ഒടുവില്‍ കളം മാറ്റം! യു.പി.എ സര്‍ക്കാരിന്റെ മഹത്തായ പദ്ധതിയാണ് ആധാറെന്ന് അരുണ്‍ ജെയ്റ്റ്‌ലി
India
ഒടുവില്‍ കളം മാറ്റം! യു.പി.എ സര്‍ക്കാരിന്റെ മഹത്തായ പദ്ധതിയാണ് ആധാറെന്ന് അരുണ്‍ ജെയ്റ്റ്‌ലി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 30th March 2017, 10:40 am

ന്യൂദല്‍ഹി: കഴിഞ്ഞ യു.പി.എ സര്‍ക്കാറിന്റെ മഹത്തായ പദ്ധതിയായിരുന്നു ആധാര്‍ എന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.രാജ്യസഭയില്‍ ധനബില്‍ ചര്‍ച്ചയ്ക്ക് മറുപടി പറയവെയാണ് ധനമന്ത്രി ഇക്കാര്യം പറഞ്ഞത്. സബ്‌സിഡി നേരിട്ട് നല്‍കുന്നതിനും നികുതി വെട്ടിപ്പ് തടയുന്നതിനും ആധാര്‍ നിര്‍ബന്ധിതമാക്കി പദ്ധതിയെ വികസിപ്പിക്കുകയാണ് തങ്ങള്‍ ചെയ്തതെന്നും മന്ത്രി പറഞ്ഞു.

തങ്ങള്‍ക്ക് ചില ഘട്ടങ്ങളില്‍ ആധാര്‍ സംബന്ധിച്ച് ചില സംശയങ്ങളുണ്ടായിരുന്നു. ഈ സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത ആധാര്‍ യോഗത്തില്‍താനും ഉണ്ടായിരുന്നു. തന്റെ സംശയങ്ങള്‍ക്ക് യോഗത്തില്‍ നിന്ന് ഉചിതമായ മറുപടി ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

പൊതുക്ഷേമത്തിന് വേണ്ടി രൂപം കൊടുത്ത സാങ്കേതിക വിദ്യയെ എന്തിനാണ് ഉപയോഗിക്കാതിരിക്കുന്നത് എന്ന്, ആധാര്‍ നിര്‍ബന്ധമാക്കിയത് എന്തിനാണെന്ന കോണ്‍ഗ്രസ് അംഗങ്ങളുടെ ചോദ്യത്തിന് മറുപടി പറയവെ മന്ത്രി തിരിച്ച് ചോദിച്ചു. ബാങ്ക് അക്കൗണ്ട്, ഇന്‍കം ടാക്‌സ് റിട്ടേണ്‍ അടക്കമുള്ള വിവരങ്ങള്‍ ഹാക്കിംഗിലൂടെ ചോര്‍ന്നിട്ടില്ലെന്ന്ഉറപ്പുതരാന്‍ സര്‍ക്കാറിന് കഴിയുമോ എന്ന് പി. ചിദംബരം ചോദിച്ചു.

സാങ്കേതിക വിദ്യ തകരാറില്ലെന്ന വാദം സാങ്കേതിക വിദ്യ ഉപയോഗിക്കാതിരിക്കാനുള്ള ന്യായമല്ലെന്ന് അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞു. ഫയര്‍വാള്‍ സുരക്ഷ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തേ യു.പി.എ സര്‍ക്കാര്‍ കേന്ദ്രം ഭരിച്ചിരുന്ന കാലത്ത് പ്രതിപക്ഷത്തായിരുന്ന ബി.ജെ.പി ആധാറിനെ എതിര്‍ത്തിരുന്നു. ആധാറിന്റെ സുരക്ഷ സംബന്ധിച്ച തന്റെ സംശയങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ പ്രധാനമന്ത്രിക്കോ വിദഗ്ധസംഘത്തിനോ കഴിഞ്ഞില്ലെന്ന് അന്ന് നരേന്ദ്രമോദി ട്വീറ്റ് ചെയ്തിരുന്നു. ഇത് വെറും രാഷ്ട്രീയ നാടകമാണെന്നും ദീര്‍ഘ വീക്ഷണം ഇല്ലെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചിരുന്നു.

മോദിയുടെ പഴയ ട്വീറ്റ്: