| Saturday, 2nd March 2024, 8:09 am

കേരളത്തിന് ലഭിച്ചത് കേന്ദ്ര സഹായമല്ല, അവകാശപ്പെട്ട തുക; നടക്കുന്നത് തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണം: ധനമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് സഹായധനം അനുവദിച്ചുവെന്ന പ്രചാരണം തെറ്റാണെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം സംസ്ഥാനത്തിന് പ്രത്യേക സാമ്പത്തിക സഹായം അനുവദിച്ചതായ ചില പ്രചാരണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടുവെന്നും സാധാരണ ഗതിയില്‍തന്നെ ബജറ്റ് അനുസരിച്ച് ഗഡുക്കളായി സംസ്ഥാനത്തിന് ലഭ്യമാക്കേണ്ട നികുതി വിഹിതമാണിവയെന്നും ധനമന്ത്രി പറഞ്ഞു. കേരളത്തിന് മാത്രമല്ല, എല്ലാ സംസ്ഥാനത്തിനും ആനുപാതിക വിഹിതം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് ബാലഗോപാല്‍ ഇക്കാര്യം പറയുന്നത്.

‘കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം സംസ്ഥാനത്തിന് പ്രത്യേക സാമ്പത്തിക സഹായം അനുവദിച്ചതായ ചില പ്രചാരണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടു. നികുതി വിഹിതമായി 2736 കോടി രൂപയും, ഐ.ജി.എസ്.ടിയുടെ സെറ്റില്‍മെന്റായി 1,386 കോടി രൂപയുമാണ് കഴിഞ്ഞ ദിവസം ലഭ്യമാക്കിയത്. സാധാരണ ഗതിയില്‍തന്നെ ബജറ്റ് അനുസരിച്ച് ഗഡുക്കളായി സംസ്ഥാനത്തിന് ലഭ്യമാക്കേണ്ട നികുതി വിഹിതമാണിവ.

കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തുനിന്ന് പിരിച്ചുകൊണ്ടുപോകുന്ന നികുതി തുകയുടെ വിഹിതമായാണ് 2,736 കോടി രൂപ തന്നിട്ടുള്ളത്. കേന്ദ്ര നികുതി വിഹിതം മാസ ഗഡുവായാണ് അനുവദിക്കുന്നത്. ഇത്തവണയും ആ തുകയാണ് ലഭ്യമാക്കിയത്. കേരളത്തിന് മാത്രമല്ല, എല്ലാ സംസ്ഥാനത്തിനും ആനുപാതിക വിഹിതം ലഭിച്ചിട്ടുണ്ട്,’ കുറിപ്പില്‍ അദ്ദേഹം പറഞ്ഞു.

അന്തര്‍ സംസ്ഥാന ചരക്ക് നീക്കത്തിനും സേവനത്തിനും ഇടാക്കുന്ന ഐ.ജി.എസ്.ടി കേന്ദ്ര ഖജനാവിലാണ് എത്തുകയെന്നും ഇത് സംസ്ഥാനങ്ങള്‍ക്ക് വിഭജിച്ചു നല്‍കുന്നതാണ് രീതി. സംസ്ഥാനത്തിന് അവകാശപ്പെട്ട ഐ.ജി.എസ്.ടി വിഹിതം അനുവദിച്ചതും കേന്ദ്ര സഹായമല്ലെന്നും അദ്ദേഹം പറഞ്ഞു.

സാധാരണ ഗതിയില്‍ യാതൊരു തര്‍ക്കങ്ങളുമില്ലാതെ കേരളത്തിന് അര്‍ഹമായും ലഭിക്കേണ്ട 13,609 കോടി രൂപയുടെ വായ്പാനുമതി പോലും കേന്ദ്രം നിഷേധിച്ചിരിക്കുകയാണെന്നും സുപ്രീം കോടതിയില്‍ സംസ്ഥാനം നല്‍കിയ പരാതി പിന്‍വലിച്ചാല്‍ ഈ അനുമതി നല്‍കാമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ ഇപ്പോഴത്തെ നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലെ വര്‍ധിച്ച ചെലവുകള്‍ വഹിക്കാന്‍ സംസ്ഥാനത്തിന് ഉപയോഗിക്കാനാകുന്ന തുകയാണ് ഒരു കാരണവുമില്ലാതെ തടഞ്ഞുവച്ചിരിക്കുന്നത്. എന്നാല്‍, മറ്റ് സംസ്ഥാനങ്ങള്‍ക്ക് ഇത്തരം തുകകള്‍ എടുക്കുന്നതിനുള്ള അനുമതികള്‍ നല്‍കിയിട്ടുമുണ്ടെന്നും കുറിപ്പില്‍ പറഞ്ഞു.

ധനമന്ത്രിയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം

കേരളത്തിന് കേന്ദ്ര സഹായം എന്ന പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നത്.

കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം സംസ്ഥാനത്തിന് പ്രത്യേക സാമ്പത്തിക സഹായം അനുവദിച്ചതായ ചില പ്രചാരണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടു. നികുതി വിഹിതമായി 2,736 കോടി രൂപയും, ഐ.ജി.എസ്.ടിയുടെ സെറ്റില്‍മെന്റായി 1,386 കോടി രൂപയുമാണ് കഴിഞ്ഞ ദിവസം ലഭ്യമാക്കിയത്. സാധാരണ ഗതിയില്‍തന്നെ ബജറ്റ് അനുസരിച്ച് ഗഡുക്കളായി സംസ്ഥാനത്തിന് ലഭ്യമാക്കേണ്ട നികുതി വിഹിതമാണിവ.

കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തുനിന്ന് പിരിച്ചുകൊണ്ടുപോകുന്ന നികുതി തുകയുടെ വിഹിതമായാണ് 2,736 കോടി രൂപ തന്നിട്ടുള്ളത്. കേന്ദ്ര നികുതി വിഹിതം മാസ ഗഡുവായാണ് അനുവദിക്കുന്നത്. ഇത്തവണയും ആ തുകയാണ് ലഭ്യമാക്കിയത്. കേരളത്തിന് മാത്രമല്ല, എല്ലാ സംസ്ഥാനത്തിനും ആനുപാതിക വിഹിതം ലഭിച്ചിട്ടുണ്ട്.

അന്തര്‍ സംസ്ഥാന ചരക്ക് നീക്കത്തിനും സേവനത്തിനും ഇടാക്കുന്ന ഐ.ജി.എസ്.ടി കേന്ദ്ര ഖജനാവിലാണ് എത്തുക. ഇത് സംസ്ഥാനങ്ങള്‍ക്ക് വിഭജിച്ചു നല്‍കുന്നതാണ് രീതി. സംസ്ഥാനത്തിന് അവകാശപ്പെട്ട ഐ.ജി.എസ്.ടി വിഹിതം അനുവദിച്ചതും കേന്ദ്ര സഹായമല്ല.

സാധാരണ ഗതിയില്‍ യാതൊരു തര്‍ക്കങ്ങളുമില്ലാതെ കേരളത്തിന് അര്‍ഹമായും ലഭിക്കേണ്ട 13,609 കോടി രൂപയുടെ വായ്പാനുമതി പോലും കേന്ദ്രം നിഷേധിച്ചിരിക്കുകയാണ്. സുപ്രീം കോടതിയില്‍ സംസ്ഥാനം നല്‍കിയ പരാതി പിന്‍വലിച്ചാല്‍ ഈ അനുമതി നല്‍കാമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ ഇപ്പോഴത്തെ നിലപാട്.

ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലെ വര്‍ധിച്ച ചെലവുകള്‍ വഹിക്കാന്‍ സംസ്ഥാനത്തിന് ഉപയോഗിക്കാനാകുന്ന തുകയാണ് ഒരു കാരണവുമില്ലാതെ തടഞ്ഞുവച്ചിരിക്കുന്നത്. എന്നാല്‍, മറ്റ് സംസ്ഥാനങ്ങള്‍ക്ക് ഇത്തരം തുകകള്‍ എടുക്കുന്നതിനുള്ള അനുമതികള്‍ നല്‍കിയിട്ടുമുണ്ട്.

Content highlight: Finance Minister K.N. Balagopal said that the campaign of central assistance to Kerala is misleading.

We use cookies to give you the best possible experience. Learn more