തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പിന്റെ പേരില്‍ മാധ്യമങ്ങള്‍ അടിസ്ഥാനരഹിത വാര്‍ത്ത നല്‍കിയെന്ന തന്റെ ഫേസ്ബുക്ക് പോസ്റ്റിന് വിശദീകരണവുമായി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. നികുതി കുടിശിക കൃത്യമായി പിരിച്ചെടുക്കണം എന്ന സര്‍ക്കാര്‍ നിര്‍ദേശത്തെ റോഡിലെ പണപ്പിരിവാക്കിയാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതെന്ന് ബാലഗോപാല്‍ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘നികുതി (Tax) യും പിഴ ( Fine, Non- Tax) യും തമ്മിലുള്ള വ്യത്യാസമെന്താണെന്നു മനസിലാക്കിയാല്‍ ഒറ്റ വരിയില്‍ തീരാവുന്ന പ്രശ്‌നമെ ഈ വാര്‍ത്തക്കുള്ളൂ.
നികുതി കുടിശിക കൃത്യമായി പിരിച്ചെടുക്കണം എന്ന് വകുപ്പ് തലത്തില്‍ ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കുമ്പോള്‍ അത് ആളുകളെ റോഡില്‍ തടഞ്ഞു നിര്‍ത്തി നടത്തുന്ന ‘പിഴപ്പിരിവ്’ ആണെന്ന് തെറ്റായി ധരിക്കുമ്പോഴാണ് വാര്‍ത്തയും തെറ്റാകുന്നത്. വസ്തുത അതാണ്,’ മന്ത്രി ഫേസ്ബുക്കില്‍ എഴുതി.
ഗതാഗത നിയമലംഘനങ്ങള്‍ക്ക് പിഴയായി ഈ വര്‍ഷം 1000 കോടി രൂപ പിരിച്ചെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി എന്ന മീഡിയ വണ്‍ വാര്‍ത്തക്കെതിരെ മന്ത്രി നേരത്തെ രംഗത്തെത്തിയിരുന്നു. ‘യാതൊരു അടിസ്ഥാനവുമില്ലാത്ത വാര്‍ത്തയാണ്. തെറ്റായ വാര്‍ത്ത തള്ളിക്കളയുക,’ എന്നാണ് ഇതുസംബന്ധിച്ച് മീഡിയ വണ്‍ ഷെയര്‍ ചെയ്ത ഒരു പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് മന്ത്രി ഫേസ്ബുക്കില്‍ എഴുതിയിരുന്നത്.