അവഗണന തുടർന്നാൽ പ്ലാൻ ബി ആലോചിക്കേണ്ടി വരും; കേന്ദ്രത്തിനെതിരെ ധനമന്ത്രിയുടെ ബജറ്റ് പ്രസംഗം
Kerala News
അവഗണന തുടർന്നാൽ പ്ലാൻ ബി ആലോചിക്കേണ്ടി വരും; കേന്ദ്രത്തിനെതിരെ ധനമന്ത്രിയുടെ ബജറ്റ് പ്രസംഗം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 5th February 2024, 10:58 am

തിരുവനന്തപുരം: നിയമസഭയിൽ ബജറ്റ് പ്രസംഗത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ.

കേന്ദ്രം കേരളത്തോടുള്ള അവഗണന തുടരുകയാണെങ്കിൽ പ്ലാൻ ബിയെക്കുറിച്ച് ആലോചിക്കേണ്ടി വരുമെന്നും ജനങ്ങൾക്ക് നൽകുന്ന ആനുകൂല്യങ്ങളിൽ കുറവ് വരുത്താൻ തയ്യാറല്ലെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.

‘2023-24 വർഷത്തിലാണ് കേരളത്തോടുള്ള കേന്ദ്ര അവഗണന അതിന്റെ പാരമ്യത്തിൽ എത്തിയത്. നിയമ പോരാട്ടവും കോടതിക്ക് പുറത്തെ രാഷ്ട്രീയ പോരാട്ടവും കാര്യങ്ങൾ മെച്ചപ്പെടുത്തുമെന്നാണ് പ്രതീക്ഷ. ലോക്സഭ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ കേന്ദ്രത്തിന്റെ നിലപാടിൽ അയവ് വരും എന്ന് പ്രതീക്ഷിക്കുന്ന വിദഗ്ധരുണ്ട്.

കാര്യങ്ങൾ മെച്ചപ്പെടും എന്ന പ്രതീക്ഷയിലാണ് ബജറ്റ് തയ്യാറാക്കുന്നത്. ധനവ്യവസ്ഥയെ കൂടുതൽ കേന്ദ്രീകരിക്കുന്ന നിലപാടാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നതെങ്കിൽ കേരളത്തോടുള്ള അവഗണന തുടരുകയാണെങ്കിൽ ഒരു പ്ലാൻ ബിയെക്കുറിച്ച് ആലോചിക്കേണ്ടി വരും.

ജനങ്ങൾക്കു നൽകുന്ന ആനുകൂല്യങ്ങളിൽ ഒരു കുറവും വരുത്താൻ സർക്കാർ തയ്യാറല്ല. വികസന പ്രവർത്തനങ്ങളിലും പുറകോട്ട് പോകാൻ കഴിയില്ല,’ മന്ത്രി പറഞ്ഞു.

നൂറു രൂപ നികുതി പിരിച്ചാൽ കേന്ദ്രം കേരളത്തിന് നൽകുന്നത് 21 രൂപയാണെന്നും ഉത്തർപ്രദേശിന് ഇത് 46 രൂപയാണെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി.

കേന്ദ്ര അവഗണനയുണ്ടെന്ന് പ്രതിപക്ഷവും ഇപ്പോൾ അംഗീകരിക്കുന്നുണ്ടെന്നും അതിനെതിരെ സ്വന്തം നിലയ്ക്കെങ്കിലും സമരം ചെയ്യാൻ അവർ തയ്യാറാകണമെന്ന് അഭ്യർത്ഥിക്കുകയാണെന്നും ധനമന്ത്രി നിയമസഭയിൽ പറഞ്ഞു.

Content Highlight: Finance Minister KN Balagopal says Have to execute Plan B if the Centre continues their negligence in budget kerala speech