| Wednesday, 16th October 2024, 6:49 pm

തൊഴിലാളികള്‍ക്ക് മുമ്പില്‍ മുട്ടുകുത്തി സാംസങ്; ശ്രീപെരുംപുത്തൂരിലെ സമരമവസാനിപ്പിച്ച് സി.ഐ.ടി.യു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: സാംസങിനെതിരെ ഒരു മാസത്തിലേറെയായി തുടരുന്ന സമരം അവസാനിപ്പിച്ച് തൊഴിലാളികള്‍. 37 ദിവസമായി തുടരുന്ന സമരമാണ് തൊഴിലാളികള്‍ അവസാനിപ്പിച്ചത്.

തങ്ങള്‍ മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ തമിഴ്‌നാട് ശ്രീപെരുംപുത്തൂരിലെ സാംസങ് പ്ലാന്റിലെ അധികൃതര്‍ അംഗീകരിച്ചതിന് പിന്നാലെയാണ് സമരം അവസാനിപ്പിക്കാന്‍ തീരുമാനമുണ്ടായത്.

മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ ചുമതലപ്പെടുത്തിയ നാല് മന്ത്രിമാരുടെ നേതൃത്വത്തില്‍ നടത്തിയ അനുരഞ്ജന ചര്‍ച്ച വിജയം കണ്ടതോടെയാണ് സാംസങ് തൊഴിലാളികള്‍ക്ക് മുമ്പില്‍ മുട്ടുകുത്തിയത്. സി.ഐ.ടി.യുവിന്റെ നേതൃത്വത്തിലാണ് സാംസങ് പ്ലാന്റിനെതിരെ സമരം നടന്നത്.

സെപ്റ്റംബര്‍ ഒമ്പത് മുതലാണ് സാംസങ്ങിനെതിരായ സമരം തുടങ്ങിയത്. മെച്ചപ്പെട്ട വേതനം, മെച്ചപ്പെട്ട സൗകര്യങ്ങള്‍, ട്രേഡ് യൂണിയന് അംഗീകാരം ലഭിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് തൊഴിലാളികള്‍ പണിമുടക്കിന് ആഹ്വാനം ചെയ്തത്. കമ്പനിയിലെ 1800 തൊഴിലാളികളില്‍ 800 പേര്‍ ഒഴികെ ബാക്കി 1000 പേരും പണിമുടക്കിന്റെ ഭാഗമായിരുന്നു.

പ്ലാന്റിലെ ഒരു വിഭാഗം തൊഴിലാളികള്‍ ഒപ്പിട്ട മെമ്മോറാണ്ടം ഓഫ് എഗ്രിമെന്റ് അംഗീകരിക്കാന്‍ പണിമുടക്കുന്ന തൊഴിലാളികള്‍ നേരത്തെ തയ്യാറായിരുന്നില്ല. മെമ്മോറാണ്ടത്തില്‍ കമ്പനിക്ക് അനുകൂലമായ നിലപാടാണ് പ്രസ്തുത വിഭാഗം സ്വീകരിച്ചതെന്നായിരുന്നു സി.ഐ.ടി.യു നേതൃത്വം വ്യക്തമാക്കിയത്.

നിലവില്‍ ക്ഷേമ പദ്ധതികള്‍ ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ നടപ്പാക്കുമെന്ന് സാംസങ് ഉറപ്പ് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് സമരം അവസാനിപ്പിച്ചത്. സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ പ്രതികാര നടപടികള്‍ ഉണ്ടാകില്ലെന്നും സാംസങ് ഉറപ്പു നല്‍കിയിട്ടുണ്ട്. തൊഴിലാളി യൂണിയന് അംഗീകാരം നല്‍കണമെന്ന് സി.ഐ.ടി.യു ആവശ്യം ഉന്നയിച്ചതിന് പിന്നാലെയാണ് സമരം നീണ്ടുപോയത്.

നേരത്തെ ശ്രീപെരുമ്പത്തൂര്‍ സാംസങ് ഫാക്ടറിയില്‍ പണിമുടക്കിയ തൊഴിലാളികളെയും യൂണിയന്‍ നേതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 250 ഓളം തൊഴിലാളികളെയും സി.ഐ.ടി.യു നേതൃത്വത്തിലുള്ള സാംസങ് ഇന്ത്യ വര്‍ക്കേഴ്സ് യൂണിയന്‍ നേതാക്കളെയും പ്രവര്‍ത്തകരെയും കാഞ്ചീപുരം പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

സി.ഐ.ടി.യു ദേശീയ വൈസ് പ്രസിഡന്റ് എ. സൗന്ദരരാജന്‍, സംസ്ഥാന സെക്രട്ടറി എസ്.ഐ.ഡബ്ല്യൂ യൂണിയന്‍ പ്രസിഡന്റ് ഇ. മുത്തുകുമാര്‍ അടക്കമുള്ളവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സ്വകാര്യഭൂമിയിലാണെന്ന് കാണിച്ച് പ്രതിഷേധക്കാരുടെ സമര പന്തല്‍ പൊലീസ് പൊളിച്ചു നീക്കുകയുമുണ്ടായി.

സമരത്തില്‍ പങ്കെടുത്ത തൊഴിലാളികളില്‍ പത്ത് പേരെ പൊലീസ് രാത്രിസമയത്ത് വീട്ടില്‍ കയറി അറസ്റ്റ് ചെയ്തത് വലിയ വിവാദങ്ങള്‍ക്കും സംസ്ഥാനത്ത് ഇടയാക്കിയിരുന്നു.

Content Highlight: Finally, Samsung kneeled before the CITU& workers

Video Stories

We use cookies to give you the best possible experience. Learn more