സാധാരണ സിനിമ തുടങ്ങി കുറച്ച് കഴിയുമ്പോള്‍ ഞാന്‍ വടിയാകും, ഈ സിനിമ ജീവവായു തന്നു: സന്തോഷ് കീഴാറ്റൂര്‍
Film News
സാധാരണ സിനിമ തുടങ്ങി കുറച്ച് കഴിയുമ്പോള്‍ ഞാന്‍ വടിയാകും, ഈ സിനിമ ജീവവായു തന്നു: സന്തോഷ് കീഴാറ്റൂര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 13th February 2022, 10:52 pm

സിനിമയില്‍ സ്റ്റീരിയോടൈപ്പ് ചെയ്യപ്പെട്ട് പോയ ഒരു കലാകാരനാണ് സന്തോഷ് കീഴാറ്റൂര്‍. വിക്രമാദിത്യന്‍, പുലിമുരുകന്‍, കമ്മാരസംഭവം, കാവല്‍ എന്നിങ്ങനെ അഭിനയിച്ച മിക്ക സിനിമകളിലും മരിക്കാനായിരുന്നു അദ്ദേഹത്തിന്റെ കഥാപാത്രങ്ങളുടെ വിധി.

എന്നാല്‍ മരിക്കാത്ത കഥാപാത്രത്തെ ലഭിച്ച സന്തോഷത്തിലാണ് സന്തോഷ് കീഴാറ്റൂര്‍. സൗബിന്‍ ഷാഹിര്‍ നായകനായ കള്ളന്‍ ഡിസൂസയില്‍ സന്തോഷ് കീഴാറ്റൂരിന്റെ കഥാപാത്രം മരിക്കില്ല എന്ന് മാത്രമല്ല, സിനിമ തീരുന്നതുവരെ സജീവസാന്നിധ്യമായി ഉണ്ട് താനും.

തിയേറ്ററില്‍ സിനിമ കണ്ടതിന് ശേഷം സുരഭി ലക്ഷ്മിയുമൊത്ത് തിരികെ മടങ്ങിമ്പോള്‍ ചെയ്ത വീഡിയോയിലായിരുന്നു മരിക്കാത്ത കഥാപാത്രത്തെ ലഭിച്ചു എന്ന് സന്തോഷ് പറഞ്ഞത്.

‘സാധാരണ ഭാര്യയുമായി സിനിമ കാണാന്‍ പോകുമ്പോള്‍ ഇച്ചിരി സങ്കടമാവും. സിനിമ തുടങ്ങി കുറച്ച് കഴിയുമ്പോഴേക്കും ആള് വടിയാവും. സിനിമ തുടങ്ങി തീരുന്നതുവരെ ഒരു നടന്റെ സാനിധ്യം സിനിമയിലുണ്ടെന്ന് പറയുന്നത് ഭയങ്കര സന്തോഷം തരുന്ന കാര്യമാണ്,’ സന്തോഷ് പറഞ്ഞു.

‘ഇന്ന് സന്തോഷേട്ടന്റെ വെഡ്ഡിംഗ് ആനിവേഴ്‌സറിയാണ്. സന്തോഷേട്ടന്‍ മരിക്കാത്ത സിനിമ കണ്ടിട്ട് വരികയാണ്. ട്രെയ്‌ലര്‍ വന്നപ്പോഴും താഴെ ‘ഒരു മരണം ഉറപ്പ്’ എന്ന കമന്റ് ഉണ്ടായിരുന്നു. സന്തോഷേട്ടന്‍ മരിക്കാത്ത സിനിമ എന്ന ടാഗ്‌ലൈനോട് കൂടിയാണ് സിനിമ പോകുന്നത്,’ എന്നാണ് സുരഭി ലക്ഷ്മി വീഡിയോയില്‍ പറഞ്ഞത്.

സുരഭി തന്നെയാണ് സമൂഹ മാധ്യമങ്ങളില്‍ വീഡിയോ പോസ്റ്റ് ചെയ്തത്. ഫെബ്രുവരി 11 നാണ് കള്ളന്‍ ഡിസൂസ തിയേറ്ററുകളില്‍ റിലീസ് ചെയ്തത്.

ചാര്‍ലിയിലെ സൗബിന്‍ അവതരിപ്പിച്ച സുനിക്കുട്ടന്‍ എന്ന കള്ളന്‍ ഡിസൂസയെ മുഴുനീള കഥാപാത്രമാക്കിയാണ് ചിത്രം ഒരുക്കിയത്. ചാര്‍ലി ഇറങ്ങി ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചിത്രത്തിലെ കള്ളനെ കേന്ദ്രകഥാപാത്രമാക്കി ഒരു ചിത്രം പുറത്തുവരുന്നത്.


Content Highlight: finally santhosh keezhatoor got a character who is not dying