000ത്തിനുമുള്ള നവരാത്രി ടിക്കറ്റുകള്‍ വില്‍ക്കുമോ? അതാണോ ഒരു സന്യാസിയുടെ ലക്ഷണം? അതാണോ ഒരു ആത്മീയ വാദിയുടെ ലക്ഷണം? സ്വന്തം കാര്യത്തിനായി ദൈവത്തേയും മതത്തേയും കൂട്ടു പിടിക്കുന്ന സാമ്പത്തിക ഇടപാടുകാരന്‍ മാത്രമാണ് ജഗ്ഗി വാസുദേവ്,’ പളനിവേല്‍ പറഞ്ഞു.
ജഗ്ഗി വാസുദേവിന്റെ കോയമ്പത്തൂരിലെ ഇഷ ഫൗണ്ടേഷനെക്കുറിച്ച് അന്വേഷിക്കുമെന്ന് പളനിവേലും എച്ച്.ആര്‍ ആന്‍ഡ് സി. ഇ മന്ത്രി പി. കെ ശേഖര്‍ ബാബുവും അറിയിച്ചിട്ടുണ്ട്.
അവിടെ ഏതെങ്കിലും തരത്തിലുള്ള നിയമ ലംഘന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടോ എന്ന കാര്യവും അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഭക്തരാണ് ക്ഷേത്രം നടത്തേണ്ടതെന്ന ആവശ്യത്തെയും അദ്ദേഹം എതിര്‍ത്തു.
‘ഇവയൊക്കെ ഉണ്ടാക്കിയത് രാജാക്കന്മാരും മറ്റുമാണ്. ഭക്തര്‍ക്ക് കൊടുക്കാന്‍ പറഞ്ഞാല്‍ ഞാന്‍ ഏത് ഭക്തനാണ് ഇത് കൊടുക്കേണ്ടത്?,’ പളനിവേല്‍ ചോദിക്കുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക