ചെയ്ത കുറ്റം എന്താണെന്നറിയേണ്ടത് ഭരണഘടനാ അവകാശം, ചോദ്യം ചെയ്യലിന് ഹാജരാകില്ല; ഇ.ഡി നടപടി വിലക്കണമെന്ന് ആവശ്യപ്പെട്ട് തോമസ് ഐസക് ഹൈക്കോടതിയില്‍
Kerala News
ചെയ്ത കുറ്റം എന്താണെന്നറിയേണ്ടത് ഭരണഘടനാ അവകാശം, ചോദ്യം ചെയ്യലിന് ഹാജരാകില്ല; ഇ.ഡി നടപടി വിലക്കണമെന്ന് ആവശ്യപ്പെട്ട് തോമസ് ഐസക് ഹൈക്കോടതിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 10th August 2022, 10:27 pm

തിരുവനന്തപുരം: ഇ.ഡി കിഫ്ബിയുമായി ബന്ധപ്പെട്ട് തനിക്ക് അയച്ചിരിക്കുന്ന സമന്‍സ് പിന്‍വലിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് കത്തുനല്‍കിയെന്ന് മുന്‍ ധനമന്ത്രി ഡോ. തോമസ് ഐസക്. ഇ.ഡിയുടെ നടപടികള്‍ വിലക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിലും ഹരജി സമര്‍പ്പിച്ചതായി തോമസ് ഐസക് പറഞ്ഞു.

എനിക്ക് ലഭിച്ച രണ്ട് നോട്ടീസുകളിലും ഞാന്‍ ചെയ്ത കുറ്റം എന്തെന്ന് വ്യക്തമാക്കിയിട്ടില്ല. കിഫ്ബിയോ ഞാനോ എങ്ങനെയാണ് ഫെമ നിയമം ലംഘിച്ചതെന്ന് ചൂണ്ടിക്കാണിച്ചിട്ടില്ല. എന്തിനാണ് അന്വേഷണമെന്ന് രണ്ട് സമന്‍സിലും പറഞ്ഞിട്ടില്ല. ചെയ്തകുറ്റം എന്തെന്നു വ്യക്തമാക്കാതെ നടത്തുന്ന അന്വേഷണ പര്യടനങ്ങള്‍ സുപ്രിംകോടതി വിലക്കിയിട്ടുള്ളതാണ്.

സമീപകാലത്തെ സുപ്രിംകോടതി വിധി പ്രകാരം ഇതിന് ഇ.ഡിക്ക് അവകാശം ഉണ്ടെന്ന് ചില ചാനലുകളില്‍ ചര്‍ച്ച ചെയ്തു കേട്ടു. ഈ വിധിക്ക് ആധാരമായ കേസ് Prevention of Money Laundering Act, 2002 പ്രകാരമുള്ളവയ്ക്കാണ്. എനിക്കുള്ള സമന്‍സില്‍ റഫര്‍ ചെയ്തിട്ടുള്ളത് ഫെമ നിയമമാണ്. അതിന് ഇതുപോലെ കാടും പടലും തല്ലിയുള്ള (fishing and roving enquiry) അന്വേഷണം അനുവദനീയമല്ലെന്നും തോമസ് ഐസക് പറഞ്ഞു.

മസാലബോണ്ടില്‍ നിയമ ലംഘനം ഉണ്ടെങ്കില്‍ അതിനു വ്യക്തത വരുത്താന്‍ റിസര്‍വ് ബാങ്കിനോട് ചോദിച്ചാല്‍ മതി. ആര്‍.ബി.ഐ നിര്‍ദേശിച്ചിട്ടുള്ള നടപടിപ്രകാരം അപേക്ഷതിന്റെ അടിസ്ഥാനത്തില്‍ മസാലബോണ്ട് ഇറക്കാന്‍ അനുമതി രേഖാമൂലം അവര്‍ തന്നിട്ടുള്ളതാണ്. ഇതിനുള്ള രജിസ്‌ട്രേഷന്‍ നമ്പരും അനുവദിച്ചു. മൂന്ന് വര്‍ഷമായി ഈ ഫണ്ടിന്റെ വിനിയോഗം സംബന്ധിച്ച് മാസംതോറും റിപ്പോര്‍ട്ട് കിഫ്ബി സമര്‍പ്പിക്കുകയും ചെയ്യുന്നുണ്ട്. ഇതുവരെ പ്രതികൂലമായ ഒരു പരാമര്‍ശംപോലും ആര്‍ബിഐയില്‍ നിന്നും ഉണ്ടായിട്ടില്ല. റെഗുലേറ്റര്‍ക്കു പരാതി ഇല്ലെങ്കില്‍ ഇഡിയുടെ പരാതിക്ക് എന്ത് സാംഗത്യം? അതുകൊണ്ട് ആദ്യം കുറ്റം എന്തെന്നു പറയണം. അങ്ങനെയൊന്നു പറയാനില്ലെങ്കില്‍ സമന്‍സ് പിന്‍വലിക്കണം. ഇതാണ് കത്തിലൂടെ പറഞ്ഞിട്ടുള്ളതെന്നും തോമസ് ഐസക് പറഞ്ഞു.

2021 മാര്‍ച്ച് മുതല്‍ ഒന്നരക്കൊല്ലമായി കിഫ്ബി സി.ഇ.ഒ, ഡെപ്യൂട്ടി മാനേജര്‍, ജോയിന്റ് ഫണ്ട് മാനേജര്‍ തുടങ്ങിയവരെയൊക്കെ അന്വേഷണമെന്ന് പറഞ്ഞ് നിരന്തരമായി ഇ.ഡി വിളിച്ചുവരുത്തുകയാണ്. ഇതുവരെ കുറ്റം കണ്ടെത്താന്‍ ഇ.ഡിക്കു കഴിഞ്ഞിട്ടില്ല. അങ്ങനെ നിര്‍ണയിക്കപ്പെട്ട കുറ്റമില്ലാതെ നിരന്തരമായി ആളുകളെ വിളിച്ച് അന്വേഷണമെന്നു പറഞ്ഞു ചോദ്യം ചെയ്യാന്‍ ഇഡിക്ക് അവകാശമില്ല. ഇതു നിയമവിരുദ്ധമാണ്. പൗരനെന്ന നിലയില്‍ ഭരണഘടന എനിക്കുനല്‍കുന്ന അവകാശങ്ങളുടെ മേലുള്ള കടന്നുകയറ്റമാണ്. ഇതില്‍ നിന്നും സംരക്ഷണം ആവശ്യപ്പെട്ടാണ് ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചിട്ടുള്ളതെന്നും ഐസക് വ്യക്തമാക്കി.

രണ്ട് സമന്‍സ് അയച്ചു. രണ്ട് പ്രാവശ്യവും എനിക്ക് അറിയിപ്പ് കിട്ടും മുമ്പ് മാധ്യമങ്ങള്‍ക്കു കിട്ടി. ഇത്തരത്തിലുള്ള ഉപജാപങ്ങള്‍ ബോധപൂര്‍വ്വമുള്ള പ്രചാരവേലയുടെ ഭാഗമാണ്. ഇതുതികച്ചും പ്രതിഷേധാര്‍ഹമാണ്. ഇ.ഡി ബി.ജെ.പിയുടെ രാഷ്ട്രീയ ചട്ടുകമായിട്ട് അധപതിച്ചിരിക്കുകയാണ്.
ധനമന്ത്രിയെന്ന നിലയിലാണ് കിഫ്ബിയുടെ ചുമതലവഹിച്ചത്. ഏത് രേഖയും കിഫ്ബിയില്‍ നിന്നും ശേഖരിക്കാവുന്നതേയുള്ളൂ. മന്ത്രിയോ എം.എല്‍.എയോ അല്ലാത്തതിനാല്‍ കിഫ്ബി രേഖകള്‍ സമാഹരിക്കാന്‍ എനിക്കു കഴിയില്ല. എന്റെ വരവ് സംബന്ധിച്ച കണക്കുകള്‍ കൃത്യമായി ആദായനികുതി വകുപ്പിനു സമര്‍പ്പിച്ചിട്ടുണ്ട്. സ്വത്ത് സംബന്ധിച്ച വിവരങ്ങള്‍ കഴിഞ്ഞ നാലു നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ സമര്‍പ്പിച്ചതും പൊതുമണ്ഡലത്തിലുണ്ട്.

മറ്റ് മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ശേഖരിക്കാവുന്ന രേഖകളാണ് ഇ.ഡി ചോദിച്ചിട്ടുള്ളത്. അവയ്ക്കുവേണ്ടി എന്നെ വിളിച്ചുവരുത്തേണ്ട ആവശ്യമില്ല. അടുത്ത ബന്ധുക്കളൊന്നും എന്നെ ആശ്രയിച്ചുകഴിയുന്നവരല്ല. അതിനാല്‍ അവരുമായി ബന്ധപ്പെട്ട വിശദാംശങ്ങളൊന്നും എന്റെ കൈയിലുമില്ല. ഞാന്‍ ചെയ്ത തെറ്റ് എന്തെന്നു സൂചനപോലും നല്‍കാതെ ഇത്തരം കാര്യങ്ങളെല്ലാം ഞാന്‍ ശേഖരിച്ചു നല്‍കണമെന്നു പറയുന്നതിനോടു യോജിപ്പുമില്ലെന്നും ഐസക് പറഞ്ഞു.