തിരുവനന്തപുരം: ആശ വര്‍ക്കര്‍മാരുടെ സമരം രാഷ്ട്രീയ പ്രേരിതമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. സാധാരണപ്പെട്ട ആശ വര്‍ക്കര്‍മാരുടെ കാര്യത്തില്‍ കേരള സര്‍ക്കാരിനും എല്‍.ഡി.എഫിനുമുള്ള താത്പര്യം സമരക്കാരെ കുത്തിയിളക്കിവിട്ട ഏജന്‍സികള്‍ക്കില്ലെന്ന് മന്ത്രി പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇക്കാര്യം സമരം ചെയ്യുന്നവര്‍ മനസിലാക്കുമെന്നാണ് കരുതുന്നതെന്നും മന്ത്രി പറഞ്ഞു. കേരളം എല്ലാം ചെയ്യുന്നത് കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധത്തിനിടയിലാണെന്നും മന്ത്രി പറഞ്ഞു.
സ്‌കീം വര്‍ക്കര്‍മാരായ ആശ പ്രവര്‍ത്തകര്‍ക്ക് ഏറ്റവും കൂടുതല്‍ ശമ്പളം നല്‍കുന്ന സംസ്ഥാനമാണ് കേരളം. ശമ്പളമല്ല, സ്‌പെഷ്യല്‍ ആനുകൂല്യമാണ് നല്‍കുന്നത്. എന്നാല്‍ ചില സമയങ്ങളില്‍ ഇത് രണ്ട് മാസമെല്ലാം വൈകാറുണ്ട്. ഈ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് സംസ്ഥാനത്തെ ആരോഗ്യ മേഖലയ്ക്ക് 1000 കോടിയോളം രൂപ ലഭിക്കാനുണ്ടെന്നും മന്ത്രി പറഞ്ഞു.
ഇത് ശമ്പളം കൊടുക്കാതിരിക്കാന്‍ ഒരു ന്യായമായി പറയാമെന്നും എന്നാല്‍ പണം കണ്ടെത്തി ഈ ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. ആശ വര്‍ക്കര്‍മാര്‍ക്ക് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് പിന്തുണയുണ്ടെന്നും മന്ത്രി പറഞ്ഞു.
ആശ വര്‍ക്കര്‍മാരുടെ സമരത്തോട് സംസ്ഥാന സര്‍ക്കാരിന് അനുഭാവ പൂര്‍ണമായ സമീപനമാണ് ഉള്ളതെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജും മാധ്യമങ്ങളോട് പ്രതികരിച്ചു.
എന്നാൽ പ്രശ്നം പരിഹരിക്കുന്നത് വരെ സമരം തുടരുമെന്ന് ആശ വർക്കർമാർ സർക്കാരിന് മറുപടി നൽകി.
വേതന കുടിശിക നല്‍കണമെന്ന് ഉള്‍പ്പെടെ ആവശ്യപ്പെട്ടാണ് ആശ വര്‍ക്കര്‍മാര്‍ സമരം നടത്തുന്നത്. സെക്രട്ടറിയേറ്റിന്റെ പടിക്കല്‍ തുടരുന്ന രാപ്പകല്‍ സമരം ഇന്നത്തേക്ക് ഏഴ് ദിവസം പിന്നിട്ടു.
ഇന്നലെ (ശനി) ആരോഗ്യമന്ത്രിയുമായി ആശ വര്‍ക്കര്‍മാര്‍ ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ചര്‍ച്ചയില്‍ ഉന്നയിച്ച വിഷയങ്ങളില്‍ മന്ത്രിയുടെ ഭാഗത്ത് നിന്ന് പ്രതിഷേധക്കാര്‍ക്ക് ഉറപ്പുകള്‍ ഒന്നും ലഭിച്ചില്ലെന്നാണ് വിവരം.
കേരള ആശ വര്‍ക്കേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്. സംസ്ഥാന പ്രസിഡന്റ് ശിവദാസന്‍, ജനറല്‍ സെക്രട്ടറി ബിന്ദു എന്നിവരടങ്ങിയ സംഘമാണ് മന്ത്രിയുമായി ചര്‍ച്ച നടത്തിയത്.
കുടിശികയുള്ള ഓണറേറിയം നല്‍കാന്‍ സര്‍ക്കാര്‍ ഇതിനകം ഉത്തരവ് പുറപ്പെടുവിച്ചതായി മന്ത്രി ചര്‍ച്ചയില്‍ അറിയിച്ചിരുന്നു. അതേസമയം കുടിശികയുള്ള വേതനം എപ്പോള്‍ അക്കൗണ്ടില്‍ ലഭിക്കുമെന്നതില്‍ വ്യക്തത നല്‍കാന്‍ മന്ത്രിക്ക് കഴിഞ്ഞിരുന്നില്ല.
തുടര്‍ന്ന് വരുന്ന വ്യഴാഴ്ച സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്താനും കേരള ആശ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ തീരുമാനിച്ചിട്ടുണ്ട്. ഓണറേറിയത്തിന് ഏര്‍പ്പെടുത്തിയ മാനദണ്ഡങ്ങള്‍ പിന്‍വലിക്കണമെന്നും വെട്ടിക്കുറയ്ക്കല്‍ അവസാനിപ്പിക്കണമെന്നുമാണ് ആശ വര്‍ക്കര്‍മാരുടെ ആവശ്യം.
വിരമിക്കല്‍ ആനുകൂല്യമായി അഞ്ച് ലക്ഷം രൂപ നല്‍കണമെന്നും പെന്‍ഷന്‍ പ്രഖ്യാപിക്കണം, വേതന കൃത്യസമയത്ത് നല്‍കണം തുടങ്ങിയ ആവശ്യങ്ങളും പ്രതിഷേധക്കാര്‍ മുന്നോട്ടുവെക്കുന്നുണ്ട്.
Content Highlight: Finance Minister KN Balagopal said that the strike of Asha workers is politically motivated.