| Thursday, 9th January 2020, 11:36 pm

ധനകാര്യ മന്ത്രിയില്ലാതെ പ്രധാനമന്ത്രിയുടെ ബജറ്റ് ചര്‍ച്ചകള്‍; 'അടുത്ത തവണയെങ്കിലും നിര്‍മല സീതാരാമനെ ക്ഷണിക്കണേ'എന്ന് പരിഹസിച്ച് സാമൂഹ്യ മാധ്യമങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: 2020ലെ ബജറ്റിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി സാമ്പത്തിക വിദഗ്ദ്ധരുമായി നടത്തിയ ചര്‍ച്ചയില്‍ ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ ഇല്ലാതിരുന്നതിനെതിരെ വ്യാപക പരിഹാസമുയരുന്നു. ധനകാര്യ മന്ത്രിയില്ലാതെ എങ്ങിനെയാണ് ബജറ്റ് ചര്‍ച്ചകള്‍ നടത്തുന്നതെന്നാണ് ആക്ഷേപമുയരുന്നത്.

ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാന്‍ പോകുന്ന ബജറ്റിന് നിര്‍ദേശങ്ങള്‍ ക്ഷണിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ സാമ്പത്തിക വിദഗ്ധര്‍, വ്യവസായ പ്രമുഖര്‍, ഗവേഷകര്‍, ബാങ്ക് ഉദ്യോഗസ്ഥര്‍ എന്നിവരുമായി ചര്‍ച്ച നടത്തിയത്.

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച അഞ്ച് ട്രില്യണ്‍ ഡോളറിലെത്തിക്കുക, ഉപഭോഗം വര്‍ധിപ്പിക്കുക, സാമ്പത്തികരംഗത്തിനാവശ്യമായ പരിഷ്‌കാരങ്ങള്‍, നിക്ഷേപം വര്‍ധിപ്പിക്കുക, വായ്പ വളര്‍ച്ച എന്നീ വിഷയങ്ങളായിരുന്നു രണ്ട് മണിക്കൂര്‍ നീണ്ട യോഗത്തില്‍ ചര്‍ച്ച ചെയ്തത്. നാല്പതോളം പേര്‍ പങ്കെടുത്ത ചര്‍ച്ചയില്‍ പക്ഷെ, ധനകാര്യ മന്ത്രി മാത്രം ഉണ്ടായിരുന്നില്ല.

കഴിഞ്ഞ ദിവസം വ്യവസായ പ്രമുഖരുമായി നടത്തിയ ചര്‍ച്ചയിലും നിര്‍മല സീതാരാമന്‍ പങ്കെടുത്തിരുന്നില്ല. ധനകാര്യ മന്ത്രി പോലും പങ്കെടുത്ത പ്രധാന മന്ത്രിയുടെ സാമ്പത്തികരംഗം മെച്ചപ്പെടുത്തുന്നതിനുള്ള ചര്‍ച്ചകളെ പരിഹസിച്ചുകൊണ്ട് കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്.

‘ഒരു നിര്‍ദേശം പറയാനുണ്ട്. അടുത്ത ബജറ്റ് യോഗത്തിലെങ്കിലും ധനകാര്യ മന്ത്രിയെ ക്ഷണിക്കണം’ എന്ന് ഫൈന്‍ഡിങ് നിര്‍മല എന്ന ഹാഷ് ടാഗോടു കൂടി കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു. നിരവധിയാളുകളാണ് ഇത് റീട്വീറ്റ് ചെയ്തത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കോണ്‍ഗ്രസ് എം.പി ശശി തരൂര്‍ നിര്‍മല സീതാരാമന്റെ അസാന്നിധ്യത്തെ ചോദ്യം ചെയ്തുകൊണ്ട് ട്വീറ്റ് ചെയ്തിരുന്നു. ധനകാര്യ മന്ത്രിയെ സ്ഥാനത്ത് നിന്നും നീക്കം ചെയ്‌തോ എന്ന് ചോദിച്ചായിരുന്നു ശശി തരൂരിന്റെ ട്വീറ്റ്.

ഇതിന് മറുപടിയായി നിര്‍മലാ സീത രാമന്‍ പങ്കെടുത്ത മറ്റ് ബജറ്റ് യോഗങ്ങളുടെ വിവരങ്ങള്‍ ധനകാര്യ മന്ത്രിയുടെ ഓഫീസ് മറുപടിയായി ട്വീറ്റ് ചെയ്തു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ബി.ജെ.പി ഓഫീസില്‍ ഒഴിവാക്കാനാവാത്ത മറ്റൊരു യോഗം ഉണ്ടായിരുന്നതിനാലാണ് സാമ്പത്തിക വിദഗ്ധരുമായുള്ള പ്രധാന മന്ത്രിയുടെ യോഗത്തില്‍ നിന്നും വിട്ടുനിന്നതെന്നാണ് ഔദ്യോഗിക ഭാഷ്യം.

DoolNews Video

We use cookies to give you the best possible experience. Learn more