തിരുവനന്തപുരം: രാജ്യത്തെ സഹകരണ ഫെഡറലിസം പ്രതിസന്ധിയിലാണെന്ന് ധനകാര്യമന്ത്രി കെ.എന്‍. ബാലഗോപാല്‍. രാജ്യത്ത് ഏറ്റവുമധികം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സംസ്ഥാനം കേരളമാണെന്നും ധനമന്ത്രി പറഞ്ഞു. തിരുവനന്തപുരം ഹയാത്ത് റീജന്‍സിയില്‍ നടന്ന ധനമന്ത്രിമാരുടെ കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിലെ പല സംസ്ഥാനങ്ങളും കേരളത്തിന് സമാനമായി സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്നുണ്ടെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ബുദ്ധിമുട്ടുകയാണെന്നും അദ്ദേഹം പറയുകയുണ്ടായി.
സാമ്പത്തിക ഞെരുക്കത്തെ സംബന്ധിച്ച പ്രതിസന്ധി കേരള സര്‍ക്കാര്‍ സുപ്രീം കോടതിയെ ബോധിപ്പിച്ചിരുന്നു. സംസ്ഥാനത്തെ എം.പിമാര്‍ മുഖേന പ്രസ്തുത വിഷയം പാര്‍ലമെന്റില്‍ അവതരിപ്പിച്ചെന്നും ധനമന്ത്രി വ്യക്തമാക്കി.
സംസ്ഥാനങ്ങള്‍ നേരിടുന്ന ഈ സാമ്പത്തിക ഞെരുക്കത്തില്‍ പരിഹാരം കാണുന്നതിനായാണ് തങ്ങള്‍ ഇത്തരത്തില്‍ ഒരു കോണ്‍ക്ലേവ് നടത്താന്‍ തീരുമാനിച്ചത്. ഈ നീക്കത്തിന് ലഭിച്ച പിന്തുണയില്‍ സന്തോഷിക്കുന്നുവെന്നും കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു. സാമ്പത്തിക ഞെരുക്കത്തെ ചെറുക്കാന്‍ തങ്ങള്‍ നടത്തിയ പ്രവര്‍ത്തനത്തിന്റെ തുടര്‍ച്ചയാണ് കോണ്‍ക്ലേവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതിന് സംസ്ഥാനങ്ങള്‍ ഇനിയും ശക്തിപ്പെടേണ്ടതുണ്ട്. അതിലൂടെ സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുന്ന കാര്യക്ഷമത രാജ്യത്തെ സാമ്പത്തിക സ്ഥിതിയെ മെച്ചപ്പെടുത്തുമെന്നും കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു. സംസ്ഥാനങ്ങളെ സാമ്പത്തികമായി മെച്ചപ്പെടുത്തുക എന്നതാണ് ഇന്ത്യയെ വികസിപ്പിക്കാനുള്ള ഏക മാര്‍ഗമെന്നും ബാലഗോപാല്‍ ചൂണ്ടിക്കാട്ടി.
16-ാം ധനകാര്യ കമ്മീഷന് നല്‍കേണ്ട സംസ്ഥാനത്തിന്റെ മെമ്മോറാണ്ടത്തെക്കുറിച്ച് കൂടിയാലോചന നടത്തുകയെന്നതും കോണ്‍ക്ലേവിന്റെ ലക്ഷ്യങ്ങളില്‍ ഒന്നാണ്. അതിനായി ആഴത്തിലുള്ള നിര്‍ദേശങ്ങള്‍ നല്‍കണമെന്നും കെ.എന്‍. ബാലഗോപാല്‍ അഭ്യര്‍ത്ഥിച്ചു. കോണ്‍ക്ലേവില്‍ പ്രമുഖരായ അക്കാദമിഷ്യന്മാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്ത പശ്ചാത്തലത്തിലായിരുന്നു ധനമന്ത്രിയുടെ പരാമര്‍ശം.
ഇത്തരത്തില്‍ ലഭ്യമാകുന്ന നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ വിശകലനം ചെയ്യുമെന്നും ധനമന്ത്രി പറഞ്ഞു. പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ പറഞ്ഞതനുസരിച്ച്, രാജ്യത്തെ മൊത്തം പൊതുചെലവിന്റെ ഏകദേശം 62 ശതമാനം വഹിക്കുന്നത് ഇന്ത്യയിലെ സംസ്ഥാനങ്ങളാണ്. എന്നാല്‍ സംസ്ഥാനങ്ങളുടെ വരുമാന അവകാശമെന്നത് 37 ശതമാനം മാത്രമാണെന്നും കെ.എന്‍. ബാലഗോപാല്‍ ചൂണ്ടിക്കാട്ടി. ഈ കണക്ക് സൂചിപ്പിക്കുന്നത് സാമ്പത്തിക മേഖലയിലെ അസന്തുലിവസ്ഥയെ കുറിച്ചാണെന്നും അദ്ദേഹം പറയുകയുണ്ടായി.
സാമ്പത്തികമായ അസന്തുലിതാവസ്ഥയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ധനമന്ത്രി കോണ്‍ക്ലേവില്‍ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തു. കൃത്യമായി വിഭജിക്കാവുന്ന ഒരു കുളത്തെ കേന്ദ്ര സര്‍ക്കാര്‍ വെട്ടിച്ചുരുക്കുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. ആര്‍.ബി.ഐക്ക് ലഭിക്കുന്ന ലാഭത്തിന്റെ 30 ശതമാനമാണ് സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുന്നതെന്നും കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു.
ആസൂത്രണ കമ്മീഷന്‍ നിര്‍ത്തലാക്കിയതും ജി.എസ്.ടി നടപ്പിലാക്കിയതും ബജറ്റ് കടം വാങ്ങുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നിലപാടും ഒരു തരത്തില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ബാധിച്ചുവെന്നും ബാലഗോപാല്‍ പറഞ്ഞു.
പൊതുവായ സേവനങ്ങള്‍ നല്‍കുന്നതിന് രാജ്യത്തെ ചെറിയ സംസ്ഥാനങ്ങള്‍ പോലും ഉയര്‍ന്ന ചെലവ് വഹിക്കേണ്ടി വരുന്നതായും ധനമന്ത്രി ചൂണ്ടിക്കാട്ടി. ഉദാഹരണമായി കേരളത്തില്‍ ഒരു കിലോമീറ്റര്‍ ഹൈവേ നിര്‍മിക്കുന്നതിനായി 100 കോടി ആവശ്യമായി വരുമ്പോള്‍, ദേശീയ ശരാശരി 30 കൂടിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Content Highlight: Finance Minister K.N.Balagopal said that cooperative federalism in the country is in crisis