തിരുവനന്തപുരം: കിഫ്ബി പദ്ധതികള്‍ക്ക് ധനാനുമതി നല്‍കി സംസ്ഥാന ധനകാര്യ വകുപ്പ്. 743 കോടി രൂപയുടെ 32 പദ്ധതികള്‍ക്ക് അനുമതി നല്‍കിയതായി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഇന്നലെ (തിങ്കളാഴ്ച) നടന്ന 59ാം കിഫ്ബി ബോഡി യോഗത്തിലാണ് തീരുമാനം.
32 പദ്ധതികളില്‍ ഏറ്റവും സുപ്രധാനമായത് വിഴിഞ്ഞം തുറമുഖത്തിന്റെ വികസനത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനമാണ്.
സംസ്ഥാനത്തിന്റെ തെക്കന്‍ മേഖലയെ ഊര്‍ജ്ജസ്വലമായ ഒരു വ്യവസായിക സാമ്പത്തിക കേന്ദ്രമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയുള്ള ‘വിഴിഞ്ഞം-കൊല്ലം-പുനലൂര്‍ വ്യവസായിക സാമ്പത്തിക വളര്‍ച്ചാ മുനമ്പ്’ (Vizhinjam Kollam Punalur Industrial and Economic Growth Triangle) എന്നൊരു ബൃഹത് പദ്ധതി കിഫ്ബി വഴി നടപ്പാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം നല്‍കിയതായും കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു പ്രഖ്യാപനം.
കമ്മീഷനിങ്ങിന് സജ്ജമായിക്കൊണ്ടിരിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ മദര്‍ഷിപ്പ് തുറമുഖമായ വിഴിഞ്ഞം അന്താരാഷ്ട്ര ട്രാന്‍സ്ഷിപ്പ്‌മെന്റ് തുറമുഖത്തിന്റെ സാധ്യതകള്‍ കേരളത്തിന് പ്രയോജനപ്പെടുത്തുന്നതിനാണ് ഈ പദ്ധതി രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് ധനമന്ത്രി അറിയിച്ചു.
വിഴിഞ്ഞം തുറമുഖം കേന്ദ്രീകരിച്ച് കൊല്ലം, തിരുവനന്തപുരം എന്നീ തെക്കന്‍ ജില്ലകളിലായി 1,456 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന പദ്ധതിയാണ് സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്. ഈ പദ്ധതിയുടെ സാധ്യതകള്‍ തെക്കന്‍ കേരളത്തിലെ സാമ്പത്തിക വളര്‍ച്ചയില്‍ ഒതുങ്ങുന്നതല്ല. തീരപ്രദേശങ്ങള്‍, മധ്യ മേഖല, മലയോര മേഖല എന്നിവയെ പ്രധാന റോഡ്-റെയില്‍ ഇടനാഴികള്‍ വഴി വ്യവസായ ഇടനാഴിയുടെ ഭാഗമാക്കിക്കൊണ്ട് കേരളത്തിന്റെ സമ്പൂര്‍ണ വികസനം സാധ്യമാക്കുകയാണ് ലക്ഷ്യമെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.
കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്പ്മെന്റ് ഉള്‍പ്പെടെ വൈവിധ്യമാര്‍ന്ന കയറ്റുമതി-ഇറക്കുമതി ചരക്കുകള്‍ കൈകാര്യം ചെയ്യാന്‍ പ്രാപ്തിയുള്ള വിഴിഞ്ഞം തുറമുഖം പ്രവര്‍ത്തനക്ഷമമാകുന്നതോടുകൂടി നിരവധി അനുബന്ധ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും.
അതിലൂടെ മെച്ചപ്പെടുന്ന വ്യാപാര പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തിന്റെ ജി.ഡി.പി ഗണ്യമായി വര്‍ധി ക്കാനാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. മേഖലയിലുടനീളമുള്ള കാര്യക്ഷമമായ ലോജിസ്റ്റിക്സ് സുഗമമാക്കിക്കൊണ്ട്, തുറമുഖത്തിന്റെ പ്രവര്‍ത്തനങ്ങളുമായി പൊരുത്തപ്പെടുന്ന ഒരു വ്യാവസായിക ഇടനാഴി സ്ഥാപിച്ച് തുറമുഖത്തിന്റെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതിനാണ് സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും മന്ത്രി അറിയിച്ചു.
ഗ്രോത്ത് ട്രയാംഗിള്‍, വളര്‍ച്ചാനോഡുകള്‍, സബ് നോഡുകള്‍, ഇടനാഴികള്‍ എന്നിവയെ ചുറ്റിപ്പറ്റിയുള്ള ഒരു വ്യാവസായികമേഖല സൃഷ്ടിക്കുക വഴി ഗതാഗത, ലോജിസ്റ്റിക്, വ്യവസായപാര്‍ക്കുകളുടെ ഒരു സംയോജനമാണ് സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്.
പ്രധാന ഹൈവേകള്‍ക്കും റെയില്‍ ശൃംഖലകള്‍ക്കും സമീപം സ്ഥിതി ചെയ്യുന്ന പ്രദേശത്ത് ആ പ്രദേശത്തിന്റെ പ്രത്യേകതകളെ അടിസ്ഥാനമാക്കി ആഗോളതലത്തില്‍ മത്സരിക്കാന്‍ കഴിയുന്ന ഒരു സ്മാര്‍ട്ട് ഇന്‍ഡസ്ട്രിയല്‍ ഇക്കോസിസ്റ്റം വികസിപ്പിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
വിഴിഞ്ഞം-കൊല്ലം-പുനലൂര്‍ വളര്‍ച്ചാ ഇടനാഴിക്കുള്ളിലെ വിവിധ വികസന നോഡുകള്‍ ബന്ധിപ്പിക്കുന്നതിന് ഗതാഗത ഇടനാഴികള്‍ പ്രധാനമാണ്. വിഴിഞ്ഞം-കൊല്ലം ദേശീയ പാത 66 (NH 66), കൊല്ലം-ചെങ്കോട്ട ദേശീയ പാത 744, പുതിയ ഗ്രീന്‍ഫീല്‍ഡ് NH 744, കൊല്ലം-ചെങ്കോട്ട റെയില്‍വേ ലൈന്‍, പുനലൂര്‍-നെടുമങ്ങാട് വിഴിഞ്ഞം റോഡ് എന്നിവയാണ് ഈ വളര്‍ച്ചാ മുനമ്പിന്റെ മൂന്ന് വശങ്ങള്‍.
ഇവ ഈ പ്രദേശത്തുടനീളമുള്ള കണക്റ്റിവിറ്റി വര്‍ധിപ്പിക്കുന്ന ശ്രദ്ധേയമായ ഇടനാഴികള്‍ ആണ്. കൂടാതെ, പദ്ധതി പ്രദേശത്തിന് ഉള്ളില്‍ വരുന്ന തിരുവനന്തപുരം ഔട്ടര്‍ റിംഗ് റോഡും, വിഴിഞ്ഞം-നാവായിക്കുളം ഔട്ടര്‍ ഏരിയ ഗ്രോത്ത് കോറിഡോറും തലസ്ഥാന മേഖലയുടെ വികസനത്തിന് കൂടുതല്‍ കരുത്തേകും.
ഗതാഗത ഇടനാഴികളുടെ വികസനം, സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം പ്രധാന ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള പ്രവേശനം സുഗമമാക്കുകയും, ചുറ്റുപാടുമുള്ള പ്രദേശങ്ങളില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും മെച്ചപ്പെട്ട ജീവിതനിലവാരം ഉയര്‍ത്തുന്നതിനും ഇടയാക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ഇതുകൂടാതെ മേഖലാ വളര്‍ച്ച സുഗമമാക്കുന്നതിന്, നിരവധി പ്രധാന നോഡുകള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. തുറമുഖത്തേക്ക് നേരിട്ട് പ്രവേശനമുള്ള അന്താരാഷ്ട്ര വ്യാപാരത്തിനുള്ള കവാടമായി പ്രവര്‍ത്തിക്കുന്ന വിഴിഞ്ഞം നോഡ്, നിലവിലുള്ള വ്യവസായങ്ങളെ ഗതാഗത ശൃംഖലകളുമായി ബന്ധിപ്പിക്കുന്ന കൊല്ലം അര്‍ബന്‍ സെന്റര്‍ നോഡ്, പുനരുപയോഗ ഊര്‍ജ വ്യവസായങ്ങളുടെ കേന്ദ്രമായി മാറുവാന്‍ സാധ്യതയുള്ള പുനലൂര്‍ നോഡ് എന്നിവയാണവ.
ഇത് കൂടാതെ, പള്ളിപ്പുറം-ആറ്റിങ്ങല്‍-വര്‍ക്കല, പാരിപ്പള്ളി-കല്ലമ്പലം, നീണ്ടകര-കൊല്ലം, കൊല്ലം-കുണ്ടറ, കുണ്ടറ-കൊട്ടാരക്കര, അഞ്ചല്‍-ആയൂര്‍, നെടുമങ്ങാട്-പാലോട് തുടങ്ങിയ ഉപ-നോഡുകള്‍ പ്രാദേശിക വികസനത്തിന് പിന്തുണ നല്‍കുകയും, ആനുകൂല്യങ്ങള്‍ ഗ്രാമീണ മേഖലകളില്‍ എത്തുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യും.
തിരുവനന്തപുരത്ത് വിഭാവനം ചെയ്തിട്ടുള്ള ഔട്ടര്‍ ഏരിയ ഗ്രോത്ത് കോറിഡോര്‍ കൂടെ ഈ പദ്ധതിയുടെ ഭാഗം ആകുന്നതിലൂടെ നഗര ഗ്രാമ വ്യത്യാസമില്ലാതെ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുവാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.
കേരളത്തിന്റെ സമ്പദ്വ്യവസ്ഥയെ വൈവിധ്യവത്കരിക്കുന്നതിനും, വ്യാവസായിക അടിത്തറ ശക്തിപ്പെടുത്തുന്നതിനും കേരളത്തിലെ തനത് വ്യവസായ മേഖലകള്‍ ഉള്‍പ്പെടെ ഏഴ് പ്രധാന മേഖലകള്‍ പദ്ധതിയുടെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സമുദ്രോത്പന്ന ഭക്ഷ്യ സംസ്‌കരണവും കയറ്റുമതിയും, കാര്‍ഷികാധിഷ്ഠിത വ്യവസായങ്ങള്‍, ഐ.ടി/ഐ.ടി.ഇ.എസ്/ബഹിരാകാശ മേഖല, ഗതാഗതവും ലോജിസ്റ്റിക്‌സും, പുനരുപയോഗ ഊര്‍ജം, അസംബ്ലിങ് യൂണിറ്റുകള്‍, മെഡിക്കല്‍ ടൂറിസം/ഹോസ്പിറ്റാലിറ്റി എന്നീ മേഖലകളാണ് പദ്ധതിയില്‍ ഉള്‍പ്പെടുന്നതെന്നും അദ്ദേഹം അറിയിച്ചു.
സാധ്യതാ പഠനങ്ങള്‍, ഫണ്ടിങ് ലഭ്യമാക്കല്‍, വ്യവസായ സ്ഥാപനങ്ങളും ഉടമസ്ഥരുമായിട്ടുള്ള കരാറുകള്‍, റോഡുകളുടെ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസനം എന്നിങ്ങനെ ഘട്ടം ഘട്ടമായുള്ള സമീപനമാണ് ഈ പദ്ധതിക്കായി സ്വീകരിക്കുക. ഇന്‍ഫ്രാസ്ട്രക്ചര്‍, വ്യാവസായിക ഇടനാഴികള്‍, ടൂറിസം, എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് മൂന്ന് വര്‍ഷത്തിനുള്ളില്‍ മൂന്ന് ലക്ഷം കോടി രൂപയുടെ നിക്ഷേപം ആകര്‍ഷിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
പരമ്പരാഗത ഭൂമി എടുക്കല്‍ രീതികള്‍ക്കപ്പുറമുള്ള ലാന്‍ഡ് പൂളിങ്, പൊതു-സ്വകാര്യ പങ്കാളിത്തം (PPP), നേരിട്ട് വാങ്ങല്‍ (Direct Negotiated Purchase), ഭൂമി കൈമാറ്റം (Land exchange) തുടങ്ങിയ നൂതന രീതികള്‍ എന്നിവയിലൂടെ ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കുവാന്‍ കഴിയും. കൂടാതെ ഇടനാഴികളില്‍ പ്രത്യേക സാമ്പത്തിക മേഖലകള്‍ (SEZ) പ്രഖ്യാപിക്കുക വഴി പദ്ധതിക്ക് വേണ്ടി നിക്ഷേപം ആകര്‍ഷിക്കുവാനും വേഗം കൈവരിക്കുവാനും ആകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വിഴിഞ്ഞം-കൊല്ലം-പുനലൂര്‍ വികസന മുനമ്പ് തെക്കന്‍ കേരളത്തെ ഒരു വ്യവസായ, സാമ്പത്തിക കേന്ദ്രമായി മാറ്റുന്നതിനും അതിലൂടെ സംസ്ഥാനത്തെ ഒരു തുറമുഖാധിഷ്ഠിത സമ്പദ്വ്യവസ്ഥയിലേക്ക് ഉയര്‍ന്നതിനുമുള്ള ഒരു സുപ്രധാന ചുവടുവെപ്പാണ്. അടിസ്ഥാന സൗകര്യ വികസനത്തിനും സുസ്ഥിര സമ്പ്രദായങ്ങള്‍ക്കും ഊന്നല്‍ നല്‍കിക്കൊണ്ട്, ഇന്ത്യയുടെ സാമ്പത്തിക വ്യാവസായിക ഭൂപടത്തില്‍ ഈ മേഖലയെ ഒരു പ്രധാന കേന്ദ്രമായി വളര്‍ത്താന്‍ ലക്ഷ്യമിടുന്നു.
പദ്ധതിയുടെ വിജയകരമായ പ്രവര്‍ത്തനങ്ങള്‍ വഴി കേരളത്തിലേക്ക് വലിയ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുവാനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും അത് വഴി സംസഥാനത്തിന്റെ ജി.ഡി.പി ഗണ്യമായി വര്‍ധിപ്പിക്കാനും, വരും വര്‍ഷങ്ങളില്‍ ആഭ്യന്തര, അന്തര്‍ദേശീയ വ്യവസായ സംരംഭങ്ങളുടെ കേന്ദ്രബിന്ദുവായി മാറുവാനും ഇ പദ്ധതി വഴി സര്‍ക്കാര്‍ ലക്ഷ്യമിടുന്നുവെന്നും മന്ത്രി കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു.
ഭാവിയില്‍ ഈ ഇടനാഴി കൊല്ലത്ത് നിന്നും ആലപ്പുഴ NH 66 വഴി കൊച്ചിയിലേക്കും, പുനലൂര്‍ നിന്നും പത്തനംതിട്ടയിലേക്കും എംസി റോഡ് വഴി കോട്ടയത്തേക്കും ബന്ധിപ്പിച്ച് മധ്യകേരളത്തിലേക്ക് വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്. ഈ വിപുലീകരണം സംസ്ഥാനത്തുടനീളമുള്ള കണക്റ്റിവിറ്റിയും സാമ്പത്തിക സംയോജനവും കൂടുതല്‍ മെച്ചപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
Content Highlight: Finance Minister knbalagopal announced Kifbi schemes